ബെയ്ജിങ്: ചൈനീസ് ഭരണകൂടം ഇപ്പോൾ അരയും തലയും മുറുക്കി കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. എന്നാൽ കാര്യങ്ങൾ അത്ര പന്തിയല്ല. 72000 പേരെ ബാധിച്ച രോഗം 1800 ലേറെ പേരുടെ ജീവനെടുത്തു. ചൈനയുടെ വിപണിക്കും വൻ നഷ്ടം വരുത്തിവച്ചു. അതുപോലെത്തന്നെ, പ്രസിഡന്റ് ഷീ ജിൻപിങിന്റെ പ്രധാനപ്പെട്ടൊരു നയതന്ത്ര നീക്കത്തിനും ഇത് തിരിച്ചടിയായി.

അയൽരാജ്യങ്ങളിലേക്ക് റെയിൽവെ, പോർട്ട്, ഹൈവേകൾ എന്നിവ നീട്ടാനുള്ള ഷീ ജിൻപിങിന്റെ ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനാണ് തിരിച്ചടിയായിരിക്കുന്നത്. ഉരുക്ക് വ്യവസായ മേഖലയിൽ ഉൽപ്പാദനം നിലച്ച മട്ടാണ്. അതിനാൽ തന്നെ ബിആർഐ പദ്ധതികൾക്ക് ആവശ്യമായ വിഭവങ്ങൾ ലഭിക്കുന്നില്ല. മ്യാന്മറിലേക്ക് റോഡ് ഗതാഗതമാണ് ഷീ ജിൻപിങിന്റെ പദ്ധതി.ഇന്തോനേഷ്യയിലേക്ക് ഹൈ സ്പീഡ് റെയിൽവെയും ഇദ്ദേഹം വിഭാവനം ചെയ്ത പദ്ധതിയാണ്. ആറ് ബില്യൺ അമേരിക്കൻ ഡോളറിന്റേതാണ് ഈ പദ്ധതി. എന്നാൽ ചൈനയിലേക്ക് ലൂണാർ ന്യൂ ഇയർ ആഘോഷിക്കാൻ അവധിക്ക് പോയ തൊഴിലാളികളോട്
തത്കാലം തിരികെ വരേണ്ടെന്നാണ് ഇന്തോനേഷ്യ ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം. പദ്ധതിയുടെ പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട മാനേജർമാരടക്കമുള്ളവരാണ് കുടുങ്ങിയത്.

അതേസമയം ഇന്ത്യൻ അതിർത്തിക്ക് സമീപത്തുകൂടി നിർമ്മിക്കുന്ന ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് കൊറോണ വൈറസ് ബാധ വലിയ തിരിച്ചടിയായിട്ടില്ലെന്നാണ് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ളവരുടെ അഭാവം മറികടക്കാന്‍ ആവുമെന്നും കൊറോണ വൈറസ് ബാധ ഈ ഭാഗത്ത് വലിയ തിരിച്ചടിയല്ലെന്നുമാണ് റിപ്പോർട്ട്. എന്നാൽ ലോകത്തെ 133 രാജ്യങ്ങൾ ചൈനക്കാർക്കും ചൈനയിൽ പോയവർക്കും മേൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.