പതിവുപോലെ തന്റെ തടിമില്ലിന് അടുത്തുള്ള ചായക്കടയിൽ എത്തിയപ്പോഴാണ് രത്നാകരൻ പിള്ളക്ക് ഒരു ലോട്ടറി എടുത്താല്‍ കൊള്ളാമെന്ന് തോന്നിയത്.  അതുവരെയുള്ള തന്‍റെ ജീവിതത്തില്‍ എടുത്ത മൂന്നാമത്തെ ടിക്കറ്റ്. ഒന്നിലും രണ്ടിലും പിഴച്ചപ്പോള്‍ മൂന്നാമത്തെ ക്രിസ്മസ് ബമ്പര്‍  രത്നാകരനെ തുണച്ചു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് -പുതുവത്സര ബമ്പറിന്‍റെ 6 കോടി സമ്മാനം  ഈ കിളിമാനൂർ സ്വദേശിയെ തേടി എത്തുന്നത്. എങ്ങനെയാണ് തനിക്ക് ഭാ​​ഗ്യം കൈവന്നതെന്നും പിന്നീടുള്ള ജീവിതത്തെ പറ്റിയും രത്നാകരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ് തുറക്കുന്നു.

കീഴ്പേരൂർ സ്വദേശിയായ രത്നാകരൻ ന​ഗരൂർ പഞ്ചായത്തിലെ മുൻ അംഗം കൂടിയാണ്. ആറ് കോടി ഒന്നാം സമ്മാനത്തില്‍ നിന്ന് മൂന്നുകോടി എൺപത്തി ഏഴ് ലക്ഷം രൂപയാണ് രത്നാകരന് ലഭിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി തടിമിൽ നടത്തിവരികയാണ് രത്നാകരൻ. 

നറുക്കെടുപ്പ് നടന്നതിന്റെ പിറ്റേദിവസം വൈകുന്നേരം നാല് മണിക്കാണ് ഭാ​ഗ്യം തുണച്ചത് തനിക്കാണെന്ന് രത്നാകരൻ അറിയുന്നത്. "അന്ന് വീട്ടിൽ കുറച്ച് പണിക്കാരുണ്ടായിരുന്നു. അവരോട് ചോദിച്ചപ്പോൾ വെറെ എവിടെയോ ആണ് നറുക്ക് വീണതെന്ന് പറഞ്ഞു. അപ്പോഴും എന്റെ പോക്കറ്റിൽ ഈ ടിക്കറ്റുണ്ടായിരുന്നു," രത്നാകരൻ പറഞ്ഞു. 

വൈകുന്നേരം നാല് മണിക്ക് വീട്ടുകാർക്കൊപ്പം ചായകുടിക്കുമ്പോൾ ഭാര്യ ബേബിയാണ് ടിക്കറ്റ് നോക്കാൻ പറഞ്ഞത്. ലോട്ടറി നോക്കിയപ്പോൾ കിലുക്കത്തിലെ 'കിട്ടുണ്ണി'യുടെ അവസ്ഥയായിരുന്നു തനിക്കെന്ന് രത്നാകരൻ പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ല. നിരവധി തവണ നമ്പറുകൾ ഒത്തുനോക്കിയാണ് ഭാ​ഗ്യം തുണച്ചെന്ന് ഉറപ്പുവരുത്തിയത്.

കോടിപതി ആയെങ്കിലും മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും രത്നാകരൻ ജീവിക്കുന്നത്. "നാല്പത് വർഷം മുമ്പ് വച്ച ഒരു ഓടിട്ട വീടുണ്ട് എനിക്ക്. ആ വീട്ടിൽ തന്നെയാണ് ഞാനും കുടുംബവും ഇപ്പോഴും താമസിക്കുന്നത്. അതെന്റെ മരണം വരെയും അങ്ങനെ തന്നെ ആയിരിക്കും. ലോട്ടറി അടിച്ചതിൽ ഒരു പങ്ക് എൽഎസിയുടെ പെൻഷൻ പദ്ധതിയിലിട്ടു. അതുതന്നെയാണ് എനിക്ക് വേണ്ടി ചെയ്തത്. ബാക്കി തുക പാവപ്പെട്ടവർക്കും, രോ​ഗികൾക്കും, പാവപ്പെട്ട കുട്ടികളുടെ വിവാഹങ്ങൾക്കും കൊടുത്തു"-രത്നാകരൻ പിള്ള പറയുന്നു.

നിർദ്ധനരായ ഇരുപത് പേരുടെ കല്യാണത്തിന് 50,000രൂപ വച്ച് രത്നാകരൻ കൊടുത്തിട്ടുണ്ട്. നിലവിൽ ഏഴ് പേർക്ക് മൂന്നുസെന്റ് സ്ഥലം വീതം ഭൂമി വാങ്ങിനൽകിയിട്ടുമുണ്ട്. ഇതിനിടയിൽ മറ്റൊരു സമ്മാനവും രത്നാകരനെ തേടി എത്തിയിരുന്നു. മറ്റൊന്നുമല്ല ഒരു കുടം നിധി. സമീപത്തെ ക്ഷേത്രത്തിനടുത്ത് രത്നാകരന് ഇരുപത്തി നാല് സെന്റ് വസ്തു ഉണ്ടായിരുന്നു.1885 മുതലുള്ള നാണയങ്ങളടങ്ങിയ കുടമാണ് ഇവിടെ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. അതിൽ ആകെ 26000 നാണയങ്ങൾ ഉണ്ടായിരുന്നുവെന്ന് രത്നാകരൻ പറയുന്നു. പിന്നീട് ഈ കുടം സർക്കാരിനെ ഏല്പിച്ചുവെന്നും പാരിതേഷികം നൽകാമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടീശ്വരനായെങ്കിലും ഇപ്പോഴും വല്ലപ്പോഴുമൊക്കെ ലോട്ടറി എടുക്കാറുണ്ട് രത്നാകരൻ. ഭാര്യ ബേബിയും അഞ്ച് മക്കളും അടങ്ങുന്നതാണ് രത്നാകരന്റെ കുടുംബം. മക്കൾ എല്ലാവരും വിവാഹിതരാണ്. മില്ലിലെ കാര്യങ്ങളും ചെറിയ രീതിയിലുള്ള പൊതുപ്രവർത്തനങ്ങളും ഒക്കെയായി മുന്നോട്ട് പോകുകയാണ് രത്നാകരൻ.