കോഴിക്കോട്: കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയില്‍ ഒരുകോടി സമ്മാനം നേടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ബംഗാൾ ഉത്തർ ദിനജ്പുർ പഞ്ചബയ്യ സ്വദേശി തജ്മുൽ ഹഖ് എന്ന 34 വയസുകാരനാണ് നല്ലളം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്.

കഴി‍ഞ്ഞ ദിവസം വട്ടക്കിണറിൽ നിന്ന് ഇദ്ദേഹം വാങ്ങിയ കാരുണ്യയുടെ കെആർ 431 സീരിസിലെ കെഒ 828847 നമ്പർ ടിക്കറ്റിനാണു ഒന്നാം സമ്മാനം. നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടൻ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ കെ.രഘുകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തി. പിന്നീട് എസ്ഐ യു.സനീഷും സംഘവും തജ്മുൽ ഹഖിനെയും കൂട്ടി സിൻ‍‍ഡിക്കേറ്റ് ബാങ്ക് മാവൂർ റോഡ് ശാഖയിൽ എത്തി സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏൽപിച്ചു.

 10 വർഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുൽ ഹഖ് കെട്ടിട നിർമാണ തൊഴിലാളിയാണ്. ഏറെക്കാലമായി ലോട്ടറി വാങ്ങൽ പതിവാക്കിയ ഇദ്ദേഹം, ചില ദിവസം 100 രൂപ വരെ ലോട്ടറി എടുക്കുമായിരുന്നു. ഹഖ് സമ്മാനം ലഭിച്ച വിവരം നാട്ടിലെ കുടുംബത്തെ അറിയിച്ചു സന്തോഷം പങ്കിട്ടു.