Asianet News MalayalamAsianet News Malayalam

ആർത്തവ രക്തവും, കാന്തിക ശക്തിയും തമ്മിലുള്ള ബന്ധമെന്താണ്?

ഹീമോഗ്ളോബിനിൽ ഇരുമ്പ് ഉണ്ട് എന്നതു കൊണ്ട് ഫെറോമാഗ്നെറ്റിക് (Ferromagnetic) അല്ല; അതായത് കാന്തവും ആയി ആകർഷിക്കുന്ന വസ്തു അല്ല എന്ന്. വേറൊരു കാര്യം കൂടി, MRI (Magnetic resonance imaging) സ്കാനിംഗിന് ഉപയോഗിക്കുന്ന കാന്തശക്തി 0.5-Tesla മുതൽ 3.0-Tesla (അല്ലെങ്കിൽ 5,000 to 30,000 gauss വരെയാണ്). 

suresh c pillai on sabarimala issue
Author
Thiruvananthapuram, First Published Oct 3, 2018, 12:50 PM IST

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നിട്ട് കുറച്ചു ദിവസമായി. അതോടെ, അതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും പറയുന്ന വാദം, ആര്‍ത്തവം അശുദ്ധമാണെന്നും ആ സമയത്ത് അമ്പലത്തില്‍ കയറരുത് എന്നുമാണ്. കാന്തികമണ്ഡലവും, ആര്‍ത്തവ രക്തവുമായി ബന്ധപ്പെടുത്തിയും നിരവധി ചര്‍ച്ചകളുയര്‍ന്നു. ന്യൂയോര്‍ക്കില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി ഡോ. നിഷ പിള്ള ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണവും പലരും കണ്ടുകഴിഞ്ഞു. എന്നാല്‍ ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ? ഡോ. സുരേഷ് സി. പിള്ള എഴുതുന്നു. 

suresh c pillai on sabarimala issue

വാട്ട് സാപ്പ്, ഫേസ്ബുക്ക് ഒക്കെ തുറന്നാൽ മുഴുവൻ കാന്തികമണ്ഡലവും, രക്തവും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ചര്‍ച്ച ആണ്. ശരിക്കും കാന്തികമണ്ഡലവും, രക്തവും തമ്മിൽ ആകർഷണ വികർഷണങ്ങൾ ഉണ്ടാവുമോ?

നമുക്ക് ഇത് ഓരോന്നായി നോക്കാം;
ആദ്യമായി കാന്തിക ശക്തിയുള്ള വസ്തുക്കളെ എങ്ങനെയാണ് തരം തിരിക്കുന്നത് എന്ന് അറിയണം.

ഫെറോമാഗ്നെറ്റിക് (Ferromagnetic) മെറ്റീരിയലുകൾ എന്നാൽ ഇരുമ്പു പോലെയുള്ള ലോഹങ്ങളെ, അതായത് സ്ഥിരമായി കാന്തം (permanent magnets) ആകാൻ കഴിവുള്ളതും, അല്ലെങ്കിൽ കാന്തത്തിനാൽ ശക്തമായി ആകർഷിക്കപ്പെടുന്ന വസ്തുക്കൾ ആണ്.

പാരാമാഗ്നെറ്റിക് (Paramagnetic) മെറ്റീരിയലുകൾ എന്നാൽ കാന്തത്തിനാൽ വളരെ ശക്തി കുറഞ്ഞ് ആകർഷിക്കപ്പെടുന്ന വസ്തുക്കൾ ആണ്. ഉദാഹരണത്തിന്, അലുമിനിയം പോലുള്ള ലോഹങ്ങൾ.

നമ്മുടെ രക്തത്തിൽ ഇരുമ്പില്ലേ? അത് ഭൂമിയുടെ ഭൗമ കാന്തികമണ്ഡലവും ആയി ആകർഷണം ഉണ്ടാവില്ലേ

ഇനി ഡയാമാഗ്നെറ്റിക് (diamagnetic) എന്നാൽ കാന്തം വരുമ്പോൾ വികർഷണ (repel) സ്വഭാവം കാണിക്കുന്ന വസ്തുക്കൾ. ഉദാഹരണത്തിന് ചെമ്പു (copper) പോലുള്ള ലോഹങ്ങൾ.

ഇനി ആന്റി ഫെറോമാഗ്നെറ്റിക് (antiferromagnetic) എന്നാൽ ശക്തമായ കാന്തിക ശക്തി ഇല്ലാത്തതും എന്നാൽ കാന്തിക ശക്തി ഇലക്ട്രോണുകളുടെ ഭ്രമണം (Spin) കൊണ്ട് ഉണ്ടാവുന്നതും ആണ്. ഉദാഹരണം ക്രോമിയം ലോഹം.

'അപ്പോൾ, നമ്മുടെ രക്തത്തിൽ ഇരുമ്പില്ലേ? അത് ഭൂമിയുടെ ഭൗമ കാന്തികമണ്ഡലവും (geomagnetic field) ആയി ആകർഷണം ഉണ്ടാവില്ലേ?' നമ്മൾ പെട്ടെന്ന് ആലോചിച്ചാൽ ഇത് ശരിയാണെന്നു തോന്നും, ഇല്ലേ? രണ്ടു കാര്യങ്ങൾ ആണ് പ്രധാനപ്പെട്ടത്. ഒന്ന്, ആദ്യം പറഞ്ഞില്ലേ ഭൂമിയുടെ കാന്തിക മണ്ഡലം ദുര്‍ബലമായതാണ് എന്ന്. അതായത് ഈ കാന്തിക ശക്തിയുടെ അളവ് 25 മുതൽ 65 വരെ microteslas (അല്ലെങ്കിൽ 0.25 to 0.65 gauss) മാത്രമേ ഉള്ളൂ. ഒരു മൈക്രോ tesla എന്നാൽ 0.000001 tesla ആണ്. അതായത് 25 microteslas എന്ന് പറഞ്ഞാൽ 0.000025 tesla.

അപ്പോൾ ഹീമോഗ്ളോബിൻ കാന്തവും ആയി ആകര്‍ഷിക്കുമോ

ഹീമോഗ്ളോബിനിലുള്ള ഇരുമ്പ് അല്ലെങ്കിൽ (Fe) Iron ലോഹമായല്ല അതിൽ നിലകൊള്ളുന്നത്, പിന്നെയോ? ഒരു സംയുക്തം (Compound) ആയാണ്. അതായത്, ഹീമോഗ്ളോബിൻ എന്നാൽ Oxygen, Hydrogen, Nitrogen,Sulphur, Iron ഇവയെല്ലാം ചേർന്ന ഒരു ബയോ കെമിക്കൽ കോമ്പൗണ്ട് ആണ് (metalloprotein) ആണ്. ഇതിന്റെ രാസനാമം (C2952H4664O832N812S8Fe4) ആണ്. ഇതിന് മുകളിൽ പറഞ്ഞ ഒരു മൂലകങ്ങളുടെയും ഗുണം കാണില്ല. ഇതൊരു പുതിയ കോമ്പൗണ്ട് ആണ്.

ഉദാഹരണത്തിന് ഹൈഡ്രജൻ, ഓക്സിജൻ ഇവ ചേർന്ന് വെള്ളം ഉണ്ടാകില്ലേ? വെള്ളത്തിന് ഹൈഡ്രജൻ, ഓക്സിജൻ ഇവയുടെ രണ്ടിന്‍റെയും ഗുണം ഇല്ലല്ലോ? അതുപോലെ ഹീമോഗ്ളോബിനിലുള്ള ഇരുമ്പ് സ്വതന്ത്രം അല്ല. അതിന് ലോഹമായ ഇരുമ്പിന്റെ ഗുണം ഇല്ല എന്നർത്ഥം. ഹീമോഗ്ളോബിൻ ശരീരത്തിന്‍റെ നാനാഭാഗങ്ങളിൽ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ വഹിച്ചു കൊണ്ടു പോകുന്ന ഒരു പ്രോട്ടീൻ ആണ്.

"അപ്പോൾ ഹീമോഗ്ളോബിൻ കാന്തവും ആയി ആകര്‍ഷിക്കുമോ?"

ഓക്സിജൻ വഹിച്ചു കൊണ്ടു പോകുന്നത് (Oxygenated) ഹീമോഗ്ളോബിൻ ഡയാമാഗ്നെറ്റിക് (diamagnetic) ആണ്. അതായത് നേരത്തെ പറഞ്ഞ പോലെ കാന്തം വരുമ്പോൾ വികർഷണ (repel) സ്വഭാവം കാണിക്കുന്ന വസ്തുവാണ്. എന്നാൽ, ഓക്സിജൻ സെല്ലുകൾക്ക് കൊടുത്തു കഴിഞ്ഞ (deoxygenated) ഹീമോഗ്ളോബിൻ പരാമാഗ്നെറ്റിക് ആണ്, അതായത് അലുമിനിയം ഒക്കെ പോലെ വളരെ ചെറിയ രീതിയിലുള്ള ആകർഷണ സ്വഭാവം കാന്തത്തോട് കാണിക്കും.

അമ്പലവും കാന്തിക മണ്ഡലവും ആയി ബന്ധപ്പെട്ട ഒരു ശാസ്ത്ര പഠനങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല

ഇപ്പോൾ മനസ്സിലായോ, ഹീമോഗ്ളോബിനിൽ ഇരുമ്പ് ഉണ്ട് എന്നതു കൊണ്ട് ഫെറോമാഗ്നെറ്റിക് (Ferromagnetic) അല്ല; അതായത് കാന്തവും ആയി ആകർഷിക്കുന്ന വസ്തു അല്ല എന്ന്. വേറൊരു കാര്യം കൂടി, MRI (Magnetic resonance imaging) സ്കാനിംഗിന് ഉപയോഗിക്കുന്ന കാന്തശക്തി 0.5-Tesla മുതൽ 3.0-Tesla (അല്ലെങ്കിൽ 5,000 to 30,000 gauss വരെയാണ്). ഇത്, ഭൂമിയുടെ പ്രതലത്തിൽ ഉള്ള കാന്ത ശക്തിയേക്കാൾ ഏകദേശം 20,000 മടങ്ങു കൂടുതൽ ആണ്. ശരീരത്തിലുള്ള ഇരുമ്പ് ഫെറോമാഗ്നെറ്റിക് (Ferromagnetic) ആണെങ്കിൽ ഞരമ്പുകൾ ഒക്കെ പൊട്ടി രക്തം പുറത്തു വരികില്ലായിരുന്നോ?

അപ്പോൾ അമ്പലത്തിനു ചുറ്റുമുള്ള കാന്തിക മണ്ഡലമോ?

ഭൂമിയുടെ കാന്തിക മണ്ഡലം ദുര്‍ബലമായതാണ് എന്ന് പറഞ്ഞല്ലോ. അതായത് ഈ കാന്തിക ശക്തിയുടെ അളവ് 25 മുതൽ 65 വരെ microteslas (അല്ലെങ്കിൽ 0.25 to 0.65 gauss) മാത്രമേ ഉള്ളൂ. ഒരു മൈക്രോ tesla എന്നാൽ 0.000001 tesla ആണ്. അതായത് 25 microteslas എന്ന് പറഞ്ഞാൽ 0.000025 tesla എന്നും പറഞ്ഞല്ലോ? അപ്പോൾ മണ്ണ് കൊണ്ടും, കല്ല് കൊണ്ടും, ലോഹങ്ങൾ കൊണ്ടും ഉണ്ടാക്കിയ അമ്പലത്തിൽ എവിടെ നിന്നാണ് കാന്തിക മണ്ഡലം വരുന്നത്? ഇന്ന് ഇതറിയുവാനായി ലഞ്ച് ബ്രേക്കിൽ കുറെ നേരം ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ തിരഞ്ഞു, അമ്പലവും കാന്തിക മണ്ഡലവും ആയി ബന്ധപ്പെട്ട ഒരു ശാസ്ത്ര പഠനങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. (ഉണ്ട് എന്ന് ആരെങ്കിലും കാണിച്ചു തന്നാൽ തിരുത്താനും തയ്യാറാണ്). ഇനി അമ്പലത്തിൽ കാന്തിക ബലം ഉണ്ടെന്ന് വാദത്തിനായി സമ്മതിച്ചാൽ തന്നെ അതുമായി നമ്മുടെ രക്തത്തിൽ അതിന് യാതൊരു പ്രഭാവവും ചെലുത്താൻ പറ്റില്ല എന്ന് മുകളിൽ നിന്നും വായിച്ചതിൽ നിന്നും ഉറപ്പിക്കാമല്ലോ?

അപ്പോൾ ചുരുക്കത്തിൽ ആർത്തവ രക്തവും അമ്പലത്തിലെ (ഇല്ലാത്ത) കാന്തിക മണ്ഡലവും ആയി യാതൊരു ബന്ധവും ഇല്ല എന്നും പ്രത്യേകം പറയേണ്ടല്ലോ?

കൂടുതൽ വായനയ്ക്ക്;

1) Roger Elliott, The story of magnetism, Physica A: Statistical Mechanics and its Applications, Volume 384, Issue 1, 1 October 2007, Pages 44–52

2) J.M.D. Coey, Magnetism in Future, Journal of Magnetism and Magnetic Materials 226–230:2107-2112 • May 2001,

3) Paulo A. Augusto, Teresa Castelo-Grande, Pedro Augusto 
Magnetic classification in health sciences and in chemical engineering, Chemical Engineering Journal 111 (2005) 85–90.

4 ) Finlay, C. et al. "International Geomagnetic Reference Field: the eleventh generation". Geophysical Journal International. 183 (3): 1216–1230.

5) Livingston, James D. (1996). Driving Force: The Natural Magic of Magnets. Harvard University Press. pp. 14–20. ISBN 0674216458.

6 ) Wasilewski, Peter; Günther Kletetschka (1999). "Lodestone: Nature's only permanent magnet - What it is and how it gets charged". Geophysical Research Letters. 26 (15): 2275–78. Bibcode:1999GeoRL..26.2275W.

Follow Us:
Download App:
  • android
  • ios