ഇടുക്കി: മഹാപ്രളയത്തിൽ തകർന്ന മൂന്നാ‍ർ ഗവൺമെന്‍റ് കോളേജ് മാറ്റിസ്ഥാപിക്കാൻ ഒരു വർഷമായിട്ടും നടപടി എടുക്കാതെ സർക്കാർ. മൂന്നാർ എഞ്ചിനീയറിംഗ് കോളേജിലെ താത്കാലിക കെട്ടിടത്തിലാണ് നിലവിൽ ആർട്സ് കോളേജിന്‍റെ പ്രവർത്തനം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ കോളേജ് ഉടൻ പുതിയ സ്ഥലത്തേക്ക് മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

താത്കാലിക കെട്ടിടങ്ങളിൽ 450 വിദ്യാർത്ഥികൾ പഠനം തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ എല്ലാവിധ സൗകര്യവുമുള്ള കോളേജിലായിരുന്നു വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. എന്നാൽ ഒറ്റയുരുൾപൊട്ടൽ ഇവരുടെ സ്വപ്നങ്ങൾ തകർത്തു. മലവെള്ളപ്പാച്ചിലിൽ ക്ലാസ് മുറികളെല്ലാം ഒലിച്ച് പോവുകയും പഠനം മുടങ്ങുകയും ചെയ്തു.

പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൂന്നാർ എഞ്ചിനീയറിംഗ് കോളേജിലെ താത്കാലിക കെട്ടിടത്തിൽ പഠനം പുനരാരംഭിച്ചു. വിദ്യാർത്ഥികളെ ഉടൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്ന വാഗ്ദാനത്തിലായിരുന്നു പുനരധിവാസം.

ഉരുൾപൊട്ടലിൽ പുതുതായി നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടവും തകർന്നിരുന്നു. ഇത് നിമിത്തം നിർദ്ധനരായ വിദ്യാർത്ഥികൾ അധിക വാടക കൊടുത്ത് സ്വകാര്യ ഹോസ്റ്റലുകളിലാണ് ഒരു വർഷമായി താമസം. പ്രർത്തനം അവസാനിപ്പിച്ച മൂന്നാ‍ർ സ്പെഷ്യൽ ട്രൈബ്യൂണൽ കെട്ടിടം കോളേജിനായി വിട്ടുനൽകാമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും നടപടികൾ കടലാസിൽ ഒതുങ്ങി. കോളേജിനായി പുതിയ സ്ഥലവും ഇതുവരെ കണ്ടെത്തിയിട്ടില്ല. കോളേജ് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകായണെന്നും ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടും ആവർത്തിക്കുകയുമാണ് വിദ്യാഭ്യാസ വകുപ്പ്.