ദില്ലി: നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ചൈനീസ് ബാങ്കായ ഐസിബിസിക്ക് ഓഹരികൾ വാഗ്ദാനം ചെയ്തു. എന്നാൽ തങ്ങൾക്ക് അനുവദിച്ച ഓഹരി ഭാഗം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഇന്റസ്ട്രിയൽ ആന്റ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

റിസർവ് ബാങ്ക് നിയന്ത്രണത്തിന് കീഴിലുള്ള 131 സ്ഥാപനങ്ങളിൽ ഒന്നാണ് ഈ ചൈനീസ് ബാങ്ക്. സെപ്തംബർ 18 നാണ് ഐസിബിസി അടക്കമുള്ള 131 പുതിയ ഓഹരി ഉടമകളെ പ്രത്യേക ഭേദഗതി വഴി അംഗീകരിച്ചത്. പ്രൈവറ്റ് പ്ലേസ്മെന്റ് നടപടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നാണ് എൻപിസിഐയുടെ വിശദീകരണം.

ഐസിബിസി അടക്കമുള്ള അഞ്ച് വിദേശ ബാങ്കുകൾക്ക് അഞ്ച് ശതമാനത്തിൽ താഴെ ഓഹരികളാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഐസിബിസി മറുപടി നൽകാത്തതിനാൽ എൻപിസിഐ ഇതുവരെ ഓഹരികൾ അവർക് ഇഷ്യൂ ചെയ്തിട്ടുമില്ല. 

ചൈനീസ് ഭരണകൂടമാണ് ഐസിബിസി ബാങ്കിന്റെ ഉടമകൾ. നാല് ലക്ഷം കോടി ഡോളർ ആസ്തിയുള്ള ഈ ബാങ്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കാണ്. ഐസിബിസി ഓഹരികൾ വാങ്ങാതിരിക്കുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.