ദില്ലി: ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായുള്ള റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം (ആർടിജിഎസ്) ഡിസംബർ 14 തിങ്കളാഴ്ച മുതൽ 24 മണിക്കൂറും ലഭ്യമാകും. ഇതോടെ ആർടിജിഎസ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. 

വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും ആർടിജിഎസ് ലഭ്യമാകുമെന്ന് ഒക്ടോബറിൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു.

വന്‍കിട പണമടപാട് നടത്തുന്നവര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പുതിയ തീരുമാനം ഗുണകരമാകും. റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന ഈ സംവിധാനത്തിലൂടെ മിനിമം ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന തുക രണ്ടുലക്ഷം രൂപയാണ്. അതിനുമുകളില്‍ എത്ര രൂപവരെ വേണമെങ്കിലും കൈമാറാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ചില ബാങ്കുകൾ 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. 

രാജ്യത്ത് എന്‍ഇഎഫ്ടി സേവനം സൗജന്യമാണെങ്കിലും ആര്‍ടിജിഎസ് ഇടപാടിന് സേവന നിരക്ക് ഈടാക്കുന്നുണ്ട്. ഓരോ ബാങ്കുകളിലും നിരക്ക് വ്യത്യസ്തമാണ്. 24 മണിക്കൂറും ലഭിക്കുന്ന വിധം സേവനം പരിഷ്‌കരിച്ചാല്‍ വിവിധ ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 2019 ഡിസംബറിൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) സംവിധാനം 24 മണിക്കൂർ സമയത്തേക്ക് റിസർവ് ബാങ്ക് ലഭ്യമാക്കിയിരുന്നു.