മേപ്പാടി: വയനാട് മേപ്പാടിയില്‍ ചെളിക്കുളത്തില്‍ വീണ കാട്ടാനകളെ കരയ്ക്ക് കയറ്റി. മേപ്പാടി കോട്ടനാട് ആനക്കാട് സുജാത എസ്റ്റേറ്റിനുള്ളിലെ കുളത്തിലാണ് 2 കാട്ടാനകള്‍ വീണത്. വെള്ളം തേടിയിറങ്ങിയ കാട്ടാനക്കൂട്ടത്തില്‍ നിന്നുള്ള ഒരു കൊമ്പനാനയും പിടിയാനയുമാണ് കുളത്തില്‍ വീണത്. ഇന്നു രാവിലെ കുളത്തിനടുത്തെത്തിയ നാട്ടുകാരാണ് ആനയെ കണ്ടെത്തിയത്. വനപാലകരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് കാട്ടാനകളെ പുറത്തെത്തിച്ചത്. ചെളി നിറഞ്ഞ കുളമായതിനാല്‍ കാട്ടാനകളെ കരയ്ക്ക് കയറ്റല്‍ ഏറെ ദുര്‍ഘടമായിരുന്നു. കുളത്തിന്റെ തിണ്ട് ജെസിബി ഉപയോഗിച്ചു ഇടിച്ചു വഴിയുണ്ടാക്കിയാണ് രണ്ട് ആനകളെയും കരയ്ക്ക് കയറ്റിയത്. കാട്ടാനശല്യം ഏറെ രൂക്ഷമായ സ്ഥലമാണ് ഇവിടം. അഞ്ച് മണിക്കൂറോളം കുളത്തില്‍ നിന്ന് കയറാന്‍ ശ്രമിച്ച കാട്ടാനകള്‍ക്ക് നേരിയ പരിക്കുകള്‍ ഏറ്റിട്ടുണ്ട്.