Asianet News MalayalamAsianet News Malayalam

പ്രതീക്ഷ കാത്തോ 'സാഹോ'?; റിവ്യൂ

പ്രഭാസിന്റെ താരമൂല്യത്തെ തന്നെയാണ് സംവിധായകന്‍ സുജീത് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. റിലീസിന് മുന്‍പെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ നല്‍കിയ സൂചന പോലെതന്നെ വമ്പന്‍ കാന്‍വാസില്‍ കഥ പറയുന്ന ആക്ഷന്‍ ചിത്രമാണ് സാഹോ.
 

saaho review
Author
Thiruvananthapuram, First Published Aug 30, 2019, 8:01 PM IST

പ്രഭാസിനും രാജമൗലിക്കും മാത്രമല്ല തെലുങ്ക് സിനിമയ്ക്ക് തന്നെ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു 'ബാഹുബലി'. ടോളിവുഡിന് മുന്‍പുണ്ടായിരുന്ന മാര്‍ക്കറ്റിനെ പുനര്‍നിര്‍വ്വചിച്ച ചിത്രം. ഭാഷാവ്യത്യാസങ്ങള്‍ക്കപ്പുറത്ത് പ്രഭാസിന് ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊടുത്ത ചിത്രം. ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രം എന്ന നിലയില്‍ തന്നെയാണ് 'സാഹോ' നിര്‍മ്മാതാക്കള്‍ പ്രഖ്യാപനസമയം മുതല്‍ ചിത്രം മാര്‍ക്കറ്റ് ചെയ്തത്. കെന്നി ബേറ്റ്‌സ് ഉള്‍പ്പെടെ പ്രമുഖരായ ഏഴ് ആക്ഷന്‍ കൊറിയോഗ്രഫര്‍മാര്‍ ഒന്നിക്കുന്ന ചിത്രം എന്ന പേരിലും 350 കോടി വരുന്ന ബജറ്റിന്റെ പേരിലും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ പ്രീ-റിലീസ് ഹൈപ്പുകള്‍ക്കപ്പുറം എന്താണ് 'സാഹോ'യുടെ കാഴ്ചാനുഭവം? നോക്കാം.

saaho review

പ്രഭാസിന്റെ താരമൂല്യത്തെ തന്നെയാണ് സംവിധായകന്‍ സുജീത് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. റിലീസിന് മുന്‍പെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ നല്‍കിയ സൂചന പോലെതന്നെ വമ്പന്‍ കാന്‍വാസില്‍ കഥ പറയുന്ന ആക്ഷന്‍ ചിത്രമാണ് സാഹോ. ചില ബാങ്കുകളില്‍ നടക്കുന്ന വലിയ സ്‌കെയിലിലുള്ള മോഷണങ്ങള്‍, അതന്വേഷിക്കാന്‍ വരുന്ന ഒരു അണ്ടര്‍കവര്‍ പൊലീസ് ഓഫിസര്‍, മോഷണത്തിന്റെ പിന്നിലുള്ള  ക്രിമിനല്‍ സിന്‍ഡിക്കേറ്റ്, പിന്നാലെ ആ സംഘത്തിനുള്ളില്‍ നടക്കുന്ന അധികാര വടം വലികള്‍. ആക്ഷന്‍ ത്രില്ലറുകളില്‍ പ്രതീക്ഷിക്കാവുന്ന പ്ലോട്ട് തന്നെയാണ് സാഹോയുടേതും. പ്രേക്ഷകര്‍ക്ക് മുന്‍പരിചയമുണ്ടായിരിക്കാവുന്ന ഒരു പ്ലോട്ടിനെ വലിയ കാന്‍വാസില്‍ കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. 

saaho review

അടിമുടി പ്രഭാസ് ഷോ ആണ് ചിത്രം എന്ന് പറയാം. ആരംഭിച്ച് പത്ത് മിനുട്ടിന് ശേഷം സ്‌ക്രീനിലെത്തുന്ന പ്രഭാസ് പിന്നീട് ചിത്രത്തെ ഒറ്റയ്ക്ക് ചിറകിലേറ്റുകയാണ്. ഒരു താരം എന്ന നിലയിലുള്ള തന്റെ ഗ്രേസ് മുഴുവന്‍ ഈ സ്റ്റെലിഷ് റോളില്‍ പ്രഭാസ് പുറത്തെടുക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലെ ഈ നടന്റെ അസാധാരണ പാടവം പുറത്തെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടാം പകുതിയിലെ ആക്ഷന്‍, ചെയ്‌സ് രംഗങ്ങള്‍ കൂടുതല്‍ മനോഹരമാണെന്ന് പറയാം. അതേസമയം വലിയൊരു താരനിര തന്നെ വിവിധ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. നീല്‍ നിതിന്‍ മുകേഷ്, ശ്രദ്ധ കപൂര്‍, ജാക്കി ഷ്രോഫ്, അരുണ്‍ വിജയ്, ചങ്കി പാണ്ഡേ, മന്ദിര ബേദി, മഹേഷ് മഞ്ചരേക്കര്‍, മലയാളത്തില്‍ നിന്ന് ലാല്‍ ഇങ്ങനെ നീളുന്ന അഭിനേതാക്കളുടെ നീണ്ട നിരയുണ്ട് ചിത്രത്തില്‍. ഇവരുടെയൊക്കെ താരപരിവേഷത്തെ വേണ്ടവിധം ഉപയോഗിക്കാനും സംവിധായകന്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

saaho review

ശ്രദ്ധ കപൂറിന് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ലഭിക്കുന്ന പ്രധാന്യം രണ്ടാം പകുതിയില്‍ അത്രത്തോളം ഇല്ലെന്ന് പറയാം. ഷങ്കര്‍-എഹ്‌സാന്‍-ലോയ് അടക്കമുള്ള സംഗീത സംവിധായകര്‍ ചെയ്ത പാട്ടുകള്‍ സിനിമ കണ്ടിരിക്കെ ആസ്വാദ്യകരമെങ്കിലും പിന്നീടൊരു കേള്‍വിക്ക് ക്ഷണിക്കുന്നതല്ല. അതേസമയം ജിബ്രാന്‍ നല്‍കിയ പാശ്ചാത്തല സംഗീതം നരേഷനോട് വളരെ ഇണങ്ങുന്നതാണ്. വിശേഷിച്ച് ആക്ഷന്‍ രംഗങ്ങളുടേത്.

ബഹുബലി പ്രഭാസിന് നല്‍കിയ ആക്ഷന്‍ ഹീറോ പരിവേഷം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് സാഹോ. തെലുങ്ക് ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം വലുപ്പമുള്ള കാന്‍വാസില്‍ സുജീത് ഒരുക്കിവച്ചിട്ടുണ്ട്. അത്തരം ചിത്രങ്ങളുടെ പേക്ഷകര്‍ക്കും പ്രഭാസ് ആരാധകര്‍ക്കും ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് സാഹോ.

Follow Us:
Download App:
  • android
  • ios