പുരാണത്തില്‍ ഹംസത്തെ ദൂതായി അയച്ച കഥ നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ പിന്നീട് ആ ജോലി പ്രാവുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. പല ഹിന്ദി സിനിമകളിലും അതിന്റെ അനുകരണങ്ങള്‍ നമുക്ക് കാണാമായിരുന്നു. പ്രാവുകള്‍ വഴി നായകന്‍ നായികയ്ക്ക് കത്തുകള്‍ കൈമാറുന്നതും, യുദ്ധസമയത്ത് രാജാക്കന്മാര്‍ സന്ദേശങ്ങള്‍ കൈമാറുന്നതും എല്ലാം നമ്മള്‍ കഥകളില്‍ കണ്ടിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍, പ്രാവിനെ ദൂതായി അയക്കുന്നത് വെറും പഴങ്കഥയായി മാറുമ്പോള്‍, ഒഡീഷ പോലീസിന്റെ പ്രാവ് സൈന്യം ഈ സവിശേഷ രീതി ഇന്നും ഉപേക്ഷിച്ചിട്ടില്ല.  

സ്വാതന്ത്ര്യം കിട്ടുന്നതിന് ഒരു വര്‍ഷം മുമ്പാണ് ഒഡിഷ പൊലീസിന് ഈ പ്രാവുകളെ കിട്ടിയത്. വയര്‍ലെസ് സേവനങ്ങളോ അല്ലെങ്കില്‍ ടെലിഫോണ്‍ ബന്ധങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തില്‍, വിദൂര പ്രദേശങ്ങളില്‍ ആശയവിനിമയം നടത്തുന്നതിനായിട്ടാണ് 1946- ല്‍ ഒഡിഷ പോലീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് തുടങ്ങിയത്. 200 പ്രാവുകളെ സൈന്യം സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി കൈമാറി.സന്ദേശം ഒരുകടലാസില്‍ എഴുതി, ചുരുട്ടി ചെറിയ പ്ലാസ്റ്റിക് ഗുളികകളില്‍ തിരുകി പ്രാവുകളുടെ കാലില്‍ ബന്ധിപ്പിക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്. 

കോരാപുട്ട് ജില്ലയിലാണ് ഈ പുരാതന സമ്പ്രദായം ആദ്യം തുടങ്ങിയത്. പിന്നീട് എല്ലാ ജില്ലകളിലും ഇത് അവതരിപ്പിക്കപ്പെട്ടു. താമസിയാതെ, കട്ടക്കില്‍ പോലീസ് പ്രാവ് സേനയുടെ ആസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. കൂടാതെ, ബെല്‍ജിയന്‍ ഹോമര്‍ പ്രാവുകളുടെ ഒരു പ്രജനന കേന്ദ്രവും അവിടെ സ്ഥാപിക്കപ്പെട്ടു. 

1948 ഏപ്രില്‍ 13 ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കട്ടക്കിലെ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് സംബാല്‍പൂരില്‍ നിന്ന് ഒരു സന്ദേശം പ്രാവ് വഴി അയക്കുകയുണ്ടായി. ആ ഹ്രസ്വ സന്ദേശം ഇങ്ങനെയായിരുന്നു: ''കട്ടക്കിലെ പൊതുയോഗത്തിനുള്ള ക്രമീകരണങ്ങള്‍ ശ്രോതാക്കളെ പ്രാസംഗികനില്‍ നിന്നും വേര്‍തിരിക്കുന്നതാകരുത്.''

പ്രാവുകള്‍ക്ക് കുടിക്കാന്‍ പൊട്ടാസ്യം വെള്ളമാണ് നല്‍കുന്നത്. ഗോതമ്പ്, ചോളം എന്നിവയും, മെച്ചപ്പെട്ട ദഹനത്തിനായി കറുത്ത ഉപ്പും പൊലീസ് നല്‍കുന്നു. 

ബെല്‍ജിയന്‍ ഹോമര്‍, വളരെയധികം പ്രത്യേകതകളുള്ളഒരിനമാണ്. പരമ്പരാഗത പ്രാവുകളില്‍ നിന്ന് വ്യത്യസ്തമായ ഈ കരുത്തുറ്റ ഇനത്തിന്, വെറും 15-25 മിനിറ്റിനുള്ളില്‍ 25 കിലോമീറ്റര്‍ പറക്കാനും 20 വര്‍ഷം വരെ ജീവിക്കാനും കഴിയും. കാലാവസ്ഥയെ ആശ്രയിച്ച്, മണിക്കൂറില്‍ 55 കി.മീറ്റര്‍ വേഗതയില്‍ 500 മൈല്‍ വരെ വേഗത്തില്‍ പറക്കാന്‍ ഇവയ്ക്ക് കഴിയും. ആറ് ആഴ്ച പ്രായമുള്ളപ്പോള്‍ മുതല്‍ ഇവയെ പരിശീലിപ്പിക്കാന്‍തുടങ്ങുന്നു. ഈ പക്ഷികള്‍ അവയുടെ സഞ്ചാരപാതതിരിച്ചറിയുന്നതിനായി പോകുന്ന വഴിയില്‍ അടയാളങ്ങള്‍ ഉപേക്ഷിക്കുന്നു. പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍, റൂട്ട് മാപ്പിംഗിലെ അവയുടെ കൃത്യത വളരെ കാലം നിലനില്‍ക്കുന്നു. ഈ സന്ദേശവാഹകര്‍ അവരെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ശബ്ദം തിരിച്ചറിയുകയും, അവരുമായി ബന്ധപ്പെടുകയും ചെയ്യുന്നു.

പിന്നീട്, ദുരന്തസമയത്ത് പരമ്പരാഗത ആശയവിനിമയങ്ങള്‍ പരാജയപ്പെടുമ്പോള്‍ വിദൂര പോലീസ് സ്റ്റേഷനുകള്‍ ആശയവിനിമയം നടത്താന്‍ പ്രാവുകളെ ഉപയോഗിച്ചു തുടങ്ങി. 1982 ലെ മഹാപ്രളയസമയത്ത്, മെറൂണ്‍ പട്ടണമായ ബാങ്കിയുമായി ആശയവിനിമയം നടത്താനുള്ള ഏക മാര്‍ഗമായിരുന്നു പോലീസ് പ്രാവുകള്‍. 1999 ലെ ചുഴലിക്കാറ്റില്‍ റേഡിയോ ശൃംഖലകള്‍ തകരാറിലായപ്പോള്‍ അപ്പോഴും ആശയവിനിമയത്തിനായി പ്രാവുകളെ ഉപയോഗിച്ചിരുന്നു. ബുദ്ധിയുള്ള പ്രാവുകള്‍ പോലീസ് വകുപ്പിനെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയതായും, നിരവധി വഞ്ചകരെ പിടികൂടാന്‍ സഹായിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ആധുനിക ആശയവിനിമയ സംവിധാനങ്ങളും, സാങ്കേതികവിദ്യയുടെയും വരവോടെ, ഒഡീഷ പോലീസിന്റെ പാരമ്പരാഗത കൊറിയര്‍ സേവനം ഇപ്പോള്‍ കുറെയൊക്കെ ഉപയോഗശൂന്യമാണ്. എന്നിരുന്നാലും, രണ്ട് വര്‍ഷം മുന്‍പ് വരെ സംസ്ഥാനത്തെ വിവിധ ചടങ്ങുകളില്‍ ഇവയെ പ്രദര്‍ശിപ്പിച്ചിരുന്നു. നിലവില്‍ കട്ടക്കില്‍ 95 ഉം, അങ്കുളില്‍ 50 ഓളം പോലീസ് പ്രാവുകളും, പ്രദര്‍ശന ആവശ്യത്തിനായി നാല് കോണ്‍സ്റ്റബിള്‍മാരും ഒരു സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുമുണ്ട്.