അയൽവാസികളുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിൽ കിണറ്റിൽ നിന്നും കുട്ടി പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു.
മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ഒമ്പത് വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു. നിലമ്പൂര്‍ ചുങ്കത്തറ കൈപ്പിനി കവല പാര്ട്ടിക്കുന്നിലാണ് സംഭവം. 35 റിങ്ങുകളുള്ള ആഴമേറിയ കിണറ്റില്‍ വീണിട്ടും കുട്ടി പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭര്‍ത്താവുമായി ഉണ്ടായ കടുത്ത കലഹത്തിനൊടുവിലാണ് മാതാവ് മകളെ കിണറ്റിലേക്ക് തള്ളിയിട്ടത്.
മകളോട് കിണറ്റിലെ മീന്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും പെട്ടെന്ന് കിണറ്റിലേക്ക് തള്ളുകയുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. സംഭവം നേരിട്ട് കണ്ട അയല്‍വാസികള്‍ നിമിഷങ്ങള്‍ക്കകം കിണറ്റിലേക്ക് കോണി ഇറക്കിക്കൊടുത്തു. കുട്ടി ഈ കോണിയില്‍ പിടിച്ച് കിടന്നു. തൊട്ടുപിന്നാലെ ബന്ധുവായ ഒരാള്‍ കിണറ്റിലിറങ്ങി കുട്ടിയെ ചേര്‍ത്തുപിടിച്ച് മോട്ടോര്‍ പൈപ്പില്‍ താങ്ങിനിര്‍ത്തുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് അഗ്നിരക്ഷാസേന ഉടന്‍ തന്നെ സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തക്ക സമയത്തെ ഇടപെടലിലൂടെ കുട്ടിയെയും കിണറ്റിലിറങ്ങിയ ബന്ധുവിനെയും സുരക്ഷിതമായി പുറത്തെടുത്തു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി. അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അമ്മയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ കോടതിയിൽ ഹാജരാക്കിയപ്പോൾ കോഴിക്കോട് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
