മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‌റെ മൂന്നാം പാദത്തില്‍ വന്‍ ഇടിവ് നേരിട്ടത് നിര്‍മ്മാണ മേഖലയ്ക്ക്. 0.3 ശതമാനത്തിന്‌റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഒന്നാം പാദത്തില്‍ 5.5 ശതമാനം വളര്‍ച്ച നേടിയ മേഖല രണ്ടാം പാദത്തില്‍ 2.9 ശതമാനമാണ് വളര്‍ച്ച നേടിയത്.

കാര്‍ഷിക മേഖലയില്‍ സ്ഥിരതയോടെയുള്ള മുന്നേറ്റം പ്രകടമായിട്ടുണ്ട്. മൂന്നാം പാദത്തില്‍ 3.5 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2.8 ശതമാനം, 3.1 ശതമാനം എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് പാദങ്ങളിലെ വളര്‍ച്ച. മാനുഫാക്ചറിങ് രംഗത്ത് -0.2 ശതമാനമാണ് മൂന്നാം പാദത്തിലെ വളര്‍ച്ച. സേവന മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിവുണ്ടായി. 6.2 ശതമാനമാണ് ഡിസംബറില്‍ അവസാനിച്ച പാദത്തിലെ വളര്‍ച്ച. രണ്ടാം പാദത്തെ അപേക്ഷിച്ച് സര്‍ക്കാര്‍ ചിലവഴിച്ച തുകയില്‍ ഇടിവുണ്ടായി. 10.1 ശതമാനത്തില്‍ നിന്ന് 9.7 ശതമാനമായാണ് സര്‍ക്കാര്‍ ചിലവഴിച്ച തുക ഇടിഞ്ഞത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 5.6 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്. ഇത്തവണ ഇത് 4.7 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. നേരിയ മുന്നേറ്റം നേടാനായത് ഇന്ത്യന്‍ വിപണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.6% ആയി ഉയര്‍ത്തും എന്നാണ് ധനമന്ത്രാലയം അവകാശപ്പെട്ടത്.