കൊച്ചി: കൃത്യതയുടെ കാര്യത്തില്‍ ഗോ എയറിന് 10 -ാം തവണയും റെക്കോര്‍ഡ്. ഓണ്‍ ടൈം പെര്‍ഫോമന്‍സിന്‍റെ (ഒടിപി) കാര്യത്തിലാണ് ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, വിസ്താര എന്നിവയെ പിന്തെള്ളി ഗോ എയര്‍ ഒന്നാം സ്ഥാനം കൈവരിച്ചത്. ഷെഡ്യൂള്‍ഡ് ആഭ്യന്തര എയര്‍ലൈനുകളിലാണ് ഈ നേട്ടം. 

നടപ്പ് വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുളള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഗോ എയറിന്‍റെ ഈ മുന്നേറ്റം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ (ഡിജിസിഎ) കണക്കുകള്‍ പ്രകാരമാണിത്. പ്രതിദിനം 285 സര്‍വീസുകള്‍ നടത്തുന്ന ഗോ എയറിന്‍റെ ഒടിപി 86.8 ശതമാനമാണ്. ഇന്‍ഡിഗോയുടേത് 83.5 ശതമാനവും സ്പൈസ് ജെറ്റിന്‍റേത് 75.2 ശതമാനവുമാണ് ഒടിപി. എയര്‍ ഏഷ്യയ്ക്ക് 85.1 ശതമാനം, വിസ്താരയ്ക്ക് 82.3 ശതമാനം എയര്‍ ഇന്ത്യ 61 ശതമാനം എന്നിങ്ങനെയാണ് മറ്റ് വിമാനക്കമ്പനികളുടെ ഒടിപി. 

ജൂണ്‍ മാസം ഗോ എയറില്‍ പറന്നത് 13.3 ലക്ഷം യാത്രികരായിരുന്നു. മെയ് മാസത്തില്‍ ഇത് 13 ലക്ഷമായിരുന്നു.