തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഖാദിക്ക് മാത്രമേ ഇനിമുതല്‍ റിബേറ്റ് (വിലക്കിഴിവ്) നല്‍കൂവെന്ന വ്യവസായ വകുപ്പിന്‍റെ നിലപാട് ഖാദി മേളകളെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്ത് നടന്നുവരുന്ന  ക്രിസ്തുമസ് - പുതുവല്‍സര മേളയ്ക്ക് കൂടി ബാധകമാക്കി പുറത്തിറക്കിയ ഉത്തരവാണ് ഖാദി സംഘങ്ങളെ ആശങ്കയിലാക്കിയത്. 

മേളകള്‍ നടക്കുമ്പോള്‍ വിലക്കിഴിവായി നല്‍കുന്ന തുക പിന്നീട് ഖാദി സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നതായിരുന്നു സര്‍ക്കാര്‍ രീതി. എന്നാല്‍, പുതിയ ഉത്തരവ് ഇറങ്ങിയതോടെ വിലക്കിഴിവായി നല്‍കിയ ലക്ഷക്കണക്കിന് തുക സര്‍ക്കാരില്‍ നിന്ന് തിരികെ കിട്ടോമോ എന്നതാണ് സംഘങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. 

ഈ വര്‍ഷം 10 ശതമാനം പ്രത്യേക റിബേറ്റ് നല്‍കാനാണ് ഖാദി ബോര്‍ഡ് തീരുമാനിച്ചിരുന്നത്. പിന്നാലെ 24 ന് വ്യവസായ വകുപ്പ് ബോര്‍ഡിനെ മറികടന്ന് ഉത്തരവിറക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ഖാദി ഉല്‍പന്നങ്ങള്‍ക്കും മേളയില്‍ പതിവ് പോലെ റിബേറ്റ് നല്‍കിയാണ് സംഘങ്ങള്‍ വിറ്റഴിച്ചത്.