ദില്ലി: ജർമ്മൻ ആസ്ഥാനമായ വോൺ വെൽക്സ് ചൈനയിലെ ഉൽപ്പാദന പ്ലാന്റ് അടച്ച് ഇന്ത്യയിലേക്ക് ചേക്കേറുന്നു. മൂന്ന് ദശലക്ഷം ജോഡി ചെരുപ്പുകൾ വർഷം തോറും ഉൽപ്പാദിപ്പിച്ചിരുന്ന പ്ലാന്റാണ് അടയ്ക്കുന്നത്. 100 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം ഉത്തർപ്രദേശിൽ പ്ലാന്റ് ആരംഭിക്കാൻ നിക്ഷേപിക്കും. 

കമ്പനിയുടെ ഇന്ത്യയിലെ ലൈസൻസിയായ ലാട്രിക് ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാന സർക്കാരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി.

ചൈനയിൽ കമ്പനിക്ക് രണ്ട് പ്ലാന്റുകളാണ് ഉണ്ടായിരുന്നത്. ലാട്രിക് ഇന്റസ്ട്രീസിന്റെ പങ്കാളിത്തതോടെയാവും ഇന്ത്യയിലെ പ്രവർത്തനം. ലാട്രിക്സിന് നിലവിൽ അഞ്ച് ലക്ഷം ജോഡി നിർമ്മാണ ശേഷിയുള്ള പ്ലാന്റുകളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ 30 ദശലക്ഷം ജോഡി നിർമ്മാണ ശേഷിയുള്ള പ്ലാന്റുകൾ ആരംഭിക്കും. രണ്ട് വർഷത്തിനുള്ളിൽ ഉൽപ്പാദന ശേഷിയിൽ ഈ ലക്ഷ്യത്തിലെത്തുമെന്നാണ് ലാട്രിക്സ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ചെലവ് 110 കോടിയാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ചെരുപ്പ് നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ചെടുക്കും. നിലവിൽ ഇതൊന്നും ഇന്ത്യയിൽ ലഭ്യമല്ലെന്നും കമ്പനി അധികൃതർ വിശദീകരിച്ചു.