Asianet News MalayalamAsianet News Malayalam

രണ്ട് വിവാഹങ്ങള്‍ വീതംവെച്ചെടുത്ത പെണ്‍കുട്ടീ, ഇനി നിനക്ക് നീയാവാം!

സമയ പരിമിതികള്‍കൊണ്ടോ അതിര്‍ത്തി ലംഘനങ്ങളില്ലാത്ത വാക്കുകളുടെ സൂക്ഷ്മത കൊണ്ടോ ആവണം ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയില്ല. അവളുടെ അക്ഷരം പിഴക്കുന്ന വാക്കുകളുടെ കൂട്ടിച്ചേര്‍ക്കലുകളും അഭിനയിക്കാനറിയാത്ത തുടക്കക്കാരിയുടെ പരുങ്ങലുകളും കാണ്‍കെ, ഹൃദയത്തില്‍ അവള്‍ നിലവിളിക്കുകയാണെന്നെനിക്ക് തോന്നി.

Shifana Salim on divorces
Author
Thiruvananthapuram, First Published Nov 3, 2017, 8:27 PM IST

ഒരിക്കല്‍ സ്‌കൂളുവിട്ട് വീട്ടിലെത്തിയതാണ് അവള്‍. പിന്നെ മടങ്ങിപ്പോയിട്ടില്ല. ആറ് മാസക്കാലം നീണ്ട വൈവാഹിക ബന്ധം അവള്‍ക്കു സമ്മാനിച്ചത് കറുത്ത ഓര്‍മകളായിരുന്നു. പുരുഷന്റെ എല്ലാ വൈകൃതങ്ങളും തുറന്നുകാട്ടിയ ജീവിതം. സ്ത്രീ സ്ത്രീയെ തന്നെ  ഇല്ലാതാക്കുന്ന അവസ്ഥ. മാന്യതയുടെ മുഖമൂടികള്‍ വലിച്ചു കീറി അവളാ പടിയിറങ്ങി.

Shifana Salim on divorces

എന്റെ നിരന്തരമായ വീര്‍പ്പു മുട്ടിക്കലുകള്‍ക്കൊടുവിലാണ് ഒരു കാര്‍മേഘം പെയ്‌തൊഴിയുംപോലെ പോലെ തന്നെ കുറിച്ച് അവള്‍ പറഞ്ഞത്. ആര്‍ത്തവത്തിനും മുമ്പേ കന്യകയല്ലതായി തീര്‍ന്ന കഥ. രണ്ട് മനുഷ്യര്‍ കയറിയിറങ്ങിയ വിഴുപ്പായി താന്‍ മാറിയെന്ന് പറഞ്ഞ് അവളെന്നോടലമുറയിട്ടു കരഞ്ഞു. 

രണ്ട് വട്ടം വിവാഹ മോചിതയാവാനുള്ള പ്രായമവള്‍ക്കില്ലായിരുന്നു. ഞാനവളെ കുറ്റപ്പെടുത്തിയില്ല. നിസ്സംഗതയുടെ മേലങ്കിയണിഞ്ഞ് നല്ലൊരു കേള്‍വിക്കാരിയായി നിസ്സഹായതയുടെ നിര്‍വികാരത അവള്‍ക്കു മുന്നില്‍ ഞാന്‍ പ്രദര്‍ശിപ്പിച്ചു. ഈത്തപ്പഴത്തിന്റെ നിറമുള്ള ചെറിയ കണ്ണുകളും എപ്പോഴും പുഞ്ചിരിക്കുന്ന ചുവന്ന ചുണ്ടുകളും നിഷ്‌കളങ്കത തുളുമ്പുന്ന മുഖവും അവള്‍ക്കുണ്ടായിരുന്നു. എങ്കിലും അസാധാരണമാം വിധം പക്വതയൂറി കെട്ടിയ വാക്കുകളില്‍ അനുഭവങ്ങളുടെ തീക്ഷ്ണമായ പൊള്ളലുകള്‍ ഉണ്ടായിരിക്കാമെന്ന് പലപ്പോഴും ഞാനൂഹിച്ചു. 

അപ്രതീക്ഷിതമായാണ് ഞാനുമവളും കണ്ടു മുട്ടിയത്. പതിയെ സൗഹൃദം ഉടലെടുത്തു.

സമയ പരിമിതികള്‍കൊണ്ടോ അതിര്‍ത്തി ലംഘനങ്ങളില്ലാത്ത വാക്കുകളുടെ സൂക്ഷ്മത കൊണ്ടോ ആവണം ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയില്ല. അവളുടെ അക്ഷരം പിഴക്കുന്ന വാക്കുകളുടെ കൂട്ടിച്ചേര്‍ക്കലുകളും അഭിനയിക്കാനറിയാത്ത തുടക്കക്കാരിയുടെ പരുങ്ങലുകളും കാണ്‍കെ, ഹൃദയത്തില്‍ അവള്‍ നിലവിളിക്കുകയാണെന്നെനിക്ക് തോന്നി. പഴുതുകള്‍ അടച്ചുപിടിച്ച് ഒരിക്കല്‍  ഞാനവളോട് കാര്യങ്ങള്‍ ചോദിച്ചു.

രണ്ട് വട്ടം വിവാഹ മോചിതയാവാനുള്ള പ്രായമവള്‍ക്കില്ലായിരുന്നു.

കേട്ട മറുപടികളൊന്നും എന്നെ ഞെട്ടിച്ചില്ല. പ്രതീക്ഷിതം. 

ഇതൊക്കെ ഇവിടെ നടക്കുന്നത് തന്നെ. പക്ഷെ അവളുടെ മിനുപ്പു മാറാത്ത കവിള്‍ തടങ്ങളും ചുവപ്പു മാറാത്ത ഉള്ളന്‍ കൈകളും പ്രായത്തിന്റെ ചെറുപ്പം വിളിച്ചറിയിച്ചു. 

'ഇവളിനിയിവിടെ ജോലിക്ക് വരുന്നില്ല'

പ്രായം കൊണ്ട് മുതിര്‍ന്നതാണെങ്കിലും ദയ തൊട്ടുതീണ്ടാത്ത ആ സ്ത്രീയുടെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു.

മറുപടികളുടെ അപശബ്ദങ്ങളെ പിന്നിലാക്കി അവളുടെ കൈപിടിച്ച് ഞാന്‍ നടന്നു. 

നാളെയെ സ്വപ്നം കണ്ട ഇന്നലെകള്‍ അവള്‍ക്കുമുണ്ടായിരുന്നു  മിഠായി തിന്നാനും പട്ടം പറത്താനുമാഗ്രഹിച്ച പ്രായത്തില്‍ നിക്കാഹെന്താണെന്ന് പോലുമറിയാത്ത പ്രായത്തില്‍ ബന്ധപ്പെട്ടവര്‍ മറ്റൊരാള്‍ക്ക് കൈ കൊടുത്തേല്‍പിച്ചു. 

മണ്ണപ്പം ചുട്ടു കളിക്കേണ്ട കുഞ്ഞു കൈകള്‍ വിഴുപ്പലക്കി പരുപരുത്തിരുന്നു. സമൂഹത്തെ ഭയന്ന് അവള്‍ നേടിയെടുത്ത ജോലിയുടെ ചൂഷണമനോഭാവം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. തളര്‍ന്ന് മരവിച്ചവളുടെ ചോരയൂറ്റികുടിച്ച് കൊണ്ടു പോലും സ്വന്തം വയര്‍ വീര്‍പ്പിക്കുന്ന മനുഷ്യര്‍. എന്തൊരുവിരോധാഭാസം! 

നാല് ചുമരുകള്‍ക്കിടയില്‍, മദ്യത്തിന്റെ ലക്കുകെട്ട വികാരങ്ങള്‍ക്കടിമപ്പെട്ട് നിര്‍വികാരതയോടെ അവള്‍ നാടകമാടി.

വിദ്യാഭ്യാസമെന്ന പ്രാഥമികാവശ്യം പോലും നിഷേധിക്കപ്പെട്ട അവളുടെ വിധിയെ ഞാന്‍ പഴിച്ചില്ല. അല്ലെങ്കിലും വിധി എന്ന രണ്ടക്ഷരം കൊണ്ട് നമ്മള്‍ പലതില്‍ നിന്നും രക്ഷപ്പെടുകയാണ്. പലപ്പോഴും അതാത് നേരത്തെ തീരുമാനങ്ങളില്‍ അധിഷ്ഠിതമാണ് ജീവിതം. സ്വപ്നങ്ങള്‍ക്ക് ജീവനേകാന്‍ ഇനിയും ആയുസ് അവളില്‍ നീണ്ടു പരന്ന് കിടക്കുന്നു. പക്ഷെ പക്വതയോ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവോ ഞാനവളില്‍ കണ്ടില്ല. ശൂന്യത മാത്രം. കണ്ണുകളിലെ നിശ്ശബദതയില്‍ ഘനീഭവിച്ച ഒരു കടലുറങ്ങിക്കിടക്കുന്നു. തന്റേന്റതല്ലാത്ത കാരണത്താല്‍ വിധിയവള്‍ക്ക് നല്‍കിയ രണ്ട് ത്വലാഖുകളുടെ തൂക്കം വെച്ച് ഒരു ചെറിയ പെണ്‍കുട്ടിയെ വാക്ക് കൊണ്ട് കൊല്ലുന്ന, ഭാഗ്യം കെട്ടെവളെന്നാരോപിക്കുന്ന സമൂഹത്തെയും രക്ത ബന്ധങ്ങളെയും ഞാന്‍ കണ്ടു.

സത്യത്തില്‍ ആരാണ് ഒരാളുടെ ഭാഗ്യം തീരുമാനിക്കുന്നത്? പച്ച മാംസമുള്ള ചുറ്റുമുളള മനുഷ്യര്‍ തന്നെയല്ലേ?എപ്പോള്‍ വേണമെങ്കിലും മാറിമറിയാവുന്ന ജീവിത ഋതുക്കളുടെ അനിശ്ചിതാവസ്ഥ എന്റെ അസ്തിത്വത്തെ പോലുമപ്പോള്‍ ചോദ്യം ചെയ്തു കൊണ്ടിരുന്നു.

ഒരിക്കല്‍ സ്‌കൂളുവിട്ട് വീട്ടിലെത്തിയതാണ് അവള്‍. പിന്നെ മടങ്ങിപ്പോയിട്ടില്ല. ആറ് മാസക്കാലം നീണ്ട വൈവാഹിക ബന്ധം അവള്‍ക്കു സമ്മാനിച്ചത് കറുത്ത ഓര്‍മകളായിരുന്നു. പുരുഷന്റെ എല്ലാ വൈകൃതങ്ങളും തുറന്നുകാട്ടിയ ജീവിതം. സ്ത്രീ സ്ത്രീയെ തന്നെ  ഇല്ലാതാക്കുന്ന അവസ്ഥ. മാന്യതയുടെ മുഖമൂടികള്‍ വലിച്ചു കീറി അവളാ പടിയിറങ്ങി.

തുടര്‍ പഠനം സാധ്യമാകുമെന്നും വീണ്ടും പൊട്ടിച്ചിരിച്ച് ഭൂമിയിലമര്‍ത്തി ചവിട്ടി നടക്കാമെന്നുമവള്‍ ആഗ്രഹിച്ചു. പക്ഷെ ത്വലാക്ക് ചൊല്ലിയ പെണ്ണ് വീട്ടില്‍ നില്‍ക്കുന്നത് അപശകുനമായ് കരുതിയവര്‍  ചോദ്യങ്ങള്‍ക്കും മറുപടികള്‍ക്കുമിട കൊടുക്കാതെ ആ കഴുത്തില്‍ വീണ്ടും മഹറിനെ പണി കഴിപ്പിച്ചു. സ്വപനങ്ങളില്‍ നിന്നും തടവറയിലേക്ക് വീണ്ടുമൊരു കുടിയേറ്റം. മൂന്ന് മാസക്കാലത്തെ സഹനങ്ങള്‍. നാല് ചുമരുകള്‍ക്കിടയില്‍, മദ്യത്തിന്റെ ലക്കുകെട്ട വികാരങ്ങള്‍ക്കടിമപ്പെട്ട് നിര്‍വികാരതയോടെ അവള്‍ നാടകമാടി.

വല്ലപ്പോഴുമുള്ള വിരുന്നുകളില്‍ തേങ്ങിക്കരയുന്ന അവളെ സ്വന്തം ഉമ്മ പോലും കണ്ടില്ലെന്ന് നടിച്ചു. സ്റ്റൗ പെട്ടിതെറിച്ചോ ഒരു മുഴം കയറില്‍ തൂങ്ങിയോ അവളെ കാണേണ്ടി വരുമോ എന്ന ഭീതിയില്‍ പിന്നീടവര്‍ തന്നെ വീട്ടിലേക്ക് തിരികെ വിളിച്ചു.

ജീവിതത്തിലെ എല്ലാ ദുഖങ്ങളും അവളൊരുമിച്ച് അനുഭവിച്ചിറക്കി വെച്ചു. 

വാക്കുകള്‍ കൊണ്ട് പോലും അവളുടെ ദുഖത്തില്‍ പങ്കു ചേരാനെനിക്കായില്ല. വിവാഹ മോചിതയാക്കപ്പെട്ട സ്ത്രീ സമൂഹത്തിലറിയപ്പെടുന്നത് തന്നെ ത്വലാക്ക് ചൊല്ലിയ പെണ്ണെന്ന രീതിയിലാണ്. പലപ്പോഴും ചുറ്റുമുള്ളവരില്‍ നിന്നും അവര്‍ ഒറ്റയാന്മാരെ പോലെ ജീവിക്കേണ്ടി വരുന്നു.

ഒരു പുരുഷന്‍ തൊട്ട പെണ്ണാണെന്ന തീണ്ടായ്ക!

മുട്ടിനും പൊക്കിളിനുമിടയിലേ എന്തോ ഒരു വിലപിടിപ്പുളള വസ്തു നശിപ്പിച്ചെന്ന വിളംബരമാണ് ഓരോ ത്വലാഖും.എന്നാല്‍ പുരുഷന് നഷ്ടപ്പെടാത്ത ഏതൊന്നാണ് ഒരു സ്ത്രീക്ക് നഷ്ടപ്പെടുന്നത് ? സ്ത്രീമാത്രമെന്തു കൊണ്ട് അശുദ്ധയാകുന്നു?

മുട്ടിനും പൊക്കിളിനുമിടയിലേ എന്തോ ഒരു വിലപിടിപ്പുളള വസ്തു നശിപ്പിച്ചെന്ന വിളംബരമാണ് ഓരോ ത്വലാഖും.

വാക്കുകള്‍കൊണ്ട് ഒരാളെ മാറ്റാന്‍ കഴിയുമെങ്കില്‍ അവള്‍ക്കു വേണ്ടി ഞാനുമതാണ് ചെയ്തത്. നീര്‍ജീവമായി കിടന്ന അവളുടെ വിദ്യാഭ്യാസത്തെ പുനരുജ്ജീവിപ്പിക്കുക. ആ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടു തന്നെ ക്രൂശിക്കപ്പെട്ടവളെ വീണ്ടും വീണ്ടും ക്രൂശിക്കുന്ന ആ കമ്പനിയില്‍ നിന്നും ഞാനവളെ വിളിച്ചിറക്കി കൊണ്ടു വന്നു. പ്രതീക്ഷയുടെ വിത്തുകള്‍ തരിശുനിലത്തില്‍ പാകിയാലുള്ള അവസ്ഥയായിരുന്നു പിന്നെ. 

പ്രതികരണമില്ലാത്ത അവസ്ഥ.

കുറ്റം പറയാന്‍ എനിക്കെന്താണര്‍ഹത?  അവളനുഭവിച്ചതിന്റെ നൂറിലൊന്നു പോലും ഞാനനുഭവിച്ചിട്ടില്ല. പക്ഷെ ആത്മ വിശ്വാസം നല്‍കുവാനെനിക്ക് കഴിയുമായിരുന്നു.

അല്ലെങ്കിലും ആരാണ് യാഥാര്‍ത്യത്തില്‍ ജീവിതത്തില്‍ തളരാത്തത്? ചിന്തകള്‍കൊണ്ടും വാക്കുകള്‍ കൊണ്ടും തളര്‍ത്താനും വളര്‍ത്താനും കഴിയുന്നതാണ് ഓരോ വ്യക്തിയുടെയും മനസ്സ്. എന്റെ വാക്കുകള്‍ക്ക് നേരെ അവള്‍ മന്ദഹസിച്ചപ്പോള്‍ ഓരായിരം പൂക്കള്‍ വിരിയുന്നത് ഞാന്‍ കണ്ടു. 

'നിന്നെ ഞാനോര്‍ക്കുന്ന പോലെ മറ്റാരെയും ഞാനോര്‍ക്കുകയില്ല'-അവളുടെ വാക്കുകള്‍ ഇപ്പോഴും എന്നില്‍ മുഴങ്ങുന്നു. 

അവളില്ലാത്ത ക്ലാസ്മുറിയുടെ ശൂന്യതയാരും അറിഞ്ഞിരിക്കയില്ല. പക്ഷെ ഇന്നവളുള്ളതിന്റെ പ്രസരിപ്പും പൊട്ടിച്ചിരികളും സൗഹൃദങ്ങളുമവിടെ മുഴങ്ങി കേള്‍ക്കുന്നു. ദുസ്വപ്നങ്ങളില്‍ നിന്ന് മോചിതയായി അവള്‍ പാറി നടക്കുന്നു. വാതോരാതെ ഇന്നവള്‍ സംസാരിക്കുന്നു. സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണിടാനവിടെ പൊന്നു കൊണ്ടു തീര്‍ത്ത ബന്ധനങ്ങളില്ല! ബന്ധനം മുറിയുമോയെന്നോര്‍ക്കുന്ന ആവലാതികളില്ല!

കൂട്ടുകാരീ, ഇനി നിനക്ക് ചിറകു വിടര്‍ത്തി പറക്കാം, ഉയരങ്ങളിലേക്ക്.