Asianet News MalayalamAsianet News Malayalam

പച്ചനുണകള്‍ ചുട്ടെടുക്കുന്ന വിധം; നാമത് വിശ്വസിക്കുന്ന വിധവും!

ബിഹേവിയറല്‍ സൈക്കോളജിസ്റ്റ് ആയ ഡോ. റോബിന്‍ കെ മാത്യു എഴുതുന്നു

Dr Robin K Mathew on fake campaigns on social media
Author
Thiruvananthapuram, First Published Sep 19, 2019, 4:14 PM IST
  • Facebook
  • Twitter
  • Whatsapp

അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയോ, അനേകം ഫോളോവേര്‍സ് ഉള്ള ഒരു ഫേസ്ബുക്ക് സെലിബ്രറ്റി പോലും, ഇപ്രകാരം ചില കാര്യങ്ങള്‍ ഒരു ചരിത്ര സത്യം പോലെ പറയുമ്പോള്‍ കേരളം ഒഴിച്ചുള്ള ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ആളുകളും ഇത് വിശ്വസിക്കും, ആഘോഷിക്കും.

Dr Robin K Mathew on fake campaigns on social media

'ലോകപ്രസിദ്ധ ചരിത്രകാരി പ്രൊഫ റോമില ഥാപ്പര്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കനുമായി നടത്തിയ അഭിമുഖത്തില്‍, ഗാന്ധിജിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ ഉണ്ട്. ഗാന്ധിജിക്ക് ജോര്‍ജ് വാഷിങ്ടന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. അവര്‍ ഇംഗ്ലണ്ടില്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. എന്നാല്‍ റോമിലാ ഥാപ്പര്‍ ഈ വിവരം പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മുഹമ്മദലി ജിന്ന നേരിട്ട് ഇടപെട്ട് തടയുകയായിരുന്നു എന്ന് പിന്നീട് രാമചന്ദ്രഗുഹ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.'

ഇത് വായിച്ചവരില്‍, മേല്‍പ്പറഞ്ഞ വാചകങ്ങള്‍ സത്യമാണെന്ന് വിശ്വസിച്ചവര്‍ എത്രപേരുണ്ട്? ഇത് കേരളമാണ്, പക്ഷേ ഏറ്റവും കുറഞ്ഞത് 10 ശതമാനം ആളുകളെങ്കിലും ഇത് ശരിയാണെന്ന് വിശ്വസിച്ചിട്ടുണ്ടാകും.

എബ്രഹാം ലിങ്കണ്‍ മരിച്ച ശേഷമാണ് ഗാന്ധിജിയും റോമിലാ ഥാപ്പറും ജനിക്കുന്നത്. എന്തിന് ജോര്‍ജ് വാഷിങ്ടണ്‍ മരിച്ച ശേഷമാണ് ലിങ്കണ്‍ പോലും ജനിക്കുന്നത്. പക്ഷേ എന്നെ പോലെയൊരു നിസ്സാരന്‍ പോലും ഇത് എഴുതുമ്പോള്‍ പലരും അത് സത്യമാണെന്ന് വിശ്വസിച്ചു പോകും.

അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയോ, അനേകം ഫോളോവേര്‍സ് ഉള്ള ഒരു ഫേസ്ബുക്ക് സെലിബ്രറ്റി പോലും, ഇപ്രകാരം ചില കാര്യങ്ങള്‍ ഒരു ചരിത്ര സത്യം പോലെ പറയുമ്പോള്‍ കേരളം ഒഴിച്ചുള്ള ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ആളുകളും ഇത് വിശ്വസിക്കും, ആഘോഷിക്കും.

നാസി ജര്‍മനിയുടെ മുഖ്യ പ്രചാരകനായ ജോസഫ് ഗീബല്‍സ് പറയുന്നതുപോലെ ഒരു നുണ കൂടുതല്‍ ആളുകള്‍ വിശ്വസിക്കണമെന്ന് ഉണ്ടെങ്കില്‍ വളരെ വലിയൊരു നുണ പറയുകയും അത് ആവര്‍ത്തിച്ചു പറയുകയും ചെയ്യുക.

നല്ല വിദ്യാഭ്യാസമുള്ള ആളുകള്‍ എങ്ങനെയാണ് ഇത്രയധികം മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നതെന്ന് നമ്മള്‍ അതിശയിച്ചു പോകാറുണ്ട് .

കണക്കുകള്‍ നിരത്തിയും, സംഭവങ്ങള്‍ എടുത്തു പറഞ്ഞും, ആളുകളുടെ പേര് പറഞ്ഞും പ്രസംഗിക്കുക എന്നത് ഒരു സമ്മോഹന തന്ത്രമാണ്. പറയുന്നത് എത്ര വലിയ നുണയാണെങ്കില്‍ കൂടി ബഹുഭൂരിപക്ഷവും അത് വിശ്വസിക്കും. ഇതില്‍ സത്യമെത്രെയുണ്ട് എന്നന്വേഷിക്കുമ്പോള്‍ ഉണ്ടാവുന്ന മാനസിക, ശാരീരിക ഊര്‍ജനഷ്ടം സംരക്ഷിക്കുവാനാണ് പരിണാമപരമായ മുന്‍ഗണന എന്നതിനാല്‍ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുകയെന്ന എളുപ്പമുള്ള പ്രക്രിയായിരിക്കും നമ്മുടെ മസ്തിഷ്‌കം സ്വീകരിക്കുന്നത്..

ഒരു കള്ളം നൂറുതവണ ആവര്‍ത്തിച്ചു പറയുമ്പോള്‍ അത് സത്യമാകും. ഇങ്ങനെ കള്ളം പറയുന്നയാള്‍ പലപ്പോഴും തന്റെ അറിവില്ലായ്മയില്‍നിന്നും, അജ്ഞതയില്‍നിന്നും, താന്‍ കള്ളം പറയുകയാണ് എന്ന ബോധ്യമില്ലായ്മയില്‍ നിന്നുമല്ല അപ്രകാരം ചെയ്യുന്നത്.

നമ്മള്‍ വളരെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥനം ചെയ്യുന്നവരാണെന്നും യുക്തിപൂര്‍വം വിചിന്തനം ചെയ്തുമാത്രമേ ഒരു കാര്യം നമ്മള്‍ വിശ്വസിക്കൂ എന്നും നമ്മള്‍ ഒട്ടും പക്ഷപാതപരമായി അല്ല ചിന്തിക്കുന്നത് എന്നും നമുക്ക് തോന്നാം. വാസ്തവത്തില്‍ നമ്മുടെ വിശ്വാസങ്ങളും, നമ്മള്‍ വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ മാത്രമാണ് നമ്മള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നത്. നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഏതൊരു കാര്യവും നമ്മള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ തള്ളിക്കളയുന്നു.

ഇത് confirmation bias എന്നൊരു മന:ശാസ്ത്ര പ്രതിഭാസമാണ്.

കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഇങ്ങനെ പറഞ്ഞിരുന്നു. 'മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് ഇന്ത്യയില്‍ വന്നു നീം കരോളി ബാബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ആശീര്‍വാദത്തോട് കൂടിയാണ് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് തുടങ്ങിയത്.' മന്ത്രി പറഞ്ഞത് വിശ്വസിച്ച കോടിക്കണക്കിന് ആള്‍ക്കാര്‍ ഇന്ത്യയില്‍ ഉണ്ടാവും.

എന്നാല്‍ വാസ്തവം എന്താണെന്നു നോക്കാം.

നീം കരോളി ബാബ എന്ന സ്വാമി മരിക്കുന്നത് 1973 സെപ്റ്റംബര്‍ 11 നാണ്. സക്കര്‍ബര്‍ഗ് ജനിക്കുന്നതാകട്ടെ 1984 മെയ് 14 നും. ഫേസ്ബുക്ക് തുടങ്ങുന്നതാവട്ടെ വര്‍ഷങ്ങള്‍ക്കു ശേഷം 2004 ഫെബ്രുവരിയിലും.

മന്ത്രി പറഞ്ഞതില്‍ സത്യത്തിന്റെ ഒരംശം പോലും ഇല്ലാതിരുന്നിട്ടും ഇങ്ങനെ പറയുവാന്‍ ഉള്ള പ്രേരകം അദ്ദേഹത്തിന്റെ അറിവില്ലായ്മയായി കരുതാനാവില്ല. കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള മന്ത്രിയാണ് പീയുഷ് ഗോയല്‍. ലോക പ്രശസ്തമായ ഹാര്‍വാര്‍ഡ്, പ്രിന്‍സ്റ്റണ്‍, ഓക്‌സ്‌ഫോര്‍ഡ്, യെല്‍ തുടങ്ങിയ സര്‍വകലാശാലകളില്‍ പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമുകള്‍ ചെയ്ത ചാര്‍ട്ടേര്‍ട്ടഡ് അക്കൗണ്ടന്റാണ് അദ്ദേഹം. ഇപ്പോഴാവട്ടെ ഗ്രാവിറ്റിയെ കുറിച്ച് പറഞ്ഞു പുലിവാല് പിടിച്ചിരിക്കുന്നു.

വഴി തിരിച്ചു വിടുന്ന ചുവന്ന മത്സ്യം (Red herring )ള

ഒരു വാദത്തില്‍നിന്ന് എതിരാളികളെയും മറ്റുള്ള ശ്രോതാക്കളുടെ ശ്രദ്ധ തിരിച്ചു പിടിക്കാനുള്ള ഒരു തന്ത്രമാണിത്. തന്റെ എതിര്‍കക്ഷി ഉന്നയിച്ചതിന് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തന്റെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിര്‍കക്ഷിയുടെ വാദങ്ങള്‍ ശരിക്കും മനസ്സിലാകാതെ ഇരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ചിലര്‍ പ്രയോഗിക്കുന്ന തന്ത്രമാണിത്. ഇവിടെയും വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങള്‍ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവന്‍ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. പല ചലച്ചിത്രങ്ങളിലും പുസ്തകങ്ങളിലും ഈ തന്ത്രം അവസാനം വരെ ഉണ്ടാകും. സിനിമയില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം ആദ്യം മുതല്‍ ഉണ്ടാവും .

വില്ലന്‍ സ്വഭാവമുള്ള അയാളാണ് കുറ്റകൃത്യം ചെയ്തതെന്ന് ഏതാണ്ട് ഏറെക്കുറെ എല്ലാവരും വിശ്വസിക്കുകയും ചെയ്യും. അവസാനം കുറ്റവാളി മറ്റൊരു ശാന്തസ്വഭാവി ആണെന്ന് തെളിയുന്നു. റെഡ് ഹെറിങ് എന്ന ലോജിക്കല്‍ ഫാലസിയാണത്.

ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ആവര്‍ത്തിച്ചുള്ള മണ്ടത്തരങ്ങള്‍ ഒരുതരം എല്ലിന്‍ കഷ്ണമാണ് .മാധ്യമങ്ങളും,സമൂഹവും അതില്‍ കടിച്ചു കൊണ്ട് പൊയ്‌ക്കൊള്ളും എന്നിവര്‍ക്ക് അറിയാം. നല്ലത് പോലെ സ്‌ക്രിപ്റ്റ് തയ്യാറാക്കി സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ മണ്ടത്തരങ്ങളുടെ പുറകെ പൊതു ജനം കടിപിടി കൂടി മുന്‍പോട്ട് പോകുമ്പോള്‍, പ്രധാന പ്രശ്ങ്ങള്‍ പലതും നമ്മള്‍ അറിയാതെ പോകുന്നു.


(ഫേസ്ബുക്ക് പോസ്റ്റ്)

Follow Us:
Download App:
  • android
  • ios