പണ്ടുപണ്ട് ആദിയില്‍, ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും ശേഷം സഹ്യപര്‍വ്വതത്തിലെ ഇടതൂര്‍ന്ന മഴക്കാടുകളില്‍ ഒരു സായിപ്പ് വെടിക്കിറങ്ങി. അക്കാലമവിടെ കാട്ടുമൃഗങ്ങളും മുതുവാന്‍മാരും സൈ്വരമായി പുലര്‍ന്നിരുന്നു. വന്യമൃഗങ്ങളെ വെടിവെച്ചുരസിച്ച് സായിപ്പിന് കാടിന്റെ സമൃദ്ധിയേക്കാള്‍, ഈര്‍പ്പംകിനിയുന്ന കറുത്ത മണ്ണാണ് പിടിച്ചത്. നായാട്ടിനിറങ്ങിയ കേണല്‍ മണ്‍റോ കണ്ണന്‍ ദേവന്‍ മലനിരകളിലെ കൃഷിസാധ്യത കണ്ടെത്തുന്നത് അങ്ങനെയാണ്. അങ്ങനെ വേട്ടക്കാരന്‍ സായിപ്പ് തോട്ടക്കാരനായി മാറി. ഹൈറേഞ്ചിലെ മികച്ച തോട്ടക്കാരനും വേട്ടക്കാരനുമായാണ് ചരിത്രം കേണല്‍ മണ്‍റോയെ രേഖപ്പെടുത്തുന്നത് (Muthiah.1993: 61). സമൃദ്ധമായ വനഭൂമിയുടെ അന്ത്യവും തോട്ടംവിളകളുടെ ആരംഭവുമായിരുന്നു ഡാനിയല്‍ മണ്‍റോയുടെ സംഭാവന. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലെ സമൃദ്ധമായിരുന്ന 'മഴക്കാടിന്റെ അന്തകന്‍' എന്ന വിശേഷണവും ഡാനിയേല്‍ മണ്‍റോക്ക് ചേരും.

ഭൂമി വിലക്കുവാങ്ങി പാര്‍പ്പുറപ്പിച്ച ആദ്യകാല കുടിയേറ്റകുടുംബമാണ് പൂഞ്ഞാര്‍ രാജവംശമായിത്തീര്‍ന്നത്.

ആ ഭൂമി അവരുടേതായിരുന്നു
പൂഞ്ഞാര്‍ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ഭൂപ്രദേശമാണ് ഇന്നത്തെ ദേവികുളം താലൂക്കിലെ മൂന്നാര്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം. ക്രിസ്തുവര്‍ഷം 1160 ല്‍ മാനവിക്രമന്‍ എന്ന പാണ്ഡ്യരാജാവും ചോള രാജാവുമായി മധുരയില്‍വെച്ച് യുദ്ധം നടന്നുവെന്നും യുദ്ധത്തില്‍ പരാജയപ്പെട്ട മാനവിക്രമന്‍ മധുര ഭരണം അനുജന്‍ മാരവര്‍മ്മനെ ഏല്‍പ്പിച്ച് പശ്ചിമഘട്ടം കടന്ന് കുമളിയില്‍ എത്തിയെന്നും തമിഴനാട് കേരള കവാടമായ ഗൂഡല്ലൂരില്‍ ആദ്യം താമസമുറപ്പിച്ച മാനവര്‍മ്മന്‍ തെക്കുംകൂര്‍ രാജാവില്‍നിന്നും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, ഇടുക്കി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 750 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വിലക്കുവാങ്ങിയെന്നും മാനവിക്രമനും കുടുംബവും ഗൂഡല്ലൂരില്‍നിന്നും പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ താമസമുറപ്പിച്ചു എന്നുമാണ് ചരിത്രം. 

ഭൂമി വിലക്കുവാങ്ങി പാര്‍പ്പുറപ്പിച്ച ആദ്യകാല കുടിയേറ്റകുടുംബമാണ് പൂഞ്ഞാര്‍ രാജവംശമായിത്തീര്‍ന്നത്. കുടിയേറ്റക്കാര്‍ മുന്നൂറ് വര്‍ഷംകൊണ്ട് കൂടുതല്‍ കേരളതമിഴ്‌നാട് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1200 ച കി. മി മേഖല സ്വന്തമാക്കി. എ.ഡി 1189നും 1450നും ഇടയില്‍ ഇന്നത്തെ ഇടുക്കി ജില്ലയുടെ മധ്യഭാഗത്തെ പലപ്രദേശങ്ങളും പൂഞ്ഞാര്‍ രാജവംശം വിലയ്ക്കുവാങ്ങിയതായും രേഖകളുണ്ട്. വിലക്കുവാങ്ങിയും കൈയ്യേറിയും സ്വന്തമാക്കിയ ഭൂമിയാണ് പൂഞ്ഞാര്‍ രാജാവിന്റെ സാമ്രാജ്യമെന്ന് ചുരക്കം. തെക്കുംകൂര്‍ രാജാവില്‍ നിന്ന വിലക്കുവാങ്ങുമ്പോഴോ, പലപ്രദേശങ്ങളും കൈയ്യേറിക്കൂട്ടിച്ചേര്‍ക്കുമ്പോഴോ രാജാക്കന്‍മാര്‍ അറിയാതെപോയ ഒരു കാര്യമുണ്ട്. അക്കാലം ആ മലനിരകളില്‍, കാടകങ്ങളില്‍ മുതുവന്‍, മന്നാന്‍, മലയരയന്‍, പളിയര്‍, ഊരാളി, മന്നാല്‍ അങ്ങനെയങ്ങനെ ഏഴോളം ഗോത്രമനുഷ്യര്‍ അധിവസിച്ചിരുന്നുവെന്ന്. 

ആ ഭൂമി അവരുടേതായിരുന്നു. അവര്‍ക്കുമാത്രം അവകാശപ്പെട്ടതായിരുന്നു. മലയരയര്‍ മലനാട് ഭരിച്ചിരുന്നരാണ്. ഊരാളികള്‍ ഊര് വാണിരുന്നവരാണ്. മന്നാന്‍മാര്‍, മലമുടിയിലെ പ്രബല ഗോത്രഭരണരക്കാരായിരുന്നു. കണ്ണന്‍ദേവന്‍ മലനിരകള്‍ ഉള്‍പ്പെടുന്ന മൂന്നാര്‍ മേഖലയില്‍ മുതുവ ഗോത്രക്കാരല്ലാതെ മറ്റൊരു മനുഷ്യരുമുണ്ടായിരുന്നില്ല.

അങ്ങനെ വേട്ടക്കാരന്‍ സായിപ്പ് തോട്ടക്കാരനും ഭരണക്കാരനുമായിമാറി

മലമുകളില്‍ ഒരു ബ്രിട്ടീഷ് സാമ്രാജ്യം
1793 ആയപ്പോഴേക്കും പൂഞ്ഞാര്‍ കുടിയേറ്റക്കാലം അസ്തമിക്കുന്നു. തിരുവിതാകൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ച് ഭരണമൊഴിയുന്നു. തെക്കുംകൂറിനോട് വിലക്കുവാങ്ങിയ ഉടുമ്പന്‍ചോല, പീരുമേട് പ്രദേശങ്ങള്‍ 1842 ഓടെ തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. അവശേഷിച്ച് ഭൂപ്രദേശമായ കണ്ണന്‍ദേവന്‍ മലനിരകള്‍ അന്നത്തെ പൂഞ്ഞാര്‍ രാജാവ് കേരളവര്‍മ്മ 1877 ജൂലായ് 11ലെ പാട്ടക്കരാര്‍ പ്രകാരം ജോണ്‍ഡാനിയല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരന് കൈമാറി. അങ്ങനെ വേട്ടക്കാരന്‍ സായിപ്പ് തോട്ടക്കാരനും ഭരണക്കാരനുമായിമാറി. മലമുകളില്‍ ഒരു ബ്രിട്ടീഷ് സാമ്രാജ്യം ഉദയംകൊള്ളുകയായിരുന്നു.

പത്തൊമ്പതാം ശതകത്തിന്റെ ആരംഭകാലം വരെ സ്‌റ്റേറ്റും ഗോത്രങ്ങളും തമ്മില്‍ മേലാളകീഴാള ബലതന്ത്രത്തിനുള്ളിലാണെങ്കിലും സ്വച്ഛന്ദമായൊരു ബന്ധം നിലനിന്നിരുന്നു. സ്‌റ്റേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ എന്നാല്‍ ഭരണ നിര്‍വഹണത്തിന്റെ കടുംപിടുത്തങ്ങള്‍ക്ക് പുറത്ത്, ഒരുതരം സ്വയംഭരണാവസ്ഥ ഗോത്രങ്ങള്‍ അനുഭവിച്ചിരുന്നു. പതിനെട്ടാം ശതകത്തിലാണ് ഹൈറേഞ്ചിലേക്ക് ഇംഗ്ലീഷ് കാര്‍ഷിക അധിനിവേശം ആരംഭിക്കുന്നത്. 

നൂറ്റാണ്ടിന്റെ  അന്ത്യത്തിലാണ് മൂന്നാര്‍ കണ്ണന്‍ ദേവന്‍ മലനിരകളിലേക്ക് കൃഷിക്കായി ഇംഗ്ലീഷുകാര്‍ എത്തിച്ചേരുന്നത്. അക്കാലം അവിടെ കൊടുംകാടായിരുന്നു. ഇടതൂര്‍ന്ന വനങ്ങളും ചെങ്കുത്തായ കയറ്റിറക്കങ്ങളുമുള്ള പ്രദേശത്തൂകൂടെയുള്ള യാത്ര സാഹസികമായിരുന്നു. ദുര്‍ഗ്ഗമങ്ങളായ വനപാതകളെക്കുറിച്ച് മണ്‍റോ വിശദമായിതന്നെ രേഖപ്പെടുത്തുന്നുണ്ട്. (Munro, J. D.1906: 9) 1817ല്‍ ഹൈറേഞ്ച് പ്രദേശം സര്‍വേ ചെയ്യുന്നതിനായി ഇവിടം സന്ദര്‍ശിക്കുകയും പിന്നീട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശല്‍പികളാവുകയും ചെയ്ത വാര്‍ഡും അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന കോര്‍ണറും, പ്രവേശന സാധ്യമല്ലാത്തവിധം ഇടതൂര്‍ന്ന കൊടുംകാടായിരുന്നു ഹൈറേഞ്ചിലെതെന്ന് രേഖപ്പെടുത്തുന്നുണ്ട്. 

അക്കാലത്ത് തിരുവിതാകൂറിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ സര്‍വേ വഴി കണ്ടെത്തുന്നതോടെയാണ് ബ്രിട്ടീഷുകാരുടെ കൃഷി താല്‍പര്യം ഉണരുന്നത്. പിന്നീട് 1862ല്‍ ഹാമില്‍ട്ടണും സംഘവും ആനമുടി കയറുന്നു. ആനകള്‍ സ്ഥിരമായി ഉപയോഗിച്ച് പതിഞ്ഞ ആനത്താരയിലൂടെയായിരുന്നു യാത്ര.  ഈ ആനത്താരകളെ റോഡുകളാക്കി മാറ്റിക്കൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഹൈറേഞ്ചിലേക്കുള്ള വഴികള്‍ തുറന്നത്. ഹൈറേഞ്ചില്‍ റോഡുകള്‍ ഉണ്ടാക്കുന്നതിന് സഹായകരമായത് മുതുവാന്‍മാരുടെ കാടുമായുള്ള ബന്ധമായിരുന്നു. ആനകള്‍ നടന്നു നീങ്ങുന്ന വഴികള്‍ കണ്ടുപിടിച്ച് അവിടെയായിരുന്നു റോഡുകള്‍ വെട്ടിയത്. ആനകള്‍ ഉറച്ച ഭൂമിയിലൂടെ മാത്രമേ യാത്ര ചെയ്യുകയുള്ളൂ എന്നുള്ള പാരിസ്ഥിതിക തത്വം കണക്കിലെടുത്തുകൊണ്ടായിരുന്നു റോഡുനിര്‍മ്മാണം (ദാമു, ടി. 2010 :22).  കാടിന്റെയും വന്യജീവികളുടെയും സൈ്വര്യസഞ്ചാരത്തെ, ആവാസവ്യവസ്ഥയെത്തന്നെ താറുമാറാക്കിയാണ് തോട്ടങ്ങളും അനുബന്ധ വികസനങ്ങളും രൂപപ്പെട്ടതെന്നര്‍ത്ഥം.

സ്വന്തം മണ്ണിലെ അഭയാര്‍ത്ഥികള്‍
പിന്നീടെന്തുണ്ടായി? 'ബ്രിട്ടീഷുകാര്‍ കണ്ണന്‍ ദേവന്‍ മലകള്‍ വിലക്കുവാങ്ങി തോട്ടങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമം ആരംഭിച്ചപ്പോള്‍ മുതുവാന്‍മാര്‍ വളരെയേറെ സഹായങ്ങള്‍ ചെയ്തുകൊടുത്തു. കാട്ടിലേക്കുപോയി കൃഷിക്ക് അനുകൂലമായ സ്ഥലങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ അവരുടെ സഹായം ബ്രിട്ടീഷുകാര്‍ക്ക് നിര്‍ലോഭം കിട്ടിയിരുന്നു (ദാമു, ടി. 2010 :22).' 

കാട്ടിനുള്ളില്‍ കൃഷിക്ക് അനുയോജ്യമായ ഇടങ്ങള്‍ കണ്ടെത്തുന്നതിന്  ഇംഗ്ലീഷുകാരെ സഹായിച്ചത് മുതുവാന്‍മാരാണ്. മൂന്നാറിന്റെ യഥാര്‍ത്ഥ ഉടമകളായിരുന്ന ഈ ആദിമ നിവാസികളെ ബ്രിട്ടീഷുകാര്‍ സമരത്ഥമായി ഒഴിവാക്കി. കാടുകളില്‍ പലഭാഗത്തായി കുടിവെച്ച് പാര്‍ത്തിരുന്നവരെ കുടിയിറക്കി. കോളനികള്‍ നിര്‍മ്മിച്ച് അവിടെ പാര്‍പ്പിച്ചു. പുനരധിവാസം എന്നാണ് കോളനിരേഖകള്‍ ഇതിനെ വിളിച്ചത്! 

സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് അടര്‍ന്നുപോയതോടെ ഗോത്രജീവിതം ശിഥിലമായി. കോളനികളില്‍ സ്ഥിരതാമസമാക്കുന്നതോടെ അവരുടെ അധ്വാനത്തെ തോട്ടങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നുവന്നു.  ജീവസന്ധാരണത്തിനുള്ള ഗോത്ര മാര്‍ഗങ്ങള്‍ അടയുന്നതോടെ അധിനിവേശ ശക്തികള്‍ക്ക് വിധേയപ്പെടാന്‍ ഇവര്‍ നിര്‍ബന്ധിതരായി. അധികാരവും അറിവും സാങ്കേതികജ്ഞാനവും മാനേജ്‌മെന്റ് വൈദഗ്ധ്യവും അധികാര വ്യാപനത്തിനുള്ള ഉപകരണങ്ങളായി തീരുന്നതോടെ മൂന്നാറിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആദിവാസിക്കോളനികളിലെ ദരിദ്രജനതയായി മാറി. 

ഗിരിവര്‍ഗ മനുഷ്യരുടെ ഗോത്ര ഘടനയെ അതേപടി പുനരധിവസിപ്പിക്കുന്നുവെന്ന തോന്നലുണ്ടാക്കികൊണ്ടാണ് കോളനികള്‍ നിര്‍മ്മിക്കപ്പെട്ടത്. അയഞ്ഞതും ശിഥിലവുമായിരുന്ന ജീവിത സംസ്‌കാരത്തെ സംഘടിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമങ്ങളും കോളനികളും സ്ഥാപിച്ചത്. തുറന്നതും വിശാലവുമായ വനസ്ഥലമെന്ന വാസസ്ഥലം മുതുവാന്‍മാര്‍ക്ക് നഷ്ടമായി. 'ആദിവാസിക്കോളനി'കള്‍ക്ക് അഥവാ കോളനി വീടുകള്‍ക്ക് വെളിയിലുള്ള സ്ഥലം തോട്ടങ്ങളാണ്  തോട്ടങ്ങള്‍ അതിവിശാലമായ 'സ്വകാര്യ' സ്ഥലമാണ്. അവിടെ ഇറങ്ങാന്‍ മുതുവാന്‍മാര്‍ക്ക് അവകാശമില്ല. അങ്ങനെ കാര്‍ഷിക അധിനിവേശ മുതലാളിത്തം മുതുവാന്‍മാരെ അവരുടെ സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളാക്കിത്തീര്‍ത്തു.

കാര്‍ഷിക അധിനിവേശ മുതലാളിത്തം മുതുവാന്‍മാരെ അവരുടെ സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളാക്കിത്തീര്‍ത്തു.

അടിമജീവിതത്തിന്റെ ആരംഭം
കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്, ഒരു പുതിയ മൂന്നാര്‍ നിര്‍മ്മിക്കുമെന്നാണ് ഭരണകൂടം പറയുന്നത്. കയ്യേറ്റത്തിന്റെ ചരത്രത്തിലേക്ക് പോയാല്‍ തെക്കുംകൂറിനും, പൂഞ്ഞാറിനും, തിരുവിതാകൂറിനും, ബ്രിട്ടീഷ് വേട്ടക്കാര്‍ക്കും തോട്ടക്കാര്‍ക്കും മുമ്പ് മൂന്നാര്‍ ഭൂപ്രദേശത്ത് അധിവസിച്ചിരുന്നവര്‍ മുതുവാന്‍മാര്‍ മാത്രമാണ്. മൂന്നാര്‍ അവരുടെ ഭൂമിയാണ് എന്ന് സമ്മതിക്കേണ്ടിവരും. തോട്ടങ്ങളുടെ പിറവിമുതലുള്ള മൂന്നാറിനെക്കുറിച്ചാണ് വാദമെങ്കില്‍ മൂന്നാറിന്റെ അവകാശികള്‍ തമിഴ് തൊഴിലാളികളാണ്.

മദ്രാസ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന ഗ്രിബള്‍ ടര്‍ണറും അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരന്‍ എ. ഡബ്യു. ടര്‍ണറും കൂടി മണ്‍റോ വിലക്കുവാങ്ങിയ ഭൂമി സന്ദര്‍ശിക്കുകയും ഇവര്‍ മണ്‍റോയ്ക്ക് ഒപ്പം ചേര്‍ന്ന് നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്റ് പ്ലാന്റ്ിംഗ് ആന്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മണ്‍റോ പാട്ടത്തിനുവാങ്ങിയ വനഭൂമി ഈ സൊസൈറ്റിയുടെ പേരിലേക്ക് മാറ്റി. കാര്‍ഷിക തൊഴിലാളി അടിമത്തത്തിന്റെ ആരംഭം ഇവിടെയാണ്. വനപ്രദേശം വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നതിനാവശ്യമായ തൊഴിലാളികളെ തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്നും കൂട്ടത്തോടെ പശ്ചിമഘട്ടത്തിലേക്കെത്തിച്ചു. മദ്രാസ് അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. എ. ഡബ്യു. ടര്‍ണറുടെ നേതൃത്വത്തിലാണ് തമിഴ് ജനതയെ വനമേഖലയിലേക്ക് ആട്ടിത്തെളിച്ചത്. ബ്രിട്ടീഷ്  ഭരണത്തില്‍ ടര്‍ണര്‍ സഹോദരന്‍മാര്‍ക്കുണ്ടായിരുന്ന സ്വാധീനവും ഈ തൊഴില്‍ റിക്രൂട്ട്‌മെന്റിന് സഹായകമായി. ഭൂമിയോ ഭൂമിയിന്‍മേലുളള അവകാശമോ ഈ അടിമത്തൊഴിലാളികള്‍ക്കുണ്ടായിരുന്നില്ല. തമിഴ് കുടിയേറ്റം എന്നുവിളിക്കാവുന്ന തൊഴിലാളികളുടെ ഈ കുടിയേറ്റം യഥാര്‍ത്ഥത്തില്‍ നൂറ്റാണ്ടുകളിലൂടെ ഇന്നും തുടരുന്ന അടിമജീവിതത്തിന്റെ ആരംഭമായിരുന്നു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക നാശവും ഇവിടെ കുറിക്കപ്പെടുന്നു.

പശ്ചിമഘട്ട മലനിരകള്‍ ബ്രിട്ടീഷ് തോട്ടം ഉടമകളുടെ അധീനതയിലായി. വനഭൂമി വെട്ടിത്തെളിച്ച് തോട്ടവിളകള്‍ നട്ടു. തോട്ടമുടമകള്‍ നിര്‍മ്മിച്ച് നല്‍കിയ താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ കൂട്ടംകൂട്ടമായി തമിഴ് തൊഴിലാളികള്‍ താമസിച്ചു പണിയെടുത്തു. മൂന്നാര്‍ ദേവികുളം താലൂക്കിലെ മൂന്നാര്‍ മലനിരകളിലെ ഇന്നു കാണുന്ന തമിഴ് തൊഴിലാളി ജനത ഇവരുടെ പിന്‍മുറക്കാരാണ്. 1877 മുതല്‍ 1964വരെ പൂര്‍ണമായും 1983വരെ ഭാഗികമായും വൈദേശികാധിപത്യത്തിന്‍ കീഴിലായിരുന്നു കണ്ണന്‍ ദേവന്‍മലനിരകള്‍. 1983ല്‍ വിദേശ കമ്പനികള്‍ പൂര്‍ണ്ണമായും പിന്‍വാങ്ങി. പിന്നീട് കണ്ണന്‍ദേവന്‍ കുന്നുകള്‍ ടാറ്റയുടെ അധീനതയിലായി. 

അടിമജീവിതത്തിന്റെ ചരിത്രസ്മാരകങ്ങളാണ് തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങള്‍.

അടിമ ലയങ്ങള്‍
കാട് വെട്ടിത്തെളിച്ച് തോട്ടം നിര്‍മ്മിക്കാന്‍ പശ്ചിമഘട്ടത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട തമിഴ്‌തൊഴിലാളികളാണ് കണ്ണന്‍ദേവന്‍ മലനിരകളെ ജനനിബിഡമാക്കിയത്. ആദ്യം ബ്രിട്ടീഷ് പ്രജകളായും സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് തൊഴിലാളികളായും സാങ്കേതികമായി കേരളത്തിന്റെ പൗരരുമായി അവര്‍ കണക്കാക്കപ്പെട്ടു. ദേശരാഷ്ട്രം രൂപം കൊള്ളുമ്പോള്‍ ഒരേസമയം ബ്രിട്ടീഷ് തോട്ടമുടമകളുടെ പ്രജകളും രാജ്യത്തിന്റെ പൗരന്‍മാരുമെന്ന ഉഭയാവസ്ഥയിലായിരുന്നു തമിഴ് തൊഴിലാളികള്‍.  രണ്ട് നൂറ്റാണ്ടിലധികമായി ഒറ്റമുറി ലയങ്ങളില്‍ നാല് തലമുറകള്‍ പിറന്നതും വളര്‍ന്നതും മൃതിപ്പെട്ടതും ഈ ലയങ്ങളിലാണ്. കാര്‍ഷിക മുതലാളിത്തത്തിന്റെ, അടിമജീവിതത്തിന്റെ ചരിത്രസ്മാരകങ്ങളാണ് തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങള്‍.

ഈ ഒറ്റമുറി വീട് തൊഴിലാളിക്ക് സ്വന്തമല്ല. വീട്ടില്‍ നിന്ന് ആരെങ്കിലുമൊരാള്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ കുടുംബത്തിന് ലയത്തില്‍ താമസിക്കാം. അങ്ങനെയാണ് തലമുറകള്‍ പാര്‍ത്തുപോന്നത്. ആരും പുറത്തേക്ക് പോയില്ല, പഠിക്കാനും പോയില്ല. ജനിച്ച് പിച്ചവച്ച നാള്‍മുതല്‍ തോട്ടത്തില്‍ അലഞ്ഞുനടന്നു. പിന്നെ തൊഴിലാളിയായി. ഇപ്പോഴുള്ള തലമുറ കുട്ടികളെ പഠിക്കാനയക്കുന്നുണ്ട്. അവര്‍ പഠിച്ച് മറ്റ് തൊഴിലുകള്‍ തേടിപ്പോവുകയും ഇപ്പോള്‍ തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍ പ്രായം ആവുകയും ചെയ്താല്‍, നൂറ്റാണ്ടുകളായി പല ജനിച്ച തലമുറകള്‍  പെറ്റുവളര്‍ന്ന, മൃതിപ്പെട്ട ഓര്‍മ്മയുടെ വീട് ഒഴിഞ്ഞുപോകണം ഇവര്‍. 

തങ്ങള്‍ക്കുമുണ്ട് ചരിത്രമെന്ന് പറയാനുള്ള വെമ്പലുണ്ട് ഈ ചുമര്‍ചിത്രങ്ങള്‍ക്ക്. 

എവിടേക്ക് പോകും.?

എവിടേക്ക് പോകും.? ഈ ജനതയുടെ ഗൃഹാതുരത്വം എന്താണ്? മൂന്നാര്‍ ലയങ്ങളിലെ ഒറ്റമുറി വീടുകളിലേക്ക് കയറിച്ചെന്നാല്‍ അവിടെ ഭിത്തിയില്‍ ചില്ലിട്ടുവച്ചിരിക്കുന്ന നിരവധി ചിത്രങ്ങള്‍ കാണാം. കിട്ടാവുന്നതില്‍ ഏറ്റവും പഴയ തലമുറയുടെ ചിത്രങ്ങള്‍ തുടങ്ങി പുതിയ തലമുറവരെ ഫോട്ടോകളായി ഭിത്തിയില്‍ തൂങ്ങുന്നു. തങ്ങളുടെ പൂര്‍വികരിലേക്ക് എത്തിപ്പിടിക്കാന്‍ അതിലൂടെ ഭൂതകാലത്തിലേക്ക് സ്വന്തം അസ്തിത്വങ്ങളെ നീട്ടിയെടുക്കാന്‍, തങ്ങള്‍ക്കുമുണ്ട് ചരിത്രമെന്ന് പറയാനുള്ള വെമ്പലുണ്ട് ഈ ചുമര്‍ചിത്രങ്ങള്‍ക്ക്. 

എപ്പോള്‍ വേണമെങ്കിലും ആ ചുമരുകള്‍ അവരുടേതല്ലാതാകാം. ആ വീട്, അതിന്റെ സ്വകാര്യത, അതിന്റെ ഗന്ധം, ഓര്‍മ്മകള്‍ ഒക്കെയും ഒറ്റദിവസംകൊണ്ട് കുടിയൊഴിക്കപ്പെടാം. നമ്മുടെ പൗരസങ്കല്‍പങ്ങള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത തൊഴിലാളികള്‍ മാത്രമായ, ഒരു ജനത. ശ്രീലങ്കന്‍ വംശീയ ഭരണകൂടങ്ങള്‍  തമിഴ് തൊഴിലാളി ജനതയോട് കാണിച്ച വംശവിദ്വേഷത്തില്‍ കുറഞ്ഞതൊന്നുമല്ല, കേരളം ഈ തമിഴ് ജനതയോട് കാട്ടിക്കൊണ്ടിരിക്കുന്നത്. 

അതേസമയം കേരളത്തിലെ കമ്യൂണിസ്റ്റ് തൊഴിലാളിവര്‍ഗ ചരിത്രത്തില്‍ ഈ ജനതയുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും സ്ഥാനം വളരെ വലുതാണ്. ഇന്നും ദേവികുളം ചുവന്നുതന്നെ കാണപ്പെടുന്നുവെങ്കില്‍ അത് ഈ തൊഴിലാളികളുടെ പാര്‍ട്ടിക്കൂറിന്റെ അടയാളം കൂടിയാണ്. എന്നിട്ടും മൂന്നാറിലെ തോട്ടം തൊഴിലാളി സഖാക്കള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി എന്ന ആശയം എവിടെയും ഉയര്‍ന്നുവരാത്തതെന്തുകൊണ്ടാണ്?

മൂന്നാര്‍ കാര്‍ഷിക മുതലാളിത്തത്തിന്റെ ചുരുക്കെഴുത്ത് ഇത്രമാത്രം.

ഒന്ന്: ഭൂമിയുടെ നേരവകാശികളായിരുന്ന മുതുവാന്‍ ഗോത്ര ജനതയെ കോളനികളിലെ ഒറ്റമുറിവീട്ടില്‍ പാര്‍പ്പിച്ച് 'പുനരധിവസിപ്പിച്ചു'. 

രണ്ട്: തൊഴിലും ജീവിതവും വാഗ്ദാനംചെയ്ത് കൊണ്ടുവന്ന തമിഴ് തൊഴിലാളി ജനതയെ ഒറ്റമുറി ലയങ്ങളില്‍ ജീവപര്യന്തം അധിവസിപ്പിച്ചു. 

രാജാക്കന്‍മാര്‍, ബ്രിട്ടീഷുകാര്‍, തോട്ടമുടമകള്‍, റിസോര്‍ട്ട് ഉടമകള്‍...അങ്ങനെയങ്ങനെ മുറിച്ചുമാറ്റിയും കൂട്ടിച്ചേര്‍ത്തും മൂന്നാറിന്റെ ഭൂപടം നിരന്തരം മാറ്റിവരയ്ക്കുമ്പോള്‍ ഈ മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളുടെ സ്ഥാനം എവിടെയാണ്?

 
സഹായഗ്രന്ഥങ്ങള്‍
1. Muthiah, S. (1993). A Planting Century: The First Hundred Years of the United  Planters' Association of Southern India, 18931993. New Delhi: Affiliated EastWest Press Private Ltd.
2. Manro., J.D. (1880). The high ranges of Travancore: Universtiy of California           
3.  ദാമു, ടി. (2010). മൂന്നാര്‍ രേഖകള്‍. കോട്ടയം: ഡിസി ബുക്‌സ്.