തിരുവനന്തപുരം: ഭാഗികമായി സംസ്‍കരിച്ച കശുവണ്ടി പരിപ്പ് ഇറക്കുമതി ചെയ്യാനുള്ള അനുമതി കേന്ദ്ര സർക്കാർ പിൻവലിച്ചത് കശുവണ്ടി വ്യവസായത്തിന് ആശ്വാസമാകുമെന്ന് വ്യവസായികള്‍. സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന വ്യവസായികള്‍ക്ക് ഉത്തരവ് പിൻവലിച്ചത് സഹായമാകുമെന്നും  വ്യവസായികള്‍ പറയുന്നു. ഭാഗികമായി സംസ്കരിച്ച കശുവണ്ടി പരിപ്പ് ഇറക്കുമതി നടത്താന്‍ 2018ല്‍ കേന്ദ്രസർക്കാർ അനുമതി നല്‍കിയിരുന്നു.

ഇതിന്‍റെ  അടിസ്ഥാനത്തില്‍ 500 കോടി രൂപയുടെ വിദേശ കശുവണ്ടി പരിപ്പ് വിപണിയില്‍ എത്തിയെന്ന്  കാഷ്യൂ എക്സ്പോർട്ടേഴ്സ് പ്രമോഷൻ കൗൺസില്‍ പറയുന്നു.  ഭാഗികമായി സംസ്കരിച്ച വിദേശ കശുവണ്ടി പരിപ്പ് പൂർണമായും സംസ്കരിച്ച് കയറ്റുമതിനടത്താനുള്ള അനുമതിയുടെ മറവിലാണ്  അഭ്യന്തര വിപണിയില്‍ വില്‍പ്പന നടത്തിയത്. ഇത് കശുവണ്ടി വ്യസായ മേഖലയെ കാര്യമായി ബാധിച്ചു. 

കശുവണ്ടി പരിപ്പിന്‍റെ വില കുറയാൻ കാരണമായന്നും വ്യവസായികള്‍ പറയുന്നു.  കശുവണ്ടി പരിപ്പിന്‍റെ ഇറക്കുമതി നിർത്തലാക്കുന്നതോടെ  പ്രതിസന്ധിയിലായിരുന്ന ഫാക്ടറി ഉടമകള്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇറക്കുമതി നിർത്തിയതോടെ രണ്ട് ദിവസത്തിനുള്ളില്‍ വിപണിയില്‍ മാറ്റം കണ്ടുതുടങ്ങി. കശുവണ്ടി പരിപ്പിന് വില ഉയരാനുള്ള സാധ്യതയും തള്ളി കളയുന്നില്ല. മറ്റ് രാജ്യങ്ങളില്‍ വില്‍ക്കാൻ കഴിയാത്ത  പൊടിപരിപ്പ്  കാലിതിറ്റ എന്നപേരില്‍ കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നുവെന്നും വ്യവസായികള്‍ ആരോപിക്കുന്നു.