കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ 2018-19 വർഷത്തിലെ ആകെ നഷ്ടം 281 കോടി രൂപയാണ്. വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. 2017-18 കാലത്ത് നഷ്ടം 167 കോടി രൂപയായിരുന്നു നഷ്ടം.  കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 117 കോടി രൂപ വര്‍ദ്ധിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു ദിവസം ശരാശരി 34,588 പേർ മെട്രോയിൽ യാത്ര ചെയ്തു. പ്രതിദിന വരുമാനം 11.24 ലക്ഷം രൂപയോളം വരും.  ഈ കാലയളവിലെ പ്രവര്‍ത്തനച്ചെലവ് 101.30 കോടി രൂപയായിരുന്നു. 2019-ല്‍ മഹാരാജാസ് മുതല്‍ തൈക്കുടം വരെ സര്‍വീസ് തുടങ്ങിയതോടെ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 80,000 ആയി ഉയര്‍ന്നു. പ്രതിദിന വരുമാനം 14.66 ലക്ഷം രൂപയായും വര്‍ദ്ധിച്ചു.

Read More: ബാങ്ക് പണിമുടക്ക്: രാജ്യത്ത് കെട്ടിക്കിടക്കുന്നത് 23,000 കോടിയുടെ ചെക്കുകൾ

ആലുവ മുതല്‍ പാലാരിവട്ടം വരെ 2017 ജൂണ്‍ 19 ലാണ് ആദ്യ മെട്രോ സര്‍വീസ് തുടങ്ങിയത്.  പ്രതിദിനം 2.75 ലക്ഷം യാത്രക്കാർ ഉണ്ടായാൽ പദ്ധതി ലാഭത്തിലാകുമെന്നാണ് വിലയിരുത്തൽ നിഗമനം. മെട്രോ പൂർണ്ണമായും നിർമ്മാണം പൂർത്തിയാകുമ്പോൾ ഈ ലക്ഷ്യം നേടാനായേക്കും. അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിൽ പലപ്പോഴായി ഒരു ലക്ഷത്തിലേറെ യാത്രക്കാർ മെട്രോ ഉപയോഗിച്ചിരുന്നു. നാൾക്കുനാൾ യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് മെട്രോ റെയിൽ ലിമിറ്റഡിന് ആത്മവിശ്വാസം നൽകുന്നുണ്ട്.