Asianet News MalayalamAsianet News Malayalam

വാടക കൊടുക്കാന്‍ കാശില്ല, ശമ്പളമില്ല: സംസ്ഥാനത്തെ പാരലല്‍ കോളേജ് മേഖല കടുത്ത പ്രതിസന്ധിയില്‍

കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടിയതോടെ സംസ്ഥാനത്തെ പാരലല്‍ കോളേജ് മേഖല കടുത്ത ആശങ്കയില്‍.
 

Parallel college sector in crisis in kerala
Author
Kerala, First Published Apr 17, 2020, 4:51 PM IST

കല്‍പ്പറ്റ: കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടിയതോടെ സംസ്ഥാനത്തെ പാരലല്‍ കോളേജ് മേഖല കടുത്ത ആശങ്കയില്‍. അധ്യാപകര്‍ക്കുള്ള ശമ്പളക്കുടിശ്ശികയും കെട്ടിട വാടകയുമടക്കമുള്ള ബാധ്യതകള്‍ എങ്ങനെ കൊടുത്തുതീര്‍ക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് മാനേജര്‍മാരായ അധ്യാപകര്‍. 

വിദ്യാര്‍ഥികളുടെ ഫീസ് അല്ലാതെ മറ്റൊരു തരത്തിലും വരുമാനം ലഭിക്കാന്‍ സാധ്യതയില്ലാത്ത മേഖല കൂടിയാണ് കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖല. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പാരലല്‍ കോളേജുകളും മാര്‍ച്ച് പകുതിയോടെ പൂട്ടിയിരുന്നു. ഇതോടെ ഫീസിനത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് കിട്ടാനുള്ള തുക ലഭിക്കാതെയായി. 

പല സ്ഥാപനങ്ങളുടെയും നിലനില്‍പ്പ് തന്നെ ആശങ്കയിലായിരിക്കുമ്പോഴാണ് കൊറോണയുടെ രൂപത്തില്‍ മറ്റൊരു പ്രഹരമെത്തിയത്. സംസ്ഥാനത്ത് ചെറുതും വലുതുമായി 700ല്‍ അധികം പാരലല്‍ കോളേജുകളുണ്ട്. ട്യൂഷന്‍ സെന്ററുകള്‍ വേറെയുമുണ്ട്. ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ്ടു പഠനത്തിനും നാലര ലക്ഷത്തിലധികം പേര്‍ ബിരുദ, ബിരുദാനന്ത പഠനത്തിനും ആശ്രയിക്കുന്നത് പാരലല്‍ കോളേജുകളെയാണ്. 

അധ്യാപക-അനധ്യാപകരായി 25000 ലധികം പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. മാത്രമല്ല സര്‍ക്കാരിന് ബാധ്യതയുണ്ടാക്കാതെയും അതേസമയം യൂണിവേഴ്സിറ്റികള്‍ക്കടക്കം ഫീസിനത്തില്‍ വലിയ വരുമാനം നല്‍കിയും ലക്ഷകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നത്. പഠിക്കാനെത്തുന്നവരില്‍ കൂടുതലും നിര്‍ധനരായ വിദ്യാര്‍ഥികളായിട്ടു പോലും സര്‍ക്കാരിന്റെ ഒരു വിധ സഹായങ്ങളും സമാന്തര വിദ്യാഭ്യാസ മേഖലക്ക് ലഭിക്കാറില്ല. 

ഫീസ്് കൃത്യമായി ലഭിക്കാത്ത കാരണം നിലവില്‍ ചുരുങ്ങിയത് മൂന്ന് മാസത്തെ വാടകക്കുടിശ്ശികയെങ്കിലും പല സ്ഥാപനങ്ങള്‍ക്കും ഉണ്ട്. ടൗണിലെ കെട്ടിടങ്ങളില്‍ ഒരു ലക്ഷം രൂപ വരെ വാടക നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്. പുതിയ അധ്യയനവര്‍ഷത്തില്‍ ജൂലായ് മാസത്തോടെ അഡ്മിഷന്‍ ആരംഭിക്കാുറുണ്ട്. എന്നാല്‍, ഇത്തവണ പ്ലസ്ടു, ബിരുദ പരീക്ഷകള്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പരീക്ഷകള്‍ കഴിഞ്ഞ് എപ്പോള്‍ ഫലം വരുമെന്ന് ഒരു നിശ്ചയവുമില്ല. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാല്‍ തന്നെ അടുത്ത ആഗസ്റ്റ് മാസമെങ്കിലുമാകും സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുട്ടികളെത്താന്‍. അതുവരെ ഒരു വരുമാനവുമില്ലാതെ എങ്ങനെ കെട്ടിടവാടക നല്‍കി പിടിച്ചുനില്‍ക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. 

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിട്ടാനുള്ള ഫീസ് ഈടാക്കുന്നത് എളുപ്പമായിരിക്കില്ല. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. ലോക്ഡൗണ്‍ നീട്ടിയതിനാല്‍ പരീക്ഷകള്‍ എന്ന് നടക്കുമെന്നറിയില്ല. ഈ സാഹചര്യത്തില്‍ പുതിയ അധ്യയനവര്‍ഷത്തെ പഠനം താളംതെറ്റുമെന്നുറപ്പാണ്. 

മാത്രമല്ല, ഏപ്രില്‍, മെയ് മാസങ്ങളിലാണ് അറ്റകുറ്റപ്പണിയും, പരസ്യങ്ങളുമടക്കമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും പാരല്‍കോളേജുകള്‍ നടത്തുന്നത്. സംസ്ഥാനത്തെ പാരലല്‍ കോളേജുകളിലെ അധ്യാപകര്‍ അടക്കമുള്ള ജീവനക്കാര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണെന്നും ഒരു തരത്തിലും സര്‍ക്കാര്‍ സഹായമെത്താത്ത മേഖലയാണെങ്കിലും ഈ കാലത്തെങ്കിലും ക്ഷേമനിധി അടക്കമുള്ള ആശ്വാസ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സ്റ്റേറ്റ് പാരല്‍ കോളേജ് അസേസിയേഷന്‍ പ്രസിഡന്റ് എ. പ്രഭാകരന്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios