മുറ്റത്തെത്തിയ ശേഷം അദ്ദേഹം അവരെ ആ സർപ്രൈസ് കാണിച്ചു കൊടുക്കുകയാണ്. അവർക്ക് വളരെ അധികം സന്തോഷമായി എന്ന് ഈ വീഡിയോയിൽ നിന്നുതന്നെ വ്യക്തമാണ്.

നമ്മുടെ പ്രിയപ്പെട്ടവർക്ക് നാം നല്കുന്ന സർപ്രൈസുകൾ, കുഞ്ഞുകുഞ്ഞ് സമ്മാനങ്ങൾ അവയൊക്കെ വളരെ പ്രധാനമാണ് അല്ലേ? അങ്ങനെയാണ് ഈ ലോകത്ത് മനോഹരമായ ബന്ധങ്ങളുണ്ടാവുന്നതും നിലനിൽക്കുന്നതും. പ്രണയിച്ചോ, സ്നേഹിച്ചോ തുടങ്ങുന്നതിന്റെ തുടക്കകാലത്ത് മാത്രമാണ് പലരും ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നതും ഇത്തരം സർപ്രൈസുകൾ ഒരുക്കുന്നതും ഒക്കെ. 

എന്നാൽ, എത്ര വർഷം കഴിഞ്ഞാലും ചില ബന്ധങ്ങൾ എന്നും പുതുമയുള്ളത് പോലെ നിലനിൽക്കും. അത് തെളിയിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. ​ഗുഡ് ന്യൂസ് മൂവ്മെന്റാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 

ഇംഗ്ലണ്ടിൽ നിന്നുള്ള ജോ കിയോഗ് തൻ്റെ ഭാര്യയുടെ 73 -ാം ജന്മദിനത്തിൽ ഭാര്യ ജെയ്‌നിനെ ഒരു പ്രത്യേക സമ്മാനം നൽകി അത്ഭുതപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. ഒരു ജാപ്പനീസ് ചെറി ബ്ലോസം മരം സമ്മാനിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ടവളെ സന്തോഷിപ്പിച്ചിരിക്കുന്നത്. 78 -കാരനായ ജോ തന്റെ ഭാര്യയെ വിളിച്ച് വീടിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. 

ജെയ്‍ൻ ഭർത്താവിനൊപ്പം നടന്ന് പുറത്തേക്കിറങ്ങുന്നതും കാണാം. മുറ്റത്തെത്തിയ ശേഷം അദ്ദേഹം അവരെ ആ സർപ്രൈസ് കാണിച്ചു കൊടുക്കുകയാണ്. അവർക്ക് വളരെ അധികം സന്തോഷമായി എന്ന് ഈ വീഡിയോയിൽ നിന്നുതന്നെ വ്യക്തമാണ്. അവർ വളരെ സ്നേഹത്തോടെ തന്റെ ഭർത്താവിനെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. 

View post on Instagram

"എല്ലാ വർഷവും നമ്മുടെ പ്രണയം കൂടുതൽ പൂക്കുന്നതിന്റെ പ്രതീകമാണിത്" എന്നാണ് ജോ തന്റെ സമ്മാനത്തെ കുറിച്ച് ഭാര്യയോട് പറയുന്നത്. നിരവധിപ്പേരാണ് ഈ ഹൃദയസ്പർശിയായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇരുവരുടെയും സ്നേഹം എന്നും ഇതുപോലെ നിലനിൽക്കാനാ​ഗ്രഹിക്കുന്നവരാണ് അതിലധികവും.