ദില്ലി: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സ്വകാര്യവൽക്കരണത്തിൽ നിന്ന് 90,000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ബിപിസിഎൽ സ്റ്റോക്ക് ട്രേഡ് ചെയ്യുന്ന മൂല്യനിർണ്ണയത്തിന്റെ ഇരട്ടിയാണിത്. 52.98 ശതമാനം ഓഹരികൾക്കായുള്ള സർക്കാരിന്റെ ടാർഗെറ്റ് വില ബിപിസിഎല്ലിന്റെ ആസ്തികളുടെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

"ബി പി സി എൽ മൂല്യനിർണ്ണയം അതിന്റെ ഓഹരി വിലയുടെ അടിസ്ഥാനത്തിൽ മാത്രമേ ചെയ്യൂ എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അത് തെറ്റാണ്. ആസ്തി മൂല്യനിർണ്ണയവും സർക്കാർ നോക്കേണ്ടതുണ്ട്. പിയർ ഗ്രൂപ്പിലെ കമ്പനികളുടെ ഓഹരി വിലയും ഇതിന് പരിശോധിക്കേണ്ടതുണ്ട്. സർക്കാരിന് കുറഞ്ഞത് 90,000 കോടി ലഭിക്കണം ," അദ്ദേഹം ലൈവ് മിന്റിനോട് പറഞ്ഞു. 

വേദാന്ത ഗ്രൂപ്പിനെ കൂടാതെ, അമേരിക്കൻ ഫണ്ടുകളായ അപ്പോളോ ഗ്ലോബൽ, ഐ സ്ക്വയർ ക്യാപിറ്റൽ എന്നിവയും ലേലത്തിനായി രംഗത്തുണ്ട്. ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപാം) വകുപ്പാണ് ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണം കൈകാര്യം ചെയ്യുന്നത്. ഡെലോയിറ്റ് ടൗച്ച് തോമാത്സു ഇന്ത്യയാണ് ഓഹരി വിൽപ്പനയുടെ ട്രാൻസാക്ഷൻ അഡ്വൈസർ.