ദില്ലി: ഗ്രാറ്റുവിറ്റിയുടെ നിബന്ധനകൾ തൊഴിലാളികൾക്ക് അനുകൂലമായ വിധത്തിൽ മയപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിൽ ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള യോഗ്യത അഞ്ച് വർഷത്തെ തുടർസേവനം എന്നതിൽ നിന്ന് ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കി ഇളവ് ചെയ്യാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുള്ള കാലാവധി ഒരു വർഷമാക്കി ചുരുക്കണമെന്ന് പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രവും ഈ തീരുമാനത്തിലേക്ക് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗ്രാറ്റുവിറ്റി കാലാവധി കുറയ്ക്കണമെന്ന് പല കോണുകളിൽ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. പ്രോ-റാറ്റ അടിസ്ഥാനത്തിലോ, ആനുപാതികമായോ തുക നൽകണമെന്നാണ് നിർദ്ദേശം. നിലവിൽ ഒരു കമ്പനിയിൽ അഞ്ച് വർഷം സേവനം നടത്തിയ ആൾക്കും, ഈ കാലാവധിക്ക് മുമ്പ് മരിച്ചുപോകുന്നവർക്കും, രോഗമോ അപകടമോ സംഭവിച്ച് ജോലി ചെയ്യാൻ സാധിക്കാത്ത ആളുകൾക്കോ ആണ് ഗ്രാറ്റുവിറ്റി നൽകുന്നത്.

അതേസമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിർണായക വിലയിരുത്തലും പാർലമെന്ററി കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായി. പുതിയ നിബന്ധന പ്രകാരം 20 ജീവനക്കാരോ അതിലധികമോ ഉണ്ടെങ്കിൽ ഇപിഎഫ്ഒ രജിസ്ട്രേഷൻ നടത്തണം. എന്നാൽ ജീവനക്കാരുടെ ഇപിഎഫ്ഒ കവറേജ് ഒഴിവാക്കാൻ തൊഴിലുടമകൾ ഇത് ഉപയോഗിക്കാനിടയുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.