തിരുവനന്തപുരം: 'ആക്ഷൻ ഹീറോ ബിജു'വിൽ മുടി കബൂറാകുമെന്ന് പറഞ്ഞ ആ ഫ്രീക്കനെ ഓർമയില്ലേ? കോൺസ്റ്റബിൽ മിനിമോൻ സാറിനെ തുമ്മിച്ച ആ ഫ്രീക്കൻ മുടിക്കാരനെ? അത് മാതിരിയൊരു ഫ്രീക്കനെ മുടി വെട്ടിച്ച കഥയാണിത്. സീനിൽ ലൊക്കേഷന് ഇത്തിരി മാറ്റമുണ്ട്. പൊലീസ് സ്റ്റേഷനല്ല, കോടതിയാണ്. സബ് ഇൻസ്പെക്ടർ ബിജു പൗലോസല്ല, അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജോസ് എൻ സിറിളാണ്. 

സിമന്‍റ് പണിയെടുത്ത് ജീവിക്കുന്ന, മുടിയുടെ ഷോ പൊയ്‍പ്പോവും എന്നതുകൊണ്ട് ഹെൽമറ്റ് വയ്ക്കാത്ത ഫ്രീക്കനോട് ഇല്ലാക്കസേരയിൽ ഒരു ദിവസം ചെലവ് കിഴിച്ച് പൈസയെത്ര കിട്ടുമെന്ന് കൂട്ടി നോക്കാനൊന്നും ജഡ്‍ജി പറഞ്ഞില്ല. പകരം നടന്നതിങ്ങനെ:

രാവിലെ 11.30 മണിയോടെ തുറന്ന കോടതിയിൽ ഓരോരോ കേസായി വിളിക്കവേയാണ് സംഭവം. പ്രതിയുടെ പേര് കുമാർ. ആള് ചില്ലറക്കാരനല്ല. കൊലക്കേസ് പ്രതിയാണ്. കൂട്ടിൽ കയറി നിന്ന കുമാറിന് തലയേക്കാൾ നീളത്തിലുണ്ട് മുടി! 

രൂപം കണ്ട് അന്തം വിട്ട കോടതി പ്രതിക്കൂട്ടിൽ നിന്നും പ്രതിയെ ഡയസിനരികിലേക്ക് വിളിച്ചു വരുത്തി. എന്നാണ് ജോലിയെന്ന് ചോദിച്ചപ്പോ മേസ്തിരിപ്പണിയാണെന്ന് പ്രതിയുടെ മറുപടി. ''എന്താടോയിത്? ഒരു നാലു കിലോ സിമൻ്റെങ്കിലും തൻ്റെ തലയിൽ കൊള്ളണ്ടേ?'', ജഡ്‍ജി ചോദിച്ചു. കേസ് പരിഗണിക്കുന്നത് തൽക്കാലം മാറ്റി വയ്ക്കുകയാണ്. ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരണം - കോടതി പറഞ്ഞു.

''കോടതിയെ പറ്റിക്കരുത്. കേസ് വീണ്ടും വിളിക്കും. അപ്പോഴേക്ക് മുടി വെട്ടിയിട്ട് വേണം കൂട്ടിൽ കയറി നിൽക്കാൻ'', ജഡ്‍ജി സ്വരം കടുപ്പിച്ചു. 

തലമുടി വെട്ടാൻ മടിച്ച പ്രതി കോടതിക്ക് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പിൽ അര മണിക്കൂറോളം കറങ്ങി നടന്നു. കോടതിയിൽ നിന്ന് കനിവുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി തലമുടി വെട്ടിയ ശേഷം കോടതിയിൽ വന്നു. മേലിൽ ഫ്രീക്കനായി കോടതിയിൽ വരരുതെന്ന താക്കീത് നൽകിയ ശേഷം കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടിൽ കയറ്റി നിർത്തുകയും കേസ് കേൾക്കുകയും ചെയ്തു.

ആക്ഷൻ ഹീറോ ബിജുവിലെ ആ സീൻ ഒരിക്കൽ കൂടി കാണണോ? സന്ദർശിക്കുക: ഹോട്ട് സ്റ്റാർ ലിങ്ക് ഇവിടെ