Asianet News MalayalamAsianet News Malayalam

ഇവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയായിരുന്നു സൗദിയിലെ ആദ്യ കൊവിഡ് രോഗി

'കൊറോണക്കാലം: ലോകമെങ്ങുമുള്ള മലയാളികളുടെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു. സൗദി അറേബ്യയില്‍നിന്ന് സമീര്‍ ചെങ്ങമ്പള്ളി  എഴുതുന്നു

 

corona days saudi arabia experiences by Sameer Chengampally
Author
Thiruvananthapuram, First Published Mar 30, 2020, 5:34 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

corona days saudi arabia experiences by Sameer Chengampally

 

ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെ, കിഴക്കന്‍ പ്രവിശ്യയായ ഖതീഫിലായിരുന്നു സൗദിയില്‍ ആദ്യ കൊവിഡ് -9 രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഓഫീസില്‍ നിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഖതീഫിന്റെ അതിര്‍ത്തിയായി.

വിവരം പുറത്തുവന്നതോടെ ഖതീഫ് നഗരത്തെ പൂര്‍ണ്ണമായി ഒറ്റപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഇവിടേക്കുള്ള എല്ലാ കവാടങ്ങളും അടച്ചതായി മൊബൈല്‍ ഫോണില്‍ മെസേജുകള്‍ വന്നു. ഇതുകൂടി കേട്ടതോടെ, കുറേ ദിവസങ്ങളായി മനസ്സില്‍ ഉരുണ്ടുകൂടിയ കൊറോണപ്പേടി കൂടി. ചൈനയും ഇറ്റലിയും ഇറാനുമെല്ലാം തീര്‍ത്ത ഭീതിയുടെ ദിനങ്ങള്‍ അടുത്തടുത്തു വരികയാണോ? നഗരവാസികളെല്ലാം അല്‍പ്പമൊന്ന് പരിഭ്രാന്തരായതുപോലെ തോന്നി.എല്ലാവരും മാസ്‌കുകള്‍ ധരിച്ചു മാത്രം പുറത്തിറങ്ങാന്‍ തുടങ്ങി.

ഒരു മാസ്‌കിന് ഒരു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും ഒരു മാസ്‌കിന്റെ പരമാവധി ആയുസ് ആറ് മണിക്കൂര്‍ മാത്രമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിച്ചു. എന്നാല്‍, കുറച്ചധികം മാസ്‌കുകള്‍ വാങ്ങിയേക്കാം എന്നുകരുതി ഞാന്‍ കടയില്‍ ചെന്നു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മാസ്‌കുകള്‍ തരാന്‍ നിര്‍വ്വാഹമില്ലെന്നും രാജ്യം മുഴുവന്‍ മാസ്‌കിന്റെ ക്ഷാമമാണെന്നും കടക്കാരന്‍ പറഞ്ഞു.

ആലോചിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് തന്നെയാണ് ശരിയെന്ന് എനിക്ക് തോന്നി, ഇത്തരം സമയങ്ങളില്‍ ആണ് മിതത്വം പാലിക്കേണ്ടതും  മറ്റുള്ളവരെക്കൂടി പരിഗണിക്കേണ്ടതും. പിന്നെ തിരക്കുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാത്രം മാസ്‌ക് ധരിക്കാന്‍ തുടങ്ങി.

മാര്‍ച്ച് മാസം ആദ്യത്തോട് കൂടി കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടെ നഗരത്തില്‍ തിരക്ക് കുറയാന്‍ തുടങ്ങി. മിനുട്ടില്‍ നൂറുകണക്കിന് വാഹനങ്ങള്‍ ചീറി പറഞ്ഞിരുന്ന റോഡുകളെല്ലാം ശൂന്യമായി, ഓഫീസുകളിലെല്ലാം ഹാജര്‍ നില കുറയാന്‍ തുടങ്ങി.

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു ടിഷ്യൂ പേപ്പര്‍ കയ്യില്‍ കരുതും, ലിഫ്റ്റില്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോഴും ഫ്‌ളാറ്റിന്റെ വാതില്‍ തുറക്കുമ്പോഴുമെല്ലാം അതൊരു പ്രൊട്ടക്ഷനായി ഉപയോഗിക്കും. പുറത്തെത്തിയാല്‍ അത് വേസ്റ്റ് ബാസ്‌കറ്റില്‍ നിക്ഷേപിക്കും.

ഓഫീസ് ബില്‍ഡിംഗില്‍ എത്തിയാല്‍ പിന്നെ മറ്റൊരു ടിഷ്യൂ പേപ്പറെടുക്കും, ഇതേ സംഗതി ആവര്‍ത്തിക്കും. ഓഫീസില്‍ എത്തിയാല്‍ ഉടനെ കൈയും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രമേ മറ്റു പരിപാടികളിലേക്ക് കടന്നിരുന്നുള്ളൂ.

അറിയാതെ ആരുടെയെങ്കിലും ദേഹത്ത് മുട്ടിയാലോ അടുത്ത് നിന്നാലോ  മനസ്സാകെ അസ്വസ്ഥമാകും, സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിച്ചതിന് ശേഷം ബാക്കി പൈസ കടക്കാരനില്‍ നിന്നും വാങ്ങിക്കുമ്പോള്‍ പോലും പേടിയാണ്.

നമ്മുടെ ഓരോ ചലനങ്ങളിലും സൂക്ഷ്മത പുലര്‍ത്തേണ്ടി വരിക, പേടിയോടെയും ആശങ്കയോടെയും  മാത്രം മറ്റുള്ളവരെ സമീപിക്കേണ്ടി വരിക, ഈ അവസ്ഥയെ ഭയാനകമെന്നേ വിളിക്കാന്‍ സാധിക്കൂ.

വെള്ളിയാഴ്ച ദിവസം സാധനങ്ങള്‍ വാങ്ങിക്കാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാലോ,  ഒരു  മീറ്റര്‍ അകലത്തില്‍ ക്യൂ പാലിച്ചു നില്‍ക്കണം, സെക്യൂരിറ്റി നമ്മുടെ ശരീരതാപനില പരിശോധിച്ചതിന് ശേഷം കയ്യില്‍ സ്‌റ്റെറിലൈസര്‍ ഒഴിക്കും, പിന്നെ ഒരു ഗ്ലൗസു തരും, കൂടുതല്‍ സമയം മാര്‍ക്കറ്റിനുള്ളില്‍ ചിലവഴിക്കരുതെന്ന് പ്രത്യേക മുന്നറിയിപ്പും ഉണ്ടാകും. അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടി സമയവും പണവും പാഴാക്കാതെ അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങിക്കൂട്ടി അവിടെ നിന്ന് തടിതപ്പാനേ ആരും അപ്പോള്‍  ശ്രമിക്കൂ.

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ അധികൃതര്‍ അവര്‍ക്കാവുന്നതെല്ലാം തടയാന്‍ ശ്രമിക്കുന്നുണ്ട്, അതിന്റെ ഭാഗമായാണ് ഭാഗിക കര്‍ഫ്യു പ്രഖ്യാപനം. രാത്രി ഏഴ് മണി മുതല്‍ പിറ്റേന്ന് രാവിലെ ആറുമണിവരെ ആരും പുറത്തേക്കിറങ്ങരുത്. ആരെങ്കിലും അനാവശ്യമായി പുറത്ത് കറങ്ങുന്നത് കണ്ടാല്‍ പതിനായിരം റിയാല്‍ ആണ് പിഴ.അതുകൊണ്ടിപ്പോള്‍ രാത്രി ആയാല്‍ ഒരു വാഹനവും പുറത്ത് കാണാറില്ല....

റൂമില്‍ നിന്നും താഴത്തേക്ക് നോക്കിയാല്‍ പേടി തോന്നും വിധം കാലിയാണ് റോഡുകള്‍, ഇടക്കിടക്ക് പോലീസ് ജീപ്പുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് റോന്തു ചുറ്റുന്നത് കാണാം.

ചൈനയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏതോ ഒരു മനുഷ്യനില്‍ ആദ്യമായി കയറിക്കൂടിയ ഒരു വൈറസ് അല്ലേ ഇന്നീ കാണും വിധം ലോകം മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്നതെന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

ചന്ദ്രന്‍ വരെ പറന്നെത്തിയ മനുഷ്യവംശം ഈ വൈറസിന് മുന്‍പില്‍ നിസ്സഹായതയോടെ കൈമലര്‍ത്തുന്നത് കാണുമ്പോള്‍ നമ്മള്‍ ഇനിയും മുന്നേറാന്‍ ഏറെയുണ്ടെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.

 

കൊറോണക്കാലം കുറിപ്പുകള്‍:

സീനാ ശ്രീവല്‍സന്‍: ഒന്നുശ്രമിച്ചാല്‍ സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം

റഫീസ് മാറഞ്ചേരി: വൈറസിനെ മൈക്രോസ്‌കോപ്പിലെങ്കിലും  കാണാം; പ്രവാസിയുടെ ആധികളോ?

കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ...

Read more at: https://www.asianetnews.com/magazine/column/corona-days-at-karippur-international-airport-by-dr-hasnath-saibin-q7yej7
കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ...

Read more at: https://www.asianetnews.com/magazine/column/corona-days-at-karippur-international-airport-by-dr-hasnath-saibin-q7yej7

ഡോ. ഹസ്‌നത്ത് സൈബിന്‍: കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ

 

Follow Us:
Download App:
  • android
  • ios