കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മാലിന്യം നിക്ഷേപിക്കുന്നത് നിയന്ത്രിക്കാൻ ശുചിത്വ പരിപാടിയുമായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ. ദിവസേനയുള്ള ബോധവത്കരണ പരിപാടികളിലൂടെ കോഴിക്കോട് ബീച്ചിനെ മാലിന്യമുക്തമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

എൻഎസ്എസ്, എൻസിസി പരിസ്ഥിതി ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിൽ അംഗങ്ങളായിട്ടുള്ള 500ലധികം വിദ്യാർത്ഥികളാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. 'mcc brigade for a green neighbourhood' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി വിദ്യാർത്ഥികൾ കടൽത്തീരം വൃത്തിയാക്കി.

എല്ലാ ദിവസവും വിദ്യാർത്ഥികൾ ബീച്ചിലെത്തി സന്ദർശകരെ ബോധവത്കരിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ബോധവത്കരണം. കോഴിക്കോട് ബീച്ചിൽ വലിച്ചെറിയുന്ന മാലിന്യത്തിന്‍റെ അളവ് ദിവസേന കൂടുകയും പ്രളയത്തിന് ശേഷം കടൽതീരത്ത് 20 ടണ്ണോളം മാലിന്യം അടിഞ്ഞ് കൂടുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്.