ദില്ലി: മിനിമം വേതന ചട്ടം ഈ വർഷം സെപ്റ്റംബറോടെ നടപ്പാക്കിയേക്കുമെന്ന് സൂചന. കുറഞ്ഞ വേതനം എല്ലാ തൊഴിലാളികളുടെയും അവകാശമാണെന്ന വ്യവസ്ഥയോ‌ടെയുളള ചട്ടം പൊതുജനാഭിപ്രായത്തിനായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചു. രാജ്യത്തെ അസംഘടിത മേഖലയിൽ അടക്കം ബാധകമാകുന്നതാണ് മിനിമം വേതന ചട്ടം. 

പൊതുജനങ്ങൾക്ക് ചട്ടത്തെ സംബന്ധിച്ച് അഭിപ്രായങ്ങൾ അറിയിക്കാം. ഓ​ഗസ്റ്റ് 20 വരെ അഭിപ്രായങ്ങൾ ഇ മെയിൽ മുഖാന്തരം പങ്കുവയ്ക്കാം. ഇവ കൂടി പരി​ഗണിച്ചാകും നിയമം നടപ്പാക്കുക. പാർലമെന്റ് നേരത്തെ ഇത് സംബന്ധിച്ച് നിയമം പാസാക്കിയിരുന്നു. 50 കോടി തൊഴിലാളികൾ ചട്ടത്തിന്റെ പരിധിയിൽ വരും. 

കുറഞ്ഞ വേതന നിയമം, ശമ്പള നിയമം, ബോണസ് നിയമം, തുല്യവേതന നിയമം എന്നിവയിലെ വകുപ്പുകളാണ് നിയമത്തിലുളളത്. തൊഴിലാളി സംഘടനകൾ, തൊഴിലുടമകൾ, സംസ്ഥാന സർക്കാർ എന്നിവർ ഉൾപ്പെടുന്ന ത്രികക്ഷി സമിതിയായിരിക്കും അടിസ്ഥാന ശമ്പള നിരക്ക് തീരുമാനിക്കുന്നത്.