Asianet News MalayalamAsianet News Malayalam

പണമിടപാടുകൾ ഓൺലൈൻ വഴിയാണോ? തട്ടിപ്പിൽ നിന്നും രക്ഷപെടാൻ ഈ 7 മാര്‍ഗങ്ങള്‍ അറിയാം

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുകയാണ്. എങ്ങനെ ഇതിൽ നിന്നും രക്ഷപ്പെടാം. തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 

know these 7 ways to avoid online scams
Author
First Published Dec 15, 2022, 2:54 PM IST

ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഡിജിറ്റല്‍വത്കരണം അതിവേഗത്തില്‍ പ്രസരിക്കുകയാണ്. ഓണ്‍ലൈന്‍ പണമിടപാടുകളും സാര്‍വത്രികമായി കഴിഞ്ഞു. എന്നാല്‍ മറുവശത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണെന്നതാണ് ദുഃഖസത്യം. പക്ഷേ, ജാഗ്രത പാലിച്ചാല്‍ ഇത്തരം ചതിക്കുഴികളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. സൈബര്‍ തട്ടിപ്പില്‍ നിന്നും രക്ഷപെടാനുള്ള 7 മാര്‍ഗങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.

1. സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കുക- കംപ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊക്കെ ഉപയോഗിക്കുന്ന സെക്യൂരിറ്റീ സോഫ്റ്റ്‌വെയറുകള്‍ നവീനവും മുറപ്രകാരം പരിഷ്‌കരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. സെക്യൂരിറ്റീ സോഫ്റ്റ്‌വെയറുകളുടെ ഏറ്റവും നവീന പതിപ്പ് ഉപയോഗിക്കുന്നതിലൂടെ വൈറസ്, മാല്‍വെയര്‍, മറ്റ് ഓണ്‍ലൈന്‍ സുരക്ഷാഭീഷണികളേയും ഒരു പരിധി വരെ തടയാനാകും.

2. കംപ്യൂട്ടറുകള്‍ ആവശ്യമില്ലാത്ത അവസരങ്ങളിലും ഉപയോഗിക്കാത്ത സന്ദര്‍ഭങ്ങളിലും ലോക്ക് ചെയ്യുകയോ ലോഗ് ഓഫ് ചെയ്യുകയോ വേണം. ഇതിലൂടെ മറ്റൊരാള്‍ക്ക് നിങ്ങളുടെ കംപ്യൂട്ടറിലെ പ്രധാനപ്പെട്ട വിവരങ്ങളിലേക്കുള്ള പ്രവേശനത്തിന് തടയിടാനാകും.

3. ആവശ്യമില്ലാത്ത അവസരങ്ങളില്‍ കംപ്യൂട്ടറിലേക്ക് നല്‍കിയിരിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുക. എല്ലായ്‌പ്പോഴും ഇന്റര്‍നെറ്റിലേക്ക് കംപ്യൂട്ടര്‍ ബന്ധപ്പെടുത്തിയിട്ടിരുന്നാല്‍ ഹാക്കര്‍മാരുടേയും വൈറസ് ആക്രമണങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യം ഉരുത്തിരിയാം.

4. കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ് എന്നിങ്ങനെ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നല്‍കിയിട്ടുള്ള സെക്യൂരിറ്റീ സെറ്റിങ്ങ്‌സിലെ പ്രത്യേക സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക. പിന്‍ നമ്പറും പാസ്‌വേര്‍ഡും പോലെയുള്ള ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ഉപകരണങ്ങളിലേക്കുള്ള പ്രവേശനം വിലക്കാന്‍ കഴിയും.

5. പരമാവധി കുറച്ചു വ്യക്തിഗത വിവരങ്ങള്‍ മാത്രം ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും പങ്കുവെയ്ക്കാന്‍ ശ്രദ്ധിക്കുക. ജനനത്തീയതി, താമസിക്കുന്ന നഗരം ഉള്‍പ്പെടെ എല്ലാവിധ വ്യക്തിഗത വിവരങ്ങളും നല്‍കിയാല്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് വേഗത്തില്‍ നിങ്ങളുടെ 'ഐഡന്റിറ്റി' തട്ടിപ്പുകള്‍ക്കായി ഉപയോഗപ്പെടുത്താനാകുമെന്ന് ശ്രദ്ധിക്കുക.

6. പൊതുയിടത്തില്‍ ലഭ്യമായ വൈ-ഫൈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണം. ഹാക്കര്‍മാര്‍ക്ക് നിഷ്പ്രയാസം പൊതു വൈ-ഫൈ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ സാധിക്കുകയും കണക്ട് ചെയ്യപ്പെട്ട എല്ലാവരുടേയും പാസ്‌വേര്‍ഡുകളും അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനും കഴിയുമെന്ന് ഓര്‍ക്കുക.

7. സംശയം തോന്നിയാല്‍ ക്ലിക്ക് ചെയ്യരുത്- ഓണ്‍ലൈന്‍ പരസ്യം, ട്വീറ്റുകള്‍, ഫെസ്ബുക്ക് പോസ്റ്റുകള്‍, ഇ-മെയില്‍ എന്നിവയിലൂടെ ചതിയില്‍പ്പെടുത്താന്‍ സൈബര്‍ തട്ടിപ്പുകാര്‍ ശ്രമിക്കും. അതിനാല്‍ സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ, ഡിലീറ്റ് ചെയ്യുക. വളരെ വേഗത്തില്‍ പ്രതികരിക്കണം എന്ന മട്ടില്‍ നിര്‍ബന്ധിക്കുന്ന എല്ലാത്തരം സന്ദേശങ്ങളേയും ജാഗ്രതാപൂര്‍വം സമീപിക്കുക.
 

Follow Us:
Download App:
  • android
  • ios