അനാവശ്യ വായ്പ വേണ്ട
എന്തു കാര്യത്തിനും വായ്പയെടുക്കുന്നതു മലയാളിയുടെ ശീലമായി മാറിയിരിക്കുന്നു. വീടു വയ്ക്കുന്നതു മുതല്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനുവരെ വായ്പ. ധനകാര്യ സ്ഥാപനങ്ങളുടെ ഓഫറുകള്‍കൂടിയായപ്പോള്‍ വായ്പയെടുക്കാതെ വയ്യെന്നായി. എന്നാല്‍, വായ്പ എടുക്കുംമുന്‍പ് ആലോചിക്കുക; ഇത് എനിക്ക് ആവശ്യമുള്ളതാണോ? വായ്പ തിരിച്ചടവ് കഴിയുമോ? 100 ശതമാനം യെസ് എന്നാണ് ഉത്തരമെങ്കില്‍ മാത്രം വായ്പയെടുക്കുക.

അനാവശ്യ ചെലവ് ഒഴിവാക്കാം
നമ്മളില്‍ പലരുടേയും ദിനംപ്രതിയുള്ള ചെലവ് മുഴുവന്‍ കണക്കുകൂട്ടിയാല്‍ അതില്‍ 20 ശതമാനമെങ്കിലും അനാവശ്യ ചെലവാണെന്നു കാണാം. ചിലര്‍ക്ക് അത് 50 ശതമാനത്തിനും മേലാണ്. അനാവശ്യ ചെലവുകള്‍ കുറച്ചുനോക്കൂ. മാസാവസാനം എത്ര രൂപ കയ്യില്‍ വരുമെന്നു കാണാം. കടം വാങ്ങുന്ന പണത്തേക്കാള്‍ കൂടുതലായിരിക്കും ഒരുപക്ഷേ ഇത്.

വരവിനേക്കാള്‍ ചെലവ് അധികമാകരുത്
വരവിനേക്കാള്‍ ചെലവ് അധികരിക്കുമ്പോഴാണു ബാക്കി കാര്യങ്ങള്‍ക്കായി കടം വാങ്ങേണ്ടിവരുന്നത്. ഇത് ഒഴിവാക്കാന്‍ മാസത്തിന്റെ തുടക്കത്തില്‍ത്തന്നെ ഒരു ബജറ്റ് തയാറാക്കണം. അതനുസരിച്ചു കൃത്യമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. ഒരു ആറു മാസം ചെയ്തു നോക്കൂ.. സാമ്പത്തിക അച്ചടക്കം വരും.

എമര്‍ജന്‍സി ഫണ്ട് വേണം
കുടുംബ ബജറ്റ് തയാറാക്കുമ്പോള്‍ ഓരോ മാസവും എമര്‍ജന്‍സി ഫണ്ട് എന്ന നിലയ്ക്ക് കുറച്ചു പണം മാറ്റിവയ്ക്കുന്നതു നല്ലതാണ്. പെട്ടെന്ന് ഒരു അസുഖമോ മറ്റ് ആവശ്യമോ വന്നാല്‍ ചെലവഴിക്കാം. അല്ലെങ്കില്‍ ബജറ്റ് താളംതെറ്റും, കടം വാങ്ങേണ്ടിവരും.

ക്രെഡിറ്റ് സ്കോര്‍
വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതു കൃത്യമായി തിരിച്ചടയ്ക്കാന്‍ ശ്രദ്ധിക്കണം. ക്രെഡിറ്റ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് ധനകാര്യ സ്ഥാപനങ്ങള്‍ നമ്മുടെ സാമ്പത്തിക സ്ഥിതി നിശ്ചയിക്കുന്നത്. തിരിച്ചടവ് വീഴ്ചവരുത്തിയാല്‍ ക്രെഡിറ്റ് സ്കോര്‍ നെഗറ്റിവാകും. അങ്ങനെയുള്ളവര്‍ക്കു വായ്പയോ മറ്റു സാമ്പത്തിക സഹായമോ നല്‍കാന്‍ ഒരു ധനകാര്യ സ്ഥാപനവും തയാറാവില്ല.