ദില്ലി: സുതാര്യമായ വ്യാപാര രീതികളിലും എല്ലാ രാജ്യങ്ങളോടും തുല്യമായി പെരുമാറുന്നതിലുമാണ് ഇന്ത്യ ശ്രദ്ധിക്കുന്നതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ​ഗോയൽ. മലേഷ്യയിൽ നിന്നോ തുർക്കിയിൽ നിന്നോ ഇറക്കുമതി ചെയ്യുന്നതിന് രാജ്യം ഒരു തടസ്സവും ഏർപ്പെടുത്തിയിട്ടില്ലെന്നും വാണിജ്യമന്ത്രി പറഞ്ഞു. വർഷം തോറും ദില്ലിയിൽ നടക്കാറുളള നടക്കുന്ന റെയ്‌സീന ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീർ സംബന്ധിച്ച മോദി സർക്കാരിന്റെ തീരുമാനങ്ങളെ വിമർശിച്ച മലേഷ്യയിൽ നിന്നോ തുർക്കിയിൽ നിന്നോ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ചടങ്ങിൽ പാനൽ ചർച്ചയ്ക്കിടെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അവ എല്ലാ രാജ്യങ്ങൾക്കും തുല്യമായി ബാധകമാണെന്നും, ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമെൻക്ലേച്ചർ (എച്ച്എസ്എൻ) കോഡുകൾ അനുസരിച്ച് ഇറക്കുമതി നടത്താനുളള സർക്കാരിന്റെ പദ്ധതിയും മന്ത്രി വിശദീകരിച്ചു.

എച്ച്എസ്എൻ കോഡിന് കീഴിലുള്ള ഇറക്കുമതികളുടെ ശരിയായ വർഗ്ഗീകരണം കൂടുതൽ സുതാര്യതയിലേക്കും ന്യായമായ വ്യാപാര രീതികൾ സ്ഥാപിക്കുന്നതിലേക്കും നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എച്ച്എസ്എൻ കോഡുകളില്ലാതെ ഇന്ത്യ ഇറക്കുമതി അനുവദിക്കില്ലെന്ന് ബുധനാഴ്ച ഒരു പരിപാടിയിൽ മന്ത്രി പറഞ്ഞിരുന്നു. 

വാണിജ്യ ഭാഷയിൽ, ചരക്കുകളുടെ ചിട്ടയായ വർഗ്ഗീകരണത്തിനുള്ള ഒരു അന്താരാഷ്ട്ര സംവിധാനമാണ് എച്ച്എസ്എൻ കോഡുകൾ.