സാധാരണഗതിയില്‍ ഒരു വ്യക്തിയില്‍ കാണപ്പെടുന്ന സാമ്പത്തിക ശീലങ്ങള്‍, ചെറുപ്പത്തിലേ അയാള്‍ക്ക് ലഭിച്ചതായിരിക്കും. രക്ഷിതാക്കളില്‍നിന്നും ചുറ്റുപാടുകളില്‍നിന്നുമാണ് ഈ ശീലങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത്. കുട്ടിയായിരിക്കുമ്പോഴേ നല്ല സാമ്പത്തിക അച്ചടക്കം പാലിക്കുന്നവര്‍, വലുതാകുമ്പോള്‍, സ്വന്തം സമ്പത്ത് വിദഗ്ദ്ധമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തമായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍, ശരിയായ രീതിയില്‍ സമ്പാദിക്കാനും ചെലവാക്കാനും പഠിച്ചവര്‍ക്ക് പിന്നീട് നല്ല രീതിയില്‍ നിക്ഷേപിക്കാനും ഓഹരിവിപണികളില്‍ ഇടപെടാനും സാധിക്കും. അതുകൊണ്ടുതന്നെയാണ് കുട്ടികളില്‍ ശരിയായ രീതിയിലുള്ള സാമ്പത്തിക ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത്.

സമ്പാദ്യം...

പണത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കുന്നതിനേക്കാള്‍ എങ്ങനെ സമ്പത്ത് കരുതിവെക്കണമെന്ന പാഠമാണ് കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത്. ഓരോ മാസവും കുട്ടികള്‍ക്ക് നിശ്ചിത തുക നല്‍കുകയും, അവരുടെ ആവശ്യങ്ങള്‍ക്കായി, അത് കരുതിവെക്കാന്‍ ശീലിപ്പിക്കുകയും വേണം. ഇത് കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക മാത്രമല്ല, ക്ഷമയോടെ ഇടപെടാന്‍ സഹായിക്കുകയും ചെയ്യും. കുട്ടിക്കാലത്ത് പോക്കറ്റ് മണി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസിലാക്കുന്നവര്‍ക്ക് പിന്നീട് എത്രത്തോളം പണം കരുതിവെക്കണമെന്നും, അതില്‍ എത്രത്തോളം ചെലവഴിക്കണമെന്നും പഠിക്കും. വളര്‍ന്ന് വലുതാകുമ്പോള്‍, മാസതോറുമുള്ള ജീവിതച്ചെലവിനുള്ള പണം ഫലപ്രദമായി വിനിയോഗിക്കാനും, സമ്പാദ്യം വളര്‍ത്തുന്നതിനുമുള്ള പാഠം അയാള്‍ പഠിച്ചിരിക്കും.

ആവശ്യവും ആഡംബരവും...

സാധനം ആദ്യം വാങ്ങുകയും പിന്നീട് പണമൊടുക്കുകയും ചെയ്യുന്ന പ്ലാസിറ്റിക് മണിയുടെയും ഡിജിറ്റല്‍ മണിയുടെയും കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. നാളെയുടെ ആവശ്യങ്ങള്‍ക്കായി കരുതിവെക്കുന്നതിനേക്കാള്‍, ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാനായിരിക്കും ഏവര്‍ക്കും താല്‍പര്യം. കുട്ടിയായിരിക്കുമ്പോള്‍ പഠിക്കുന്ന പാഠത്തിന് അനുസരിച്ചായിരിക്കും, ഒരു ലക്ഷ്യത്തിനുവേണ്ടി അച്ചടക്കത്തോടെയുള്ള ചെലവാക്കല്‍ ശീലം ഒരാളില്‍ ഉണ്ടായിവരുന്നത്. ഒരു ലക്ഷ്യം നിറവേറ്റുന്നതിനായി, ബുദ്ധിപൂര്‍വ്വം പണം കരുതിവെച്ച് ചെലവഴിക്കേണ്ടത് എങ്ങനെയെന്ന് കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുക. അതായത്, നിങ്ങള്‍ കൊടുക്കുന്ന പോക്കറ്റ് മണിയില്‍നിന്ന് കുറച്ചുപണം, ദിവസവും മാറ്റിവെച്ച് ഒന്നോ രണ്ടോ ആഴ്‌ചകള്‍കൊണ്ട് ആവശ്യമായ ബുക്കും പേനയും വാങ്ങാന്‍ ശീലിപ്പിക്കുക. അതുപോലെ, കുറച്ചുകൂടി വലിയ ആവശ്യമായ ലാപ്‌ടോപ്പ് പോലെയുള്ളവ വാങ്ങിപ്പിക്കാന്‍ വേണ്ടി, മാസങ്ങള്‍നീണ്ട കരുതിവെക്കല്‍ ശീലിപ്പിക്കണം.

ഓരോ മാസവും ബജറ്റ് വേണം...

ജീവിതച്ചെലവ് സംബന്ധിച്ച് ഓരോ മാസവും കൃത്യമായ ബജറ്റ് പ്ലാന്‍ ഉണ്ടാക്കുകയും, അത് കുട്ടികള്‍ക്ക് ഉറക്കെ വായിച്ചുനല്‍കുകയും വേണം. ഒരു സാധനത്തിന് മറ്റുള്ളവയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് എന്തുകൊണ്ടാണെന്ന് അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയും വേണം. പണം കരുതിവെക്കേണ്ടതിന്റെയും ചെലവഴിക്കേണ്ടതിന്റെയും അടിസ്ഥാനപാഠങ്ങള്‍ കുട്ടികള്‍ പഠിച്ചാല്‍, അവര്‍ക്ക് ആവശ്യമായ ബജറ്റ് കുട്ടികളെക്കൊണ്ട് തന്നെ തയ്യാറാക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. ധൂര്‍ത്തില്ലാതെ, ശ്രദ്ധിച്ച് പണം ചെലവഴിക്കേണ്ടതിനെക്കുറിച്ചുള്ള വലിയ പാഠം ഇതിലൂടെ കുട്ടികള്‍ക്ക് ലഭിക്കും.

കഠിനാധ്വാനത്തിന്റെ ആവശ്യകത...

നമുക്ക് ആവശ്യമുള്ള പണം കഠിനാധ്വാനത്തിലൂടെയാണ് കണ്ടെത്തുന്നതെന്നും, അത് അനായാസം കൈകളില്‍ വന്നുചേരുന്നതല്ലെന്നുമുള്ള പാഠം കുട്ടികളെ പഠിപ്പിക്കണം. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക്, ഒരു ചെറിയ സമ്മാനം നല്‍കി ശീലിക്കണം. ഉദാഹരണത്തിന്, പൂന്തോട്ടം പരിപാലിക്കുന്നതിനോ, സ്വന്തം കിടക്ക വൃത്തിയാക്കുന്നതിനോ, ലഞ്ച് ബോക്‌സ് സ്വയം എടുത്തുവെക്കുന്നതിനോ ഒരു ചെറിയ നിശ്ചിത തുക കുട്ടികള്‍ക്ക് നല്‍കണം. തങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് ശരിയായ പ്രതിഫലം വേണമെന്ന പാഠം പിന്നീടുള്ള ജീവിതയാത്രയില്‍ അവര്‍ക്ക് തുണയാകും.

കടപ്പാട് - ബാങ്ക് ബസാര്‍