മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനമായ ഫോൺപേ യൂണിഫൈഡ് പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ (യുപിഐ) ഇടപാടുകളിലെ മുന്നേറ്റം തുടരുന്നു. ജനുവരിയിൽ ഏറ്റവും കൂടുതൽ യുപിഐ ഇടപാടുകൾ നടന്നത് ഫോൺപേ വഴിയാണ്, 968.7 ദശലക്ഷം ഇടപാടുകൾ നടന്നു. 

യുപിഐ ഇടപാടുകളുടെ കാര്യത്തിൽ 2020 ഡിസംബറിനേക്കാൾ ഏഴ് ശതമാനം വർധനയാണ് കമ്പനി നേട‌ിയെടുത്തത്, മൊത്തം മൂല്യം 1.92 ട്രില്യൺ രൂപയാണ് പ്രോസസ്സ് ചെയ്തത്. ഈ മേഖലയിലെ കമ്പനിയുടെ മുഖ്യ എതിരാളി ​ഗൂ​ഗിൾ പേയാണ്.

മൊത്തം യു പി ഐ ഇടപാടുകളുടെ 42 ശതമാനത്തോളമാണ് ഫോൺ പേ പ്രോസസ്സ് ചെയ്തത്. 2021 ജനുവരിയിൽ 2.3 ബില്യൺ ആയിരുന്നു മൊത്തം യുപിഐ ഇടപാടുകൾ. മൊത്തത്തിലുള്ള പേയ്മെന്റ് മൂല്യത്തിന്റെ കാര്യത്തിൽ 44 ശതമാനവും കമ്പനിക്കാണെന്ന് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.  

ജനുവരിയിൽ 853.5 ദശലക്ഷം (37%) യുപിഐ ഇടപാടുകൾ കൈകാര്യം ചെയ്ത ഗൂഗിൾ പേ ആകെ എണ്ണത്തിൽ മുൻ മാസത്തെക്കാൾ വലിയ മാറ്റം കാണിച്ചില്ല, 2020 ഡിസംബറിൽ 855 ദശലക്ഷമായിരുന്നു ആകെ ഇടപാടുകൾ.