ദില്ലി: ഫാക്കൽറ്റി മാനേജ്മെന്റ് സ്റ്റഡീസ് ദില്ലിയിലെ വിദ്യാർത്ഥിക്ക് ക്യാംപസ് പ്ലേസ്മെന്റിൽ വമ്പൻ ഓഫർ. 58.6 ലക്ഷം രൂപയാണ് ഓഫർ. ഈ ക്യാംപസിലെ എംബിഎ വിദ്യാർത്ഥികൾക്ക് ശരാശരി 25.6 ലക്ഷം രൂപയാണ് വേതന വാഗ്‌ദാനം
ലഭിച്ചിരിക്കുന്നത്.

ശരാശരി വേതന  വാഗ്‌ദാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധിച്ചു. കഴിഞ്ഞ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ശരാശരി 23.4 ലക്ഷം രൂപയുടെ ഓഫറായിരുന്നു ലഭിച്ചത്. എന്നാൽ കഴിഞ്ഞ ബാച്ചിൽ ഏറ്റവും ഉയർന്ന ഓഫർ 31ലക്ഷം വാർഷിക വേതനമായിരുന്നു.

ആദ്യമായി ഇത്തവണ 75 ശതമാനം വിദ്യാർത്ഥികൾക്കും 20 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വേതനം വാഗ്‌ദാനം ലഭിച്ചു. വിദ്യാർത്ഥിനികൾക്ക് ലഭിച്ച ശരാശരി വേതന വാഗ്‌ദാനം 26.2 ലക്ഷം രൂപയാണ്.

വിദ്യാർത്ഥികളിൽ 33 ശതമാനം പേർക്കും കൺസൾട്ടിംഗ്, സ്ട്രാറ്റജി, ജനറൽ മാനേജ്മെന്റ് വിഭാഗത്തിലാണ് ജോലി ലഭിച്ചത്. എബിജി, ആക്സൻചർ സ്ട്രാറ്റജി, എയർടെൽ, ബെയിൻ ആന്റ് കമ്പനി, ഷവോമി തുടങ്ങിയവയാണ് പ്ലേസ്മെന്റിൽ പങ്കെടുത്ത പ്രധാന കമ്പനികൾ.