സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷത്തിനിടെ ഒരു വനിതാ കളക്ടര്‍ പോലും ഇല്ലാതിരുന്ന സ്ഥലമാണ് രാജസ്ഥാനിലെ ഝുംഝുനു ജില്ല. 2010- ലാണ് ഝുംഝുനുവിലേക്ക് കളക്ടറായി മുഗ്ധ സിന്‍ഹ എത്തുന്നത്. 1999 -ബാച്ചിലെ ഐ എ എസ്സ് ഓഫീസറായിരുന്നു മുഗ്ധ. വളരെ ചെറിയ ജില്ലയായിരിക്കും അതിനാല്‍ തന്നെ ജോലി എളുപ്പമായിരിക്കും എന്ന ധാരണയായിരുന്നു മുഗ്ധയ്ക്ക്. എന്നാല്‍, വെറും ആറ് മാസത്തിനുള്ളില്‍ തന്നെ ഒട്ടും എളുപ്പമായിരിക്കില്ല തന്‍റെ ജോലിയെന്ന് മുഗ്ധയ്ക്ക് മനസിലായി. 

അതിനിടെയാണ് ഒരു അനധികൃത ഖനനം നടക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരിക്കുന്നത്. കേസിനിടയ്ക്ക് ഒരാളും ഇതിന്‍റെ ഉടമസ്ഥാവകാശം പറഞ്ഞ് മുന്നോട്ട് വരാനോ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ തയ്യാറായില്ല. സര്‍ക്കാര്‍ അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി. പക്ഷെ, 2010 -ല്‍ തന്നെ മുഗ്ധ ഖനനം നിര്‍ത്തലാക്കി ഉത്തരവിറക്കി.

ആരവല്ലി റേഞ്ചില്‍ നടക്കുന്ന അനധികൃത ഖനനവും ലോഡുമായി പോകുന്ന ട്രക്കുകളും ഝുംഝുനു ജില്ലയിലേക്ക് സ്ഥലം മാറിയെത്തുന്നതിന് മുമ്പ് മുഗ്ധ തടഞ്ഞിരുന്നു. മണല്‍, മദ്യ മാഫിയ, അനധികൃത റോഡ് നിര്‍മ്മാണം, ഗാസ് സിലിണ്ടറുകളുടെ കരിഞ്ചന്ത വില്‍പന തുടങ്ങിയവയ്ക്കെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ച കളക്ടറായിരുന്നു മുഗ്ധ. അതിന്‍റെ പേരില്‍ പലപ്പോഴും ലോക്കല്‍ നേതാക്കളോട് ഉരസേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ടാകാം വെറും 15 വര്‍ഷത്തിനുള്ളില്‍ മുഗ്ധ സിന്‍ഹ സ്ഥലംമാറ്റപ്പെട്ടത് 13 തവണയാണ്.

സിവില്‍ സര്‍വീസിലേക്ക്

ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ പൈലറ്റായിരുന്ന സ്ക്വാര്‍ഡന്‍ ലീഡര്‍ ഗുര്‍ സ്വരൂപ് സിന്‍ഹയായിരുന്നു മുഗ്ധയുടെ പിതാവ്. ഇന്തോ-ചൈന യുദ്ധത്തിലും 1971 -ലെ ഇന്തോ-പാക് യുദ്ധത്തിലും ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ഒരാള്‍. 1975 -ല്‍ പ്രസിഡണ്ട് അദ്ദേഹത്തെ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. 1978 നവംബര്‍ 19 -ന് ലഡാക്കില്‍ നടന്ന എയര്‍ ക്രാഷില്‍ അദ്ദേഹം മരണമട‍ഞ്ഞു. അന്ന്, മുഗ്ധയ്ക്ക് വെറും നാല് വയസ്സായിരുന്നു പ്രായം. 

പിന്നീട്, മുഗ്ധയേയും രണ്ട് സഹോദരിമാരേയും അമ്മ കമല സിന്‍ഹയാണ് വളര്‍ത്തിയത്. അവരെ അവരുടെ സ്വപ്നങ്ങളിലേക്ക് നടക്കാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചു. ''അഞ്ചാം ക്ലാസിലെത്തുമ്പോഴേക്കും സിവില്‍ സെര്‍വന്‍റായി തീരണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു, സിവില്‍ സര്‍വന്‍റായിത്തീരാന്‍‍ ഞാന്‍ സ്വയം പരുവപ്പെട്ടിരുന്നു, അതായിരുന്നു എന്‍റെ അമ്മ എന്നില്‍ കണ്ട സ്വപ്നവും. അച്ഛനെ നഷ്ടപ്പെട്ടത് അത്രവേഗം മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം രാജ്യത്തിനു വേണ്ടി ചെയ്തതോര്‍ത്ത് ഞങ്ങള്‍ അഭിമാനിച്ചിരുന്നു.'' മുഗ്ധ പറയുന്നു. 

റാങ്കോടെ ചരിത്രത്തില്‍ ബിരുദവും, ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തരബിരുദവും നേടി മുഗ്ധ. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ചേരാനായിരുന്നു അവളുടെ ആഗ്രഹം, അതായിരുന്നു ലക്ഷ്യവും. അമ്മയാണ്, അവളെ ഐ എ എസ്സ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. 1998 -ല്‍, രണ്ടാമത്തെ ശ്രമത്തില്‍ അവള്‍ ഐ എ എസ്സ് ക്ലിയര്‍ ചെയ്തു. 

ആദ്യമായി സ്വതന്ത്രമായി ചാര്‍ജ്ജ് എടുക്കുന്നത് അജ്മീറില്‍ സബ് ഡിവിഷണല്‍ ഓഫീസറായിട്ടാണ്. എ ഡി എം1 (അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്) നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഓഫീസറും മുഗ്ധയായിരുന്നു. രണ്ട് വര്‍ഷത്തോളം സി എമ്മിന്‍റെ ഓഫീസിലും പ്രവര്‍ത്തിച്ചു. 2005 -ലാണ് ആദ്യമായി കളക്ടറായി ചാര്‍ജ്ജ് എടുക്കുന്നത്. ഹനുമന്‍ഗാര്‍ഹ്, ഝുംഝുനു, ഗംഗാനഗര്‍ ഇവയെല്ലാം മുഗ്ധയുടെ അധികാര പരിധിയില്‍ പെടുമായിരുന്നു. 

ഇവിടെ ഒരു പ്രത്യേക ജാതിയില്‍ പെട്ട ജനങ്ങള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവരാല്‍ പീഡനമനുഭവിക്കുന്നുണ്ടായിരുന്നു. മുഗ്ധ അതിനൊരു മാറ്റം വരുത്താന്‍ ശ്രമിച്ച ഓഫീസറായിരുന്നു. എല്ലാ രാത്രിയിലുമെന്ന പോലെ മുഗ്ധയെത്തേടി ഫോണ്‍ വിളികളെത്തി, 'മാഡം രക്ഷിക്കണം. അവരെന്നെ കൊല്ലും, എന്‍റെ ഭൂമി കയ്യടക്കും' എന്നിങ്ങനെയുള്ള അപേക്ഷകളായിരുന്നു അതില്‍ മുഴുവന്‍. 

മുഗ്ധയ്ക്ക് മുമ്പ് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും തന്നെ ആ ജനങ്ങളുടെ പ്രശ്നത്തിലിടപെട്ടിരുന്നില്ല. മാത്രവുമല്ല, ഭരിച്ചിരുന്നതെപ്പോഴും ഉയര്‍ന്ന ജാതിക്കാരായിരുന്നു. പക്ഷെ, ഈ ഫോണ്‍കോളുകള്‍ അവഗണിക്കാനാവുമായിരുന്നില്ല മുഗ്ധയ്ക്ക്. ഫോണ്‍ വന്നാലുടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഗ്ധ അവിടേക്ക് പറഞ്ഞുവിട്ടു. അവര്‍ സംഭവസ്ഥലത്തെത്തുകയും വിവരങ്ങള്‍ അപ്പപ്പോള്‍ മുഗ്ധയെ അറിയിക്കുകയും ചെയ്തു. മാത്രമല്ല, പരിഹാരം കണ്ടിട്ടു മാത്രമേ അവര്‍ പിന്‍വാങ്ങുമായിരുന്നുള്ളൂ. 

സാധാരണ മനുഷ്യരുമായി സംസാരിക്കാനായി മിക്കപ്പോഴും മുഗ്ധ പുറത്ത് തന്നെ സമയം ചെലവഴിച്ചു. പലപ്പോഴും സാധാരണക്കാരായ ജനങ്ങള്‍ക്ക് കളക്ടറിലെത്താന്‍ ബുദ്ധിമുട്ടായിരുന്നു. കളക്ടറുടെ ഓഫീസിന് മുന്നില്‍ നീണ്ട വരികള്‍ നിര്‍ത്തിക്കുന്നതിന് പകരം മുഗ്ധ അവര്‍ക്കിടയിലേക്ക് പോയി. അവസാനത്തെ മനുഷ്യന്‍റെ പ്രശ്നവും കേട്ടിട്ടേ അവര്‍ മടങ്ങിയുള്ളൂ. 

അനധികൃതമായി കുഴല്‍ക്കിണര്‍ കുഴിക്കുക, ഖനനം നടത്തുക തുടങ്ങിയവയെല്ലാം വളരെ സാധാരണമായി നടക്കുന്ന ജില്ലയായിരുന്നു അത്. അങ്ങനെയാണ് 2010- ല്‍ മുഗ്ധ അനധികൃത ഖനനം അവസാനിപ്പിക്കുന്നത്. മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ട അതേ ഖനനസ്ഥലം. പക്ഷെ, ഖനനം നിര്‍ത്തലാക്കിയതോടെ മുഗ്ധയ്ക്ക് നിരവധി കോളുകളെത്തിത്തുടങ്ങി. ഖനനം പുനരാരംഭിക്കാന്‍ അനുമതി തേടിക്കൊണ്ടായിരുന്നു അത്. അവര്‍ക്ക് പേപ്പറുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ, അഴിമതിയില്‍ പങ്കാളികളായിരുന്നു. ഇതുപോലെയുള്ള പല അഴിമതികളും പൂട്ടിച്ചതോടെ എല്ലാക്കാര്യത്തിലും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനും, ആവശ്യപ്പെടാനും, സൂക്ഷിക്കാനും തുടങ്ങി മുഗ്ധ.

എന്നാല്‍, ഇത് പലരേയും ചൊടിപ്പിച്ചു. പല ഉദ്യോഗസ്ഥരും സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തതോടെ ഇത് വര്‍ധിച്ചു. അങ്ങനെ, ആദ്യമായി ജനങ്ങള്‍ക്ക് അവര്‍ പറയുന്നത് മാത്രം കേള്‍ക്കുന്ന ഒരു ഉദ്യോഗസ്ഥയെ കിട്ടി. മുഗ്ധയ്ക്ക് ആറ് മാസത്തിനുശേഷം സ്ഥലംമാറ്റമായപ്പോള്‍ അതിനെതിരെ ജനങ്ങള്‍ തന്നെ സംഘടിച്ചു. ജില്ലാ വ്യാപകമായി പ്രതിഷേധം നടന്നു. അവര്‍ തെരുവില്‍ തടിച്ചു കൂടി. കടകളടപ്പിച്ചു. രാഷ്ട്രീയക്കാരും വക്കീലന്മാരും അടക്കം നിരവധി പേര്‍ സ്ഥലംമാറ്റ നടപടിയെ അപലപിച്ചു. 

''അതൊരു തെളിവായിരുന്നു. നല്ല കാര്യങ്ങള്‍ ചെയ്താല്‍, നിങ്ങള്‍ തിരിച്ചറിയപ്പെടുമെന്നതിന്. എനിക്ക് ആ ജനങ്ങളോട് വളരെ നന്ദിയുണ്ട്. സ്ഥലംമാറ്റം ഒരു ബ്യൂറോക്രാറ്റിക് ജോലിയുടെ ഭാഗമാണ്. അത് നമുക്ക് ഒഴിവാക്കാനാകില്ല.'' മുഗ്ധ പറയുന്നു. 

''നാല് തരം ഉദ്യോഗസ്ഥരുണ്ട്. ഒന്ന്, സത്യസന്ധതയും കഴിവും ഉള്ളവര്‍. രണ്ട്, സത്യസന്ധതയുണ്ടാകും പക്ഷെ, കഴിവുണ്ടാകില്ല. മൂന്ന്, സത്യസന്ധതയുണ്ടാകില്ല, പക്ഷെ കഴിവുണ്ടാകും. അവസാനത്തേത് സത്യസന്ധതയോ കഴിവോ ഇല്ലാത്തവര്‍. ഇതില്‍ സത്യസന്ധതയും കഴിവും ഉള്ളവരാണ് വേണ്ടത്. കഴിവ് പരിശീലനത്തിലൂടെ നേടിയെടുക്കാം. പക്ഷെ, സത്യസന്ധത നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ടാകേണ്ടതാണ്. നമ്മുടെ ഭാഗമാണ്. അത് പഠിപ്പിച്ചെടുക്കാനാകില്ല. ജനങ്ങളുടെ പ്രശ്നങ്ങളിലാണ് ഇടപെടേണ്ടത്. കാരണം, അതിനുള്ള ശമ്പളവും ആനുകൂല്യവുമാണ് നമുക്ക് ലഭിക്കുന്നത്. ഇതൊരു ജോലിയല്ല. സേവനം കൂടിയാണ്. ഒരു സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് അതിനുള്ള പ്രതിഫലം കിട്ടും. അതെപ്പോഴായാലും. അതുമാത്രമേ മനുഷ്യരുടെ മനസ്സിലെപ്പോഴുമുണ്ടാകൂ'' എന്നും മുഗ്ധ പറയുന്നു. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)