ഇടുക്കി: ഇത്തവണത്തെ ഏലം ലേലത്തിൽ പങ്കാളികളാകാൻ കർഷകരുടെ നേതൃത്വത്തിലുള്ള കമ്പനികളും രം​ഗത്ത്. കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷക കമ്പനികൾ ലേലത്തിൽ സജീവമാകാൻ തീരുമാനിച്ചിരിക്കുന്നത്. വണ്ടൻമേട് ​ഗ്രീൻ ​ഗൾഡ് കാർഡമം പ്രൊഡ്യൂസർ കമ്പനി (വിജിസിപിസി), വണ്ടൻമേട് കാർഡമം ​ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവരാണ് ഓൺലൈൻ ലേലകമ്പനികൾ ആരംഭിച്ചത്. 

ഇന്ന് വിജിസിപിസി ഓൺലൈൻ ലേലം ആരംഭിക്കും. 25700 കിലോ ഏലമാണ് ലേലത്തിനെത്തിക്കുന്നത്. ബോഡിനായ്ക്കന്നൂർ സിപിഎ ഹാൾ, കമ്പനിയുടെ വണ്ടൻമേട്ടിലെ ഓഫീസ് എന്നിവിടങ്ങളിലാണ് ഏലം പ്രദർശിപ്പിക്കുക. കേന്ദ്രസർക്കാരിന്റെ ഫാമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ) ഓർഡിനൻസ് പ്രകാരം ആരംഭിച്ചതാണ്  ഈ ലേലക്കമ്പനികൾ. 

നിലവിലെ ലേല സംവിധാനത്തിലൂടെ കർഷകർക്ക് ലാഭം ലഭിക്കാൻ 21 ദിവസം വരെ കാത്തിരിക്കണം. എന്നാൽ പുതിയ കമ്പനി വന്നതോടെ മൂന്ന് ദിവസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ പണമെത്തും. ഡിസംബർ ആദ്യ ആഴ്ചയിലാകും ​​ഗ്രോവേഴ്സ് അസോസിയേഷൻ ലേലം ആരംഭിക്കുക.