സബ്സിഡി വേണ്ട വളങ്ങള്‍ വാങ്ങണമെങ്കില്‍ വില്‍പ്പന ശാലകളില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കി കൈവിരല്‍ അടയാളം രേഖപ്പെടുത്തണമെന്ന നിബന്ധന വരുന്നു. കമ്പ്യൂട്ടര്‍ സംവിധാനങ്ങളും മറ്റും സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഗ്രാമപ്രദേശങ്ങളിലെ വളക്കടകളില്‍ പൊട്ടാഷും യൂറിയയും ഇപ്പോള്‍ തന്നെ വില്‍പ്പന നിര്‍ത്തി. ചരക്ക് സേവന മൂലം വളത്തിന് വില വര്‍ധിച്ചതിനൊപ്പം പുതിയ നിബന്ധനകളും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്.

ഇതുവരെ ഡീലര്‍മാര്‍ക്കായിരുന്നു വളം സബ്സിഡി നല്‍കിയിരുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് നേരിട്ട് സബ്സിഡി നല്‍കാനാണ് ജി.എസ്.ടിക്ക് ശേഷം  ഇപ്പോഴുള്ള തീരുമാനം. ഇതോടെ സബ്സിഡി വേണ്ട വളങ്ങള്‍ വാങ്ങണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ആധാര്‍ കാര്‍ഡുമായി കര്‍ഷകന്‍ വന്നാല്‍ മാത്രം പോര കൈവിരല്‍ അടയാളം രേഖപ്പെടുത്തുകയും വേണം. ഇതിനുള്ള സോഫ്ട്‍വെയറും പ്രത്യേക മെഷീനും വളം വില്‍ക്കുന്ന കടകളില്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ചെറിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വളം വില്‍പ്പന കടകളില്‍ ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുക പ്രായോഗികമല്ല.

കമ്പ്യൂട്ടര്‍ സംവിധാനങ്ങളും മറ്റും സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഗ്രാമപ്രദേശങ്ങളിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ സബ്സിഡി വളങ്ങളായ പൊട്ടാഷും യൂറിയയും ഫാക്ടം‍ഫോസും ഇപ്പോള്‍ വില്‍ക്കുന്നില്ല. ഇതോടെ കാര്‍ഷിക മേഖലയിലും ജി.എസ്.ടി നല്‍കുന്നത് തിരിച്ചടി തന്നെ. ജി.എസ്.ടി വന്നതോടെ വളങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചു. ജി.എസ്.ടിയുടെ പേരില്‍ നടപ്പിലാക്കുന്ന പുതിയ പരിഷ്ക്കാരം കൂടിയാവുന്നതോടെ കര്‍ഷകര്‍ക്ക് അവശ്യവളങ്ങള്‍ ഗ്രാമങ്ങളിലെ കടകളില്‍ നിന്ന് ലഭിക്കാത്ത അവസ്ഥ വരും.