സ്വന്തം പണം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഈ ​ഗെയിം കളിച്ചതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. എന്നാൽ, ഈ ബില്ലുകൾ അടയ്‌ക്കാൻ കൊസാക്ക് പള്ളിയുടെ ക്രെഡിറ്റ് കാർഡാണ് ഉപയോ​ഗിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടികളോട് നമ്മൾ പലപ്പോഴും കൂടുതൽ സമയം മൊബൈലിൽ ​ഗെയിം കളിച്ചിരിക്കരുത് എന്ന് പറയാറുണ്ട്. അതിന്റെ അപകടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനും ശ്രമിക്കാറുണ്ട്. എന്നാൽ, ഒരു പുരോഹിതൻ ​ഗെയിമിന് അടിമയാവുകയും അതിന്റെ ഫലം അനുഭവിക്കേണ്ടിയും വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? 

മൊബൈൽ ഗെയിമിംഗിനോടുള്ള ആസക്തി കാരണം ഒരു കത്തോലിക്കാ പുരോഹിതനാണ് ആകെ പണി കിട്ടിയത്. റവ. ലോറൻസ് കൊസാക്ക് എന്ന പുരോഹിതനെ അടുത്തിടെ അറസ്റ്റും ചെയ്തു. ​ഗെയിമിന് അടിമയായാൽ അറസ്റ്റ് ചെയ്യുന്നത് എന്തിനാണ് എന്നല്ലേ? കാൻഡി ക്രഷ്, മാരിയോ കാർട്ട് തുടങ്ങിയ ​ഗെയിം കളിക്കുന്നതിന് വേണ്ടി​ 40,000 ഡോളർ (ഏകദേശം 33 ലക്ഷം രൂപ) പള്ളി ഫണ്ടിൽ നിന്നും മോഷ്ടിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഒപ്പം അതിൽ നിന്നുള്ള കാശ് കൊണ്ട് ​തന്റെ ​ഗോഡ്‍ഡോട്ടറിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകി എന്നും പറയുന്നു. 

സ്വന്തം പണം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഈ ​ഗെയിം കളിച്ചതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. എന്നാൽ, ഈ ബില്ലുകൾ അടയ്‌ക്കാൻ കൊസാക്ക് പള്ളിയുടെ ക്രെഡിറ്റ് കാർഡാണ് ഉപയോ​ഗിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. അങ്ങനെ സെൻ്റ് തോമസ് മോർ ചർച്ചിലെ ചുമതലകളിൽ നിന്ന് കൊസാക്കിനെ ഒഴിവാക്കുകയും ചെയ്തു. 

2024 ഏപ്രിൽ 25 -ന് പുരോഹിതൻ പള്ളിയുടെ ഫണ്ടിൽ നിന്നും പണം തട്ടിച്ചതായി സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ ​ഗെയിമിം​ഗിനോടുള്ള ആസക്തിയിൽ നിന്നും മാറി നടക്കാൻ താൻ പ്രൊഫഷണലുകളുടെ സഹായം തേടിയിരുന്നു എന്ന് പുരോഹിതൻ പറഞ്ഞു. ഒപ്പം പള്ളിയുടെ അക്കൗണ്ട് തന്റെ മൊബൈലിൽ ഉപയോ​ഗിച്ചിരുന്നതിനാൽ സംഭവിച്ചതാണ് എന്നും ഇയാൾ പറഞ്ഞിരുന്നു. 

രേഖകൾ അനുസരിച്ച്, ക്രെഡിറ്റ് കാർഡ് കടത്തിൻ്റെ ഒരു ഭാഗം തീർക്കാനായി കൊസാക്ക് തൻ്റെ സ്വകാര്യ ഫണ്ടിൽ നിന്ന് 10,000 ഡോളർ (8 ലക്ഷം രൂപ) നൽകി. ഒപ്പം, അറസ്റ്റിനെത്തുടർന്ന്, ക്ഷമ പറയുകയും ആറ് ലക്ഷത്തിന്റെ ചെക്ക് നൽകുകയും ചെയ്തിട്ടുണ്ട്.