കുട്ടികളുടെ ജീവിതത്തിലെ വെളിച്ചമാണ് അധ്യാപകർ. വിദ്യാർത്ഥികളുടെ വളർച്ചയിൽ അധ്യാപകരുടെ പങ്ക് ചെറുതല്ല. തന്റെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായ 35 -കാരനായ അധ്യാപകനാണ് സുബ്രത പതി. രാജ്യത്ത് അധ്യയനം ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകളിലേക്ക് ഒതുങ്ങുമ്പോൾ പല ഗ്രാമങ്ങളിലും, അതുപോലെ വിദൂര പ്രദേശങ്ങളിലും സിഗ്നൽ ലഭിക്കാതെ കുട്ടികൾ വിഷമിക്കുകയാണ്. എന്നാൽ, വിദ്യാർത്ഥികളെ പോലെത്തന്നെ റേഞ്ച് ഇല്ലാത്തതിന്റെ പേരിൽ കഷ്ടപ്പെടുന്ന അധ്യാപകരും നമ്മുടെ രാജ്യത്ത് കുറവല്ല. അതിലൊരാളാണ് പതി. എന്നിട്ടും തന്റെ കുട്ടികൾ കഷ്ടപ്പെടരുത് എന്നു കരുതി അദ്ദേഹം ചെയ‍തതെന്തെന്നോ? തന്റെ വീടിനടുത്തുള്ള ഒരു വേപ്പിൻ മരത്തിന്റെ മുകളിൽ ഒരു ഏറുമാടം കെട്ടി അവിടെ ഇരുന്നു ക്ലാസ് എടുക്കാൻ തുടങ്ങി ആ ചരിത്ര അദ്ധ്യാപകൻ.  

കൊൽക്കത്തയിൽ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളായ അദാമസ് യൂണിവേഴ്സിറ്റിയിലും, റൈസ് എഡ്യൂക്കേഷനിലും പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കൊറോണ വൈറസിനെ തുടർന്ന് പതിയ്ക്ക് കൊൽക്കത്തയിൽ നിന്ന് തന്റെ ഗ്രാമമായ പശ്ചിമ ബംഗാളിലെ തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങേണ്ടിവന്നു. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ഇന്റർനെറ്റ് കണക്ഷൻ വളരെ മോശമാണ്. പതിയ്ക്ക് വേണമെങ്കിൽ അതിന്റെ പേരും പറഞ്ഞു സുഖമായി തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മറാമായിരുന്നു. എന്നാൽ കുട്ടികൾ ക്ലാസ്സ് കിട്ടാതെ വിഷമിക്കരുത് എന്ന ചിന്തയിലാണ് അദ്ദേഹം ഈ സാഹസത്തിന് മുതിർന്നത്.  

സുഹൃത്തുക്കളുടെ സഹായത്തോടെ, മുളയും വൈക്കോലും കയറും ഉപയോഗിച്ച് വീടിനടുത്തുള്ള ഒരു വേപ്പ് മരത്തിന്റെ കൊമ്പുകൾക്കിടയിൽ പതി കൂടുകെട്ടി. ഇപ്പോൾ അദ്ദേഹം എല്ലാ ദിവസവും മരത്തിന്റെ ശാഖകൾക്കിടയിൽ ഇരുന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കുന്നു. പകൽ മണിക്കൂറുകളോളം അദ്ദേഹം അവിടെ ഇരുന്നു ക്ലാസെടുക്കുന്നു. അതിനാൽ ഭക്ഷണവും വെള്ളവും പതി കൂടെ കൊണ്ടുപോകുന്നു. എന്നാൽ ഇത് ഒട്ടും എളുപ്പമല്ല.  ഉച്ചയാകുമ്പോഴേക്കും നല്ല ചൂടാകുമെന്നും അപ്പോൾ അവിടെ ഇരിക്കുന്നത് വളരെ ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. "അതുപോലെ തന്നെ ചിലപ്പോൾ, ടോയ്‌ലറ്റിൽ പോകാൻ കഴിയില്ല. മഴയും ഒരു പ്രശ്നമാണ്. വെള്ളവും, സൂര്യപ്രകാശവും തട്ടി മുളയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, അവ വീണ്ടും കെട്ടണം" അദ്ദേഹം പറഞ്ഞു.  

എന്നിരുന്നാലും, ഉയരത്തിൽ ഇരിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് എന്നദ്ദേഹം പറയുന്നു. സെൽഫോണിൽ മികച്ച സിഗ്നലുകൾ ലഭിക്കുന്നു, സാമൂഹിക അകലം പാലിക്കാൻ സാധിക്കുന്നു, അങ്ങനെ പലതും. കഠിനമായ കാലാവസ്ഥ, ചൂട്, കൊടുങ്കാറ്റ് എന്നിവ പലപ്പോഴും അദ്ദേഹത്തിന് വെല്ലുവിളികളാണെങ്കിലും, തന്റെ വിദ്യാർത്ഥികളുടെ മുഖം ഓർക്കുമ്പോൾ അതെല്ലാം മറക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ക്ലാസിലെ ഹാജർ മിക്കപ്പോഴും ഫുള്ളാണ്. ഇത് തനിക്ക് ആത്മവിശ്വാസം നൽകുന്നുവെന്ന് പതി പറഞ്ഞു. തുടക്കം മുതൽ അദ്ദേഹം തന്റെ ജോലിയോട് കാണിച്ച ആത്മാർത്ഥത കണ്ട് എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കുന്നു. "കഠിനാധ്വാനവും ഇച്ഛാശക്തിയും ഉപയോഗിച്ച് തടസ്സങ്ങളെ എങ്ങനെ മറികടക്കാമെന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണ് അദ്ദേഹം, ”അദാമസ് യൂണിവേഴ്‌സിറ്റി ചാൻസലർ സമിത് റോയ് പറഞ്ഞു.