Asianet News MalayalamAsianet News Malayalam

ബ്രായുടെ ഹുക്ക് എന്നുമുതലാണ്  ഭീകരവസ്തുവായത്?

Dr Shimna Azeez  on Neet exam issue
Author
Thiruvananthapuram, First Published May 7, 2017, 9:37 PM IST

Dr Shimna Azeez  on Neet exam issue

കണ്ണൂരില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടിക്ക് ഉണ്ടായ അനുഭവത്തിന്റെ പേര് ശുദ്ധ തെമ്മാടിത്തരം എന്നല്ലാതെ എന്താണ്? ബ്രായുടെ ഹുക്ക് എന്ന് തൊട്ടാണ് ഭീകരവസ്തുവായത്? അടുത്ത വര്‍ഷത്തെ പരീക്ഷാനിര്‍ദേശങ്ങളില്‍ സ്‌പോര്‍ട്‌സ്ബ്രാ ധരിക്കണം എന്നു കൂടി എഴുതുമായിരിക്കുമല്ലേ! ഹുക്ക് ഉണ്ടാകില്ലല്ലോ...

'any metallic object' അനുവദനീയമല്ല എന്ന് പരീക്ഷാ നിര്‍ദേശങ്ങളിലുണ്ട്. പല്ലിലെ ക്ലിപ്പ്, എല്ലിനകത്തിട്ട കമ്പി തുടങ്ങിയവയൊക്കെ വലിച്ച് പറിച്ചിടുമോ? ആകെ ഈ ഒരു കേന്ദ്രത്തിലേ പെണ്‍കുട്ടികള്‍ ബ്രാ ധരിച്ചുള്ളൂ? സാമാന്യബോധം എന്നൊരു സാധനം വേണ്ടേ?

ശരീരത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ബോധവതി ആവുന്ന പ്രായത്തിലുള്ള പെണ്‍കുട്ടിയെ ബ്രാ അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച പരീക്ഷ മേലധികാരികള്‍. അവളുടെ രണ്ടോ മൂന്നോ അതിലേറെയോ വര്‍ഷത്തെ കഷ്ടപ്പാട് തുലച്ചവര്‍...

പതിനെട്ട് വയസ്സ് അഥവാ പ്ലസ് ടു കഴിഞ്ഞിരിക്കുന്ന തൊട്ടാല്‍ ചോര തെറിക്കുന്ന ജീവനുള്ള പ്രായം! എന്താണ് ആ പെണ്‍കുട്ടിയോട്/പെണ്‍കുട്ടികളോട് ചെയ്തതിനുള്ള ന്യായീകരണം?

ഇക്കാലത്ത് സീരിയസായി എന്‍ട്രന്‍സിന് ശ്രമിക്കുന്നവരെല്ലാം ഒന്നോ രണ്ടോ അതിലേറെയോ വര്‍ഷം ആ ഒരു പരീക്ഷാദിനത്തിനായി പരിശ്രമിക്കുന്നു. ബുദ്ധിയും ബാക്കി ഭാഗ്യവും ഉപയോഗിച്ചുള്ള പരീക്ഷ. മിക്കവരും ടെന്‍ഷനടിച്ച് ഒരു വഴിക്കായിട്ടാണ് കയറുക. അടിവസ്ത്രമഴിച്ച് അപമാനിതയായി കയറിയ പെണ്‍കുട്ടി ആ പരീക്ഷക്ക് ഈ ഒരൊറ്റ കാരണം കൊണ്ട് അവളുടെ അധ്വാനം പാഴായ അവസ്ഥയിലാവില്ലെന്നാര് കണ്ടു ! ആവാതിരിക്കട്ടെ...

പൊതുസ്ഥലത്ത്, സ്വന്തം ഭാവി നിര്‍ണയിക്കപ്പെടുന്ന ഒരിടത്ത് അടിവസ്ത്രമുരിഞ്ഞ് വെച്ച് പ്രവേശിക്കേണ്ടി വരിക! അവളുടെ മനസ്സില്‍ അവള്‍ നഗ്‌നയാക്കപ്പെട്ട് കഴിഞ്ഞു.

ഫുള്‍സ്ലീവ് ധരിച്ചത് വെട്ടി പകുതിയാക്കി മാറ്റാന്‍ അവര്‍ക്കാര് അധികാരം കൊടുത്തു? അത് പരീക്ഷാര്‍ത്ഥി സ്വമേധയാ ചെയ്യണമായിരുന്നു. അല്ലെങ്കില്‍, പരീക്ഷക്ക് അനുമതി നല്‍കില്ല എന്ന് പറയാമല്ലോ. വസ്ത്രാക്ഷേപമോ...?

പിന്നെ, എൻട്രൻസിന്‌ എന്ത് കുന്തം കോപ്പിയടിക്കാനാണ്‌ ! തിരിച്ചും മറിച്ചും വളച്ചും ഒടിച്ചുമിടുന്ന ചോദ്യങ്ങൾ...ഹൈടെക്കിനെ പിടിക്കാനുള്ള സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ്‌. കൂട്ടത്തിൽ ബ്രാ അഴിക്കേണ്ടി വന്നതിനോട്‌ മാത്രം എതിർപ്പ്‌.

ഈ പറഞ്ഞ സാധനത്തിന്റെ സ്ട്രാപ് കുറച്ച് നേരം പുറത്തായിരുന്നെന്ന് മനസ്സിലാവുന്ന നേരത്ത് തോന്നുന്നൊരു ചമ്മലും നാണക്കേടുമുണ്ട്. വസ്ത്രം അല്‍പം നേരിയതാണോ എന്ന ആശങ്ക പോലും തരുന്നൊരസ്വസ്ഥതയുണ്ട്. അപ്പോഴാണ് പൊതുസ്ഥലത്ത്, അപരിചിതര്‍ക്കിടയില്‍, പരീക്ഷാദിനത്തില്‍, അതും ഒരു പതിനെട്ടുകാരി...

ഞങ്ങളുടെ കൂട്ടത്തിലേക്ക് വരുന്നത് കിനാവ് കണ്ടൊരുവള്‍.പാവം പെണ്‍കുട്ടി.സാരമില്ല മോളേ, വിദ്യാഭ്യാസമല്ല, വിവരവും വിവേകവുമാണ് മനുഷ്യന് വേണ്ടത് എന്ന് നീയും പഠിച്ചു കഴിഞ്ഞു, നിനക്കുണ്ടായ കയ്‌പ്പേറിയ അനുഭവത്തിലൂടെ.. ഉത്തരവാദികള്‍ ആര് തന്നെയായാലും കടുത്ത നടപടി തന്നെയെടുക്കണം.
 

Follow Us:
Download App:
  • android
  • ios