ദില്ലി: അഞ്ച് രൂപയ്ക്ക് കാപ്പിയും രണ്ട് രൂപയ്ക്ക് ചപ്പാത്തിയും 65 രൂപയ്ക്ക് ബിരിയാണിയും കിട്ടിയിരുന്ന ആ കാലം ഇനിയില്ല. പാർലമെന്‍റിലെ നാല് കാന്‍റീനുകളിലും വിപണി വില ഏർപ്പെടുത്താനും സബ്സിഡി നൽകുന്നത് അവസാനിപ്പിക്കാനും എംപിമാർ സമ്മതിച്ചു.  രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്ന സമയത്താണ് 80 ശതമാനം വരെ വിലക്കുറവിൽ ഭക്ഷണം നൽകിയിരുന്ന കാന്‍റീൻ ഇളവ് അവസാനിപ്പിക്കുന്നതെന്ന് പ്രസക്തം. പാര്‍ലമെന്‍റ് കാന്‍റീന്‍ സബ്സിഡിക്കായി വർഷം ചെലവാക്കിയിരുന്ന 17 കോടി രൂപ ഇനി കേന്ദ്രസർക്കാരിന് ലാഭിക്കാം.

പാർലമെന്‍റ് കാന്‍റീന്‍ നടത്തിപ്പ് ചുമതല റെയിൽവേക്കായിരുന്നു. എന്നാൽ ജീവനക്കാർക്കുള്ള വേതനം നൽകുന്നത് പാർലമെന്‍റാണ്. കാന്‍റീൻ സബ്സിഡി ഒഴിവാക്കി പകരം പുറംകരാർ നൽകുമെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ ജീവനക്കാരെ അവരുടെ മാതൃ സ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കും. പാർലമെന്‍റ് കെട്ടിടത്തിന്‍റെ ശുചീകരണത്തിനുള്ള കരാർ ഇപ്പോൾ സ്വകാര്യസ്ഥാപനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.

എംപിമാർ കാന്‍റീനിൽ ഭക്ഷണം കഴിക്കുന്നത് കുറവാണ്. പാർലമെന്‍റ് ജീവനക്കാരാണ് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവരിൽ കൂടുതൽ. അതേസമയം, പാർലമെന്‍റിലെ സെന്‍റർ ഹാളിലേക്ക് എംപിമാർ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാറുണ്ട്. കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത്.