കൊച്ചി: എറണാകുളം ലോ കോളേജിൽ സ്പോട്ട് അഡ്മിഷനെ ചൊല്ലി തർക്കം. അധികമായി അനുവദിച്ച 10 ശതമാനം സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന് മറ്റ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരിഗണിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

കഴിഞ്ഞ മാസം 24 നായിരുന്നു എറണാകുളം ലോകോളേജിൽ സ്പോട്ട് അഡ്മിഷൻ നടന്നത്. ഇതോടെ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ സ്വകാര്യ കോളേജുകളിൽ ചേരുകയും ചെയ്തു എന്നാൽ ഇപ്പോൾ പത്ത് ശതമാനം അധിക സീറ്റ് അനുവദിച്ച് ബാർ കൗൺസിൽ സർക്കുലർ ഇറക്കിയതോടെ കോളേജുകൾ വീണ്ടും സ്പോട്ട് അഡ്മിഷൻ നടത്തുകയാണ്.

നേരത്തെ പുറത്തിറക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷനായി എത്തിയെങ്കിലും മറ്റ് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചതിനാൽ ഇത്തവണ പ്രവേശനത്തിന് പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇതാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

എന്നാൽ പ്രവേശന പരീക്ഷ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ മറ്റ് കോളേജുകളിൽ പ്രവേശനം നേടിയവരെ സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കാൻ പാടില്ലെന്ന നിർദേശമുണ്ടെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.