തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണങ്ങളും സാമ്പത്തിക വര്‍ഷാവസാനവും ഒപ്പം ശമ്പള പെൻഷൻ ദിനങ്ങളുമെല്ലാം ഒരുമിച്ചെത്തുമ്പോൾ ആകെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ട്രഷറി സംവിധാനങ്ങൾ. ട്രഷറികളിലെ തിരക്ക് ഒഴിവാക്കാൻ ശമ്പളം പെൻഷൻ വിതരണത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവൃത്തി സമയത്തിൽ ഓരോ ട്രഷറിയിൽ നിന്നും അക്കൗണ്ട് നമ്പറ്‍ അവസാനിക്കുന്ന അക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഒരുക്കാൻ ഉദ്ദേശിക്കുന്നത്.  ട്രഷറിയിലെത്താൻ കഴിയാത്തവര്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഒപ്പിട്ട ചെക്കിനൊപ്പം നൽകിയാൽ പണം ആ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും സംവിധാനം ഉണ്ട്. 

സംസ്ഥാനത്തെ 223 ട്രഷറികളിലേയും ടെല്ലര്‍ കൗണ്ടറുകൾ എണ്ണം കൂട്ടും. സര്‍ക്കാരിന്‍റെ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെല്ലാം വച്ച് കുറഞ്ഞ ജീവനക്കാരെ വച്ച് പരമാവധി പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് നിര്‍ദ്ദേശം. ആവശ്യമെങ്കിൽ ജില്ലാ ട്രഷറികളുടെ പരിധിക്കകത്ത് ജീവനക്കാരെ താൽക്കാലികമായി പുനര്‍വിന്യസിക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങൾക്കും അനുമതി ഉണ്ടാകും. 

കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് മുപ്പത്തിഒന്ന് വരെ ജില്ലാ ട്രഷറി മാത്രമെ പ്രവര്‍ത്തിക്കു. ശമ്പളം പെൻഷൻ വിതരണത്തിനായി അടുത്തമാസം എല്ലാ ട്രഷറികളും തുറക്കാനും നിര്‍ദ്ദേശമുണ്ട്. 

പെൻഷൻ വാങ്ങാനെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്രമീകരണം ഇങ്ങനെയാണ്: 

  • ഏപ്രിൽ 3: അക്കൗണ്ട് നമ്പര്‍ രണ്ടിലും മൂന്നിലും അവസാനിക്കുന്നവര്‍
  • ഏപ്രിൽ 4: അക്കൗണ്ട് നമ്പര്‍ നാലിലും അഞ്ചിലും അവസാനിക്കുന്നവര്‍ 
  • ഏപ്രിൽ 6: അക്കൗണ്ട് നമ്പര്‍ ആറിലും ഏഴിലും അവസാനിക്കുന്നവര്‍
  • ഏപ്രിൽ 7: അക്കൗണ്ട് നമ്പര്‍ എട്ടിലും ഒന്പതിലും അവസാനിക്കുന്നവര്‍