തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്കുകളുടെ ലയനം സംബന്ധിച്ച നടപടിക്രമങ്ങളുടെ ഭാഗമായി എ.ടി.എമ്മുകളും നെറ്റ് ബാങ്കിങ് സേവനവും മൊബൈല്‍ ബാങ്കിങ്ങും നാളെ ഭാഗികമായി തടസ്സപ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ഔദ്ദ്യോഗികമായി ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പഴയ എസ്.ബി.ടി ശാഖകള്‍ ഏപ്രില്‍ 24 മുതലായിരിക്കും പൂര്‍ണ്ണതോതില്‍ എസ്.ബി.ഐ ശാഖകളായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനാലാണ് എ.ടി.എമ്മുകളുടെയടക്കം പ്രവര്‍ത്തനം തടസ്സപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30വരെയായിരിക്കും പഴയ എസ്.ബി.ടി എ.ടി.എമ്മുകള്‍ക്ക് പ്രവര്‍ത്തന തടസ്സമുണ്ടാവുക. ഇതേ സമയം തന്നെ നേരത്തെ എസ്.ബി.ടി ഉപഭോക്താക്കളായിരുന്നവരുടെ ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സംവിധാനവും പ്രവര്‍ത്തിക്കില്ല. 22 മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പഴയ എസ്.ബി.ടി ഉപഭോക്താക്കള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ തെരഞ്ഞെടുക്കണമെന്നും അറിയിച്ചിട്ടുണ്ട്.