'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി. അറിയാത്ത ദേശത്ത് കുടുങ്ങിക്കിടക്കെ, ദൈവദൂതനെപ്പോലെ എത്തിയ അമേരിക്കന്‍ സൈനികനെക്കുറിച്ച് സ്വപ്‌ന കെ.വി എഴുതുന്നു

വിദൂരതയില്‍ മറഞ്ഞുപോയ ഇത്തരമൊരാള്‍ നിങ്ങളുടെ ഉള്ളിലുമില്ലേ? ഉണ്ടെങ്കില്‍, അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.


2008 നവംബര്‍.

അങ്ങനെ, സാമാന്യം വലിയൊരു പെട്ടിയുമായി ഞാന്‍ അമേരിക്കയിലേക്ക് പുറപ്പെടുകയാണ്. എയര്‍പോര്‍ട്ട് നേരെ ചൊവ്വേ സിനിമയില്‍ പോലും കണ്ടിട്ടില്ലെങ്കിലും ഞാന്‍ ഗേറ്റ് വരെ വല്യ കുഴപ്പം ഒന്നും ഇല്ലാതെ എത്തി. സമയം ഏതാണ്ട് പുലര്‍ച്ചെ മൂന്ന് മൂന്നര ആയിക്കാണും. പേടിച്ചിട്ടാണേല്‍ ഉറക്കം പോലും വരുന്നില്ല. ഈ കടലിന്റെ മുകളില്‍ കൂടൊക്കെ പോണത് ആലോചിക്കുമ്പോഴേ ഉള്ള് കിടുങ്ങും. അന്ന് വരെ പരിചയമുള്ള എല്ലാ ദൈവങ്ങളെയും ഞാന്‍ എണ്ണിപ്പെറുക്കി വിളിച്ചു തുടങ്ങി, കൂട്ടത്തില്‍ അന്തോണീസ് പുണ്യാളന്റെ നൊവേന ഒരു രണ്ടെണ്ണം, ലളിതസഹസ്രനാമം ഒരിത്തിരി, എന്തിനധികം 'ദൈവമേ കൈതൊഴാം' വരെ ഞാനവിടിരുന്ന് പാടി. പെട്ടെന്നാണ് ഒരു വിളി,

'സപ്പൂ, നീയെങ്ങോട്ടാ?'

തിരിഞ്ഞു നോക്കുമ്പോ കണ്ടു അവള്‍, നിപുന്‍; എന്റെ ദൈവദൂതന്‍ നേരിട്ടവതരിച്ച പോലെ. (സത്യായിട്ടും ഞാന്‍ കണ്ടു, തലയ്ക്ക് മുകളില്‍ ഒരു വട്ടോം രണ്ട് വെള്ള ചിറകും!)

'സിയാറ്റില്‍.'

'ഹിതൊക്കെ എന്ത്' എന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞു.

അവള് ഏതോ ഒരു സ്ഥലം പറഞ്ഞു, എനിക്ക് തിരിഞ്ഞില്ല, അതോണ്ട് തന്നെ ഓര്‍മ്മയും ഇല്ല.

'ബോര്‍ഡിങ് പാസ് തന്നേ..'

എന്റെ കയ്യില്‍ ഉണ്ടായിരുന്ന രണ്ട് പാസും ഞാന്‍ അവളെ ഏല്‍പിച്ചു.

'സപ്പൂ, ഇത് ബിസിനസ് ക്ലാസ്സാ!'

'ആണോ? അയ്യോ! ഇനി എന്ത് ചെയ്യും?'

അവളൊന്ന് ചിരിച്ചു, കാര്യം പിടികിട്ടീല്ലെങ്കിലും ഇതത്ര കുഴപ്പം പിടിച്ച ക്ലാസ്സ് അല്ലാന്ന് എനിക്ക് മനസ്സിലായി.

'ന്യൂയോര്‍ക്ക് വരെ നമ്മള് സെയിം ഫ്‌ളൈറ്റാ..' അവള് പറഞ്ഞു. 

ലോട്ടറി അടിച്ച പോലായി എനിക്ക്. അങ്ങനെ അധികം ബുദ്ധിമുട്ടാതെ ന്യൂയോര്‍ക്ക് എത്തിപ്പറ്റി. അവിടത്തെ ഫോര്‍മാലിറ്റീസ് ഒക്കെ നേരത്തേ പറഞ്ഞ് കേട്ടിരുന്നതോണ്ട് കാര്യങ്ങള്‍ സ്മൂത്ത് ആയി നടന്നു. പെട്ടിയും വലിച്ച് ടെര്‍മിനലിന് പുറത്ത് എത്തി, നിപുന്‍ ബൈ പറഞ്ഞ് പിരിഞ്ഞു.

അവള്‍ കണ്ണില്‍ നിന്ന് മറഞ്ഞതും ചങ്കിടിക്കാന്‍ തുടങ്ങി, ഈ പെട്ടി ഇനി എന്ത് ചെയ്യണം? എങ്ങോട്ട് പോണം? ആകെ മൊത്തം കണ്‍ഫ്യൂഷന്‍. എങ്കിലും ടെര്‍മിനല്‍ ഒക്കെ നോക്കി, ട്രെയിന്‍ പിടിച്ച് ഞാന്‍ ഒടുവില്‍ സ്ഥലത്തെത്തി. 

സാമാന്യം നല്ല തിരക്കുണ്ട്. സെല്‍ഫ് ചെക്കിന്‍ എന്ന് എഴുതി കൊറേ കിയോസ്‌ക് സൈഡില്‍ കണ്ടു. രണ്ടും കല്‍പ്പിച്ച് ഒന്നില്‍ കേറി ചോദിച്ചതൊക്കെ കൊടുത്തു. പക്ഷേ ഒന്നും സംഭവിച്ചില്ല. വല്യ പിടിയില്ലാത്ത ഐറ്റം ആയത് കൊണ്ട് അടുത്ത് നിന്ന ആളോട് ഒന്ന് ഹെല്‍പ് ചെയ്യാമോ എന്ന് ചോദിച്ചു. അയാളും നോക്കി. ഒടുവില്‍ പറഞ്ഞു,

'യു കാണ്ട് ചെക്കിന്‍ ഫ്രം ഹിയര്‍, യുവര്‍ ഫ്‌ലൈറ്റ് ഈസ് ഓവര്‍ബുക്ഡ'

'എന്ന് വച്ചാ?' 

ഞാനൊന്ന് ഞെട്ടി.

(മുദ്ര ശ്രദ്ധിക്കണം, ഇവിടുന്നങ്ങോട്ട് മിക്കവാറും എന്ത് കേട്ടാലും ഇത് തന്നെയാണ് എന്റെ ഭാവം)

അയാള്‍ ടിക്കറ്റും തിരിച്ച് തന്നിട്ട് പോയി. ആരെയെങ്കിലും വിളിച്ച് ഒന്ന് കരയാന്ന് വച്ചാ ഫോണ്‍ പോലും ഇല്ല. വേറെ ഒന്നും ചെയ്യാനറിയാത്തോണ്ട് ഞാന്‍ അടുത്ത് കണ്ട ക്യൂവില്‍ കയറി നിന്നു. എന്തൊക്കെയോ തിരിച്ചും മറിച്ചും നോക്കിയിട്ട് കൗണ്ടറിലെ ആള് പറഞ്ഞു.

'സോറി മാം, യുവര്‍ ഫ്‌ലൈറ്റ് ഈസ് ഓവര്‍ബുക്ഡ്.'

പിന്നേം അയാള് എന്തൊക്കെയോ പറഞ്ഞു. മനസിലായില്ല. എങ്കിലും എന്റെ പെട്ടി അവിടെ ചെക്കിന്‍ ചെയ്തു, എന്നിട്ട് എന്നെ ഒരു ഗേറ്റിലേയ്ക്ക് പറഞ്ഞുവിട്ടു. 

എനിക്ക് തെറ്റിയില്ല, അവിടേം മുന്‍പ് രണ്ടുപേരും പറഞ്ഞത് തന്നെ പറഞ്ഞു. കാര്യത്തിന്റെ കിടപ്പ് എനിക്കേതാണ്ടൊക്കെ പിടികിട്ടിത്തുടങ്ങി. ഈ ഫ്‌ലൈറ്റില്‍ ബോര്‍ഡ് ചെയ്യാന്‍ പറ്റൂല്ല, ഒരു മണിക്കൂര്‍ കഴിഞ്ഞ് അടുത്ത ഫ്‌ലൈറ്റ് വരും, അതില്‍ പോകാം.

എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലാതിരിക്കുമ്പോള്‍ യുഎസ് ആര്‍മി ഡ്രസ് ഒക്കെ ഇട്ടൊരാള്‍ അവിടെ സംസാരിക്കുന്നത് കണ്ടു. എന്തൊക്കെയോ പറഞ്ഞിട്ട് അയാള്‍ എന്റെ അടുത്ത സീറ്റില്‍ വന്നിരുന്നു. ടെന്‍ഷനും സങ്കടോം ഒക്കെ കൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു, സംഭവം ഒന്ന് പറഞ്ഞുതരാന്‍. 

പുള്ളി കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. അടുത്ത ഫ്‌ലൈറ്റില്‍ പോകാം. ഇതില്‍ പറ്റാത്തോണ്ട് അവര്‍ ഒരു ഗിഫ്റ്റ് വൗച്ചര്‍ തരും.

'യു ഡോണ്ട് വറി, ഐ വില്‍ ബി ഹിയര്‍'. പുള്ളി പറഞ്ഞു.

വീണ്ടും ദൈവദൂതന്‍! (പിന്നേം ഞാന്‍ കണ്ടു, തലയ്ക്ക് മുകളില്‍ ഒരു വട്ടോം രണ്ട് വെള്ള ചിറകും.)

ഞങ്ങളെപ്പോലെ തുല്യദുഖിതര്‍ വേറെയും ഉണ്ടായിരുന്നു. എല്ലാരും കൂടിയിരുന്ന് എന്തൊക്കെയോ സംസാരിച്ചു. കുറേ ഒക്കെ മനസ്സിലായി, തമാശയാണെന്ന് തോന്നിയതിന് ഒക്കെ ചിരിച്ചു. കുറേ കഴിഞ്ഞപ്പോ പുള്ളി പറഞ്ഞു.

'കം, ലെറ്റ്‌സ് ജസ്റ്റ് വാക്ക് എറൗണ്ട്'. 

കുറേ നടന്നു, സംസാരിച്ചു. പുള്ളീടെ ഫാമിലി ഫോട്ടോ കാണിച്ചു. ഗേറ്റിന് പുറത്ത് എവിടെയോ വച്ച് ആകാശത്തേക്ക് ചൂണ്ടി (അതോ താഴേക്കോ, ഉറപ്പില്ല) സ്‌കൈവേ എന്നോ എയര്‍വേ എന്നോ എന്തോ പറഞ്ഞു. ഞാന്‍ എല്ലാം മനസ്സിലായീന്ന് തലകുലുക്കി (മുദ്ര പഴയത് തന്നെ). തിരിച്ച് നടക്കുമ്പോ എനിക്കൊരു കൊക്കക്കോളയും വാങ്ങിത്തന്നു. പകുതി കുടിച്ച കോള സെക്യൂരിറ്റി ചെക്കിന്നില്‍ കളയേണ്ടി വന്നു, പച്ചവെള്ളത്തിന്റെ കുപ്പി പോലും കളയാത്ത ഞാന്‍!

തിരിച്ചെത്തുമ്പോഴേയ്ക്കും 100 ഡോളേര്‍സ് വൗച്ചര്‍ റെഡി ആയിരുന്നു, പക്ഷേ ഫ്‌ളൈറ്റ് ടിക്കറ്റില്‍ മാത്രമേ റെടീം ചെയ്യാന്‍ പറ്റൂ. കിട്ടിയത് കിട്ടി, അതും കൊണ്ട് അടുത്ത ഫ്‌ളൈറ്റില്‍ ബോര്‍ഡ് ചെയ്തു.

കടലിലെങ്ങും വീഴാതെ അങ്ങനെ ഞാന്‍ സിയാറ്റില്‍ ലാന്‍ഡ് ചെയ്തു. ഫ്‌ളൈറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു, പുള്ളി ഇറങ്ങി വെയിറ്റ് ചെയ്യുന്നുണ്ടാരുന്നു. അവിടുന്ന് എന്നെയും കൂട്ടി ലഗേജ് എടുപ്പിച്ചു ഏതോ ഒരു കോര്‍ണറില്‍ നിന്നു. (പുള്ളിക്ക് ലഗേജ് ഇല്ലാരുന്നു, ഒരു സ്യൂട്ട് മാത്രം). എന്നെ മാത്രമേ ആദ്യത്തെ ഫ്‌ലൈറ്റില്‍ കേറ്റാതെ ഉള്ളൂ. എന്റെ പെട്ടി നേരത്തെ എത്തി. 

എന്നെ കൂട്ടാന്‍ ഒരു ഫ്രണ്ട് എത്തിയിരുന്നു, അവിടം വരെ പുള്ളി കൂടെ വന്നു. പോകാന്‍ നേരം പേരും ഫോണ്‍ നമ്പറും എഴുതിയ ഒരു പേപ്പറും തന്നു. കാറില്‍ കയറുമ്പോ ഞാന്‍ തിരിഞ്ഞു നോക്കി പുള്ളി പോയോന്ന്.

കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ ആ നമ്പറില്‍ വിളിച്ചു. തിരക്കാണ്, തിരിച്ചുവിളിക്കാം എന്ന റിപ്ലൈ കിട്ടി. തിരിച്ച് വിളിച്ചില്ല. അല്ലേലും എന്റെ ഫസ്റ്റ് നെയിം പറഞ്ഞ് റൂമില്‍ കണക്ട് ചെയ്യണേല്‍ ഇച്ചിരി കഷ്ടപ്പെടും. 

കുറേക്കാലം ആ നമ്പര്‍ ഞാന്‍ സൂക്ഷിച്ചു, എങ്കിലും വിളിച്ചില്ല. ഫെയ്‌സ്ബുക്കില്‍ വന്നപ്പോ തപ്പി നോക്കി. കിട്ടിയില്ല. സെയിം പേരുകാരന് ഒരു മെസ്സേജ് ഇട്ട് നോക്കി, അതിനും റിപ്ലൈ ഇല്ല. പിന്നെ പതിയെ അത് ഞാനങ്ങ് വിട്ടു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്നും തിരിഞ്ഞ് നോക്കുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ മുഖം പോലും കിട്ടുന്നില്ല. ഫേസ്ബുക്കും വാട്‌സാപ്പും ഒന്നും ഇല്ലാതിരുന്നപ്പോ നഷ്ടപ്പെട്ടുപോയ ഒരു നല്ല സുഹൃത്ത്.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!