ദില്ലി: സാധാരണക്കാരുടെ സ്വര്‍ണം എന്നാണ് ഇന്ത്യയില്‍ വെള്ളി അറിയപ്പെടുന്നത്. സ്വര്‍ണത്തേക്കാള്‍ ഏറെ വിലക്കുറവുള്ള ലോഹത്തിന്  ഇന്ത്യയില്‍ ഡിമാന്‍റ് വര്‍ധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം വെള്ളി ഇറക്കുമതി 72 ശതമാനം വര്‍ധിച്ചു. ഓഗസ്റ്റില്‍ ഇറക്കുമതി 543.21 ടണ്ണായി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 316.4 ടണ്ണായിരുന്നു.

അതേസമയം ലോകത്തില്‍ രണ്ടാമത്തെ സ്വര്‍ണ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ ഇറക്കുമതി കഴിഞ്ഞ മൂന്ന് വര്‍ഷത്തിലെ ഏറ്റവും താണ നിലയിലാണെന്നും വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍  സ്വര്‍ണത്തിന്‍റെ ഇറക്കുമതി 32.1 ടണ്‍ ആയി കുറഞ്ഞതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 111.48 ഉണ്ടായിരുന്ന സ്ഥാനത്താണ് ഭീമമായ കുറവ്.

യുഎസ്--ചൈന വ്യാപാര യുദ്ധവും സെൻട്രൽ ബാങ്കുകളുടെ നയവും മാറ്റിയതോടെ ഈ വർഷം സ്വർണത്തിന് 18 ശതമാനത്തോളമാണ് വിലവര്‍ധിച്ചത്. വിലവര്‍ധനയോടൊപ്പം സ്വര്‍ണ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയതും സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് കുറച്ചു.

ചരിത്രത്തിലില്ലാത്ത വിലവര്‍ധനവാണ് സ്വര്‍ണത്തിന കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഉണ്ടായത്. പത്ത് ഗ്രാമിന് 39000 രൂപയ്ക്കടുത്ത് വരെ വിലയെത്തി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സ്വര്‍ണ ഇറക്കുമതിയില്‍ 12 ശതമാനം കുറവുണ്ടായി.  അതേസമയം വെള്ളി 25 ശതമാനം വര്‍ധനവും റേഖപ്പെടുത്തി.  3814.09 ടണ്‍ വെള്ളിയാണ് ഇക്കാലയളിവില്‍ ഇറക്കുമതി ചെയ്തത്.