പ്രായ വ്യത്യാസം അനുസരിച്ച് ഇനിമുതല്‍ പ്രീമിയം തുകയിൽ വ്യത്യാസം ഉണ്ടാകില്ല

റിയാദ്: സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഏകീകരിക്കുന്നു. ഇനിമുതൽ പ്രായ വ്യത്യാസം അനുസരിച്ചു പ്രീമിയം തുകയിൽ വ്യത്യാസം ഉണ്ടാകില്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

നിലവില്‍ പ്രായം കണക്കാക്കിയാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ പ്രീമിയം തുക നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രായപരിധിയില്ലാത്ത ഏകീകൃത ഇൻഷുറൻസ് പോളിസി ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം ജൂലൈ മുതൽ എല്ലാവർക്കും ഒരേ പ്രീമിയം തുകയായിരിക്കും ബാധകമാകുക. ഇതില്‍ സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വ്യത്യാസമില്ല.

അതേസമയം നിലവില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് ഇപ്പോള്‍ തുടരുന്ന രീതി തുടരും. പുതിയതായി ഇൻഷുറൻസ് എടുക്കുന്നവർക്കും നിലവിലുള്ള ഇൻഷുറൻസിന്‍റെ കാലാവധി അവസാനിച്ച് പുതുക്കുമ്പോഴും ഏകീകൃത വ്യവസ്ഥ പ്രാകാരമാണ് പ്രീമിയം തുക അടക്കേണ്ടിവരുക. 65 വയസ്സ് കഴിഞ്ഞവർക്ക് സാധാരണ പ്രീമിയം തുകയുടെ ഇരട്ടിത്തുകയാണ് നിലവിൽ ഈടാക്കുന്നത്. 75 വയസ്സിനു മുകളിലുള്ളവർക്കു മൂന്നിരട്ടി തുകയുമാണ് ഈടാക്കുന്നത്.