Asianet News MalayalamAsianet News Malayalam

ആരാണ് നമ്മുടെ സൗന്ദര്യം നിശ്ചയിക്കുന്നത്?

എനിക്കും പറയാനുണ്ട്: അഫ്ഷാന്‍ ഹംസ എഴുതുന്നു

 

Speak up a special series for quick responses by Afshan Hamsa
Author
Thiruvananthapuram, First Published Apr 9, 2019, 5:09 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.


Speak up a special series for quick responses by Afshan Hamsa

'My skin is sort of kind of
brownish pinkish yellowish white'..

എന്തുകൊണ്ടോ, ഷെല്‍ സില്‍വര്‍സ്റ്റീന്‍ എഴുതിയ 'കളേഴ്‌സ്' എന്ന ഈ കവിത ഒരുപാട് ഇഷ്ടമാണ്. പല വര്‍ണ്ണശകലങ്ങള്‍ കൊണ്ടും ത്വക്കിനെ മനോഹരമായി അദ്ദേഹം വര്‍ണ്ണിച്ചിരിക്കുന്നു.  

എന്നാല്‍ വര്‍ണ്ണവെറിയില്‍ അകപ്പെട്ടുപോകുന്ന ഒരു സമൂഹത്തിന്, പല നിറങ്ങള്‍ക്കുള്ളിലേയും സൗന്ദര്യം കാണാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഒരു കുഞ്ഞു പിറന്നു വീഴുന്നതിനു മുമ്പേ പലര്‍ക്കുമുള്ള നിശ്ശബ്ദമായ ആശങ്കകളില്‍ ഒന്ന് വര്‍ണ്ണത്തെ പറ്റിയാണ്. കുട്ടിയുടെ ലിംഗം അറിഞ്ഞാല്‍ ഒളിഞ്ഞുംതെളിഞ്ഞും 'നല്ലവരായ കേള്‍വിക്കാര്‍ക്ക്' അറിയേണ്ടതും വീട്ടുകാര്‍ സ്വകാര്യമായി അഹങ്കരിക്കുന്നതും ആകുലപ്പെടുന്നതും നിറത്തെ ചൊല്ലി തന്നെ. അതെ, ആണ്‍-പെണ്‍ വിചിന്തനം ഏതുമില്ലാതെ ഒരു കാലത്തെ  വംശഭ്രാന്തു കണക്കേ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന വര്‍ണ്ണ ഭ്രാന്തിനെ പറ്റിയാണ് എന്റെ ആശങ്ക. 

വംശവെറിയില്‍ നിന്നു തന്നെ ഉരുത്തിരിഞ്ഞു കാലങ്ങള്‍ പഴക്കമുള്ള മുന്‍വിധികളെ മുതലെടുത്ത് ആഗോള സൗന്ദര്യവര്‍ദ്ധക കുത്തകകള്‍ സാധാരണക്കാരുടെ മനസ്സിനെ അവരറിയാതെ  വ്യവസ്ഥാപിത അജണ്ടകളുടെ  ഇരയാക്കി മാറ്റുമ്പോള്‍ നഷ്ടപ്പെടുന്നത് ഹെലന്‍കെല്ലറിനെ പോലുള്ള മഹാത്മാക്കള്‍ വിവരിച്ച ഒരു തലമുറയുടെ കണ്ണുകള്‍ക്കതീതമായ സൗന്ദര്യം കാണുവാന്‍ ഉള്ള കഴിവു  തന്നെയാണ്. ചെറുപ്പം മുതല്‍ക്കേ വെയില്‍ ഏല്‍പ്പിക്കാതെ, ചില ഭക്ഷണങ്ങള്‍ നല്‍കാതെ മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളും ഫില്‍റ്റര്‍ ക്യാമറകള്‍ ഇല്ലാതെ തങ്ങളുടെ മുഖം കാണാന്‍ ഭയക്കുന്ന ഒരുകൂട്ടം യുവത്വങ്ങളും ഇതേ മുന്‍വിധിയില്‍ പിറവികൊണ്ട വര്‍ണ്ണാന്ധ  നിയമങ്ങളുടെ ഉത്പന്നങ്ങളാണ്.

ഒരുപക്ഷേ സ്ത്രീകള്‍ക്കായിരിക്കാം ആരോഗ്യകരമല്ലാത്ത ഈ ധാരണകളുടെ മുഖ്യ ഇരയാകേണ്ടി വരുന്നത്. ഓണ്‍ലൈന്‍ കല്യാണ മാര്‍ക്കറ്റുകളില്‍ 'ശാലീന-കുലീന' വതികളാകേണ്ടതോടൊപ്പം ഗോതമ്പിന്റെ, ചോക്ലേറ്റിന്റെ  പാലിന്റെ , തേനിന്റെ  എന്നിങ്ങനെ തികച്ചും പരിഹാസ്യമായ യുക്തിരാഹിത്യമായ നിറക്കളങ്ങളും അവര്‍ക്കായി അവിടെ ഒഴിഞ്ഞുകിടക്കുന്നു. 'ദ് ബ്യൂട്ടി മിത്ത്' എന്ന കൃതിയില്‍ നഓമി വൂള്‍ഫ്  പ്രതിപാദിച്ചതുപോലെ സ്ത്രീസൗന്ദര്യത്തിനും  ശരീരഘടനയ്ക്കും  സമൂഹം കാലങ്ങളായി വിശ്വസിച്ചു വരുന്ന അളവുകോല്‍  തന്നെയാണ് ഇതിന്റെയൊക്കെ മറ്റൊരുവശം.

മുഖം മുതല്‍ സ്വകാര്യഭാഗങ്ങള്‍ വരെ സൗന്ദര്യം കൂട്ടാന്‍ ഉള്ള പലതരം വസ്തുക്കള്‍ വിപണിയില്‍ ലഭിക്കുന്നതില്‍ അത്ഭുതവുമില്ല.

എന്തിന്, ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് എതിരായുള്ള ആയുധങ്ങളായി പോലും സൗന്ദര്യ സങ്കല്‍പങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗമുണ്ടല്ലോ. ഇതിനെ മുതലെടുത്ത് പരസ്യ കമ്പനികളും മാധ്യമങ്ങളും വര്‍ണവെറി ആഘോഷമാക്കുമ്പോള്‍ സമൂഹത്തിന്റെ അംഗീകൃതമായ നിലവാരത്തിലേക്ക് ഉയരാന്‍ നിശ്ശബ്ദമായി  അധ്വാനിക്കുന്ന സ്ത്രീകള്‍ക്ക് വെളുത്ത പുരുഷനെ സ്വന്തമാക്കുകയോ  വെളുത്ത കുഞ്ഞിനെ പ്രസവിയ്ക്കുകയോ  ചെയ്യുന്നതോടെ മോക്ഷം ലഭിക്കുന്നു. പുരുഷന്‍മാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്ന് പറയപ്പെടുന്നതുപോലെ, മുഖം മുതല്‍ സ്വകാര്യഭാഗങ്ങള്‍ വരെ സൗന്ദര്യം കൂട്ടാന്‍ ഉള്ള പലതരം വസ്തുക്കള്‍ വിപണിയില്‍ ലഭിക്കുന്നതില്‍ അത്ഭുതവുമില്ല. ഇത്രയൊക്കെ പറഞ്ഞാലും, പടര്‍ന്നു പിടിച്ച ചിന്താ വിഷയത്തെ   മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടിടത്ത്, വളരെ വിചിത്രമായ സഹാനുഭൂതി കൊണ്ട് സഹായിക്കാന്‍  തുനിയുന്നവരാണ് കഥയിലെ മറ്റു  ചിലര്‍. 
            
ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള നല്ല ധാരണകളും, ആത്മവിശ്വാസവും പ്രദാനം ചെയ്യുകയാണ് ബാഹ്യമോടി എങ്കില്‍, ആ സൗന്ദര്യത്തെ സമൂഹം ഒന്നടങ്കം വര്‍ണ്ണം എന്ന ഒറ്റ അളവുകോല്‍വച്ച് അളക്കുന്നിടത്താണ് നാം ചിന്തിക്കേണ്ടത്. തൊലിപ്പുറത്തെ ഒരു-വര്‍ണ്ണത്തെ ചര്‍ച്ചാവിഷയമാക്കുന്ന യുക്തിരാഹിത്യത്തില്‍നിന്നും ഓരോ വ്യക്തിയുടേയും ഉള്ളില്‍ പടര്‍ന്നുപിടിച്ച കണ്ടെത്താത്ത അനേകമായിരം വര്‍ണ്ണഭേദങ്ങളെ മനുഷ്യനന്മയ്ക്കുവേണ്ടി ഉപയോഗിക്കുവാനാണ് ശ്രമിക്കേണ്ടത്. ഉന്നതമായ ലക്ഷ്യങ്ങള്‍ നിറവേറ്റുവാന്‍ മക്കളെ പ്രാപ്തരാക്കേണ്ട നമ്മള്‍ നിറത്തെ അവര്‍ക്ക് മുന്നിലുള്ള ആനുകൂല്യമായോ ചോദ്യചിഹ്നമായോ അല്ല സമീപിക്കേണ്ടത്. മറിച്ച് ലോകത്ത് നിലവിലുള്ള ഏഴ് ലക്ഷംകോടി നിറഭേദങ്ങളിലും  ദൈവത്തിന്റെ വൈവിധ്യവും  സൗന്ദര്യവും തന്നെയാണ് അടങ്ങിയിട്ടുള്ളതെന്നും, കാണുന്നതെല്ലാം വെറും പ്രതിബിംബങ്ങളാണെന്നും പഠിപ്പിക്കുകയാണ് വേണ്ടത്. സത്യമുള്ളവയിലാണ് സൗന്ദര്യമെന്നു മുമ്പ് കീറ്റ്‌സ് തന്റെ ഭാവഗീതത്തില്‍  പരാമര്‍ശിച്ചത് പോലെ സമൂഹത്തിനു പകര്‍ന്നു കൊടുക്കാന്‍ നമുക്കാവണം.

Follow Us:
Download App:
  • android
  • ios