Asianet News MalayalamAsianet News Malayalam

ബജറ്റിലെ നികുതി നിര്‍ദേശം നിലവില്‍ വന്നു: പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍വര്‍ധന

കൊച്ചിയിൽ പെട്രോളിന് 74.80 രൂപയും, ഡീസലിന് 70.31രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 22 പൈസയും ഡീസലിന് 71 രൂപ 64 പൈസയുമായപ്പോൾ കോഴിക്കോട്ട് 75 രൂപ 9 പൈസയും ഡീസലിന് 70 രൂപ 31 പൈസയുമാണ് ഇന്നത്തെ വില.

petrol diesel price increases
Author
Kochi, First Published Jul 6, 2019, 11:02 AM IST

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ പെട്രോളിനും ‍ഡീസലിനും വില വർധിച്ചു. രണ്ട് രൂപ കേന്ദ്ര എക്സൈസ് തീരുവയ്ക്ക് അനുപാതികമായി സംസ്ഥാന സർക്കാരും എക്സൈസ് തീരുവ ഏർപ്പെടുത്തിയതോടെ കേരളത്തിൽ പെട്രോളിന് രണ്ട് രൂപ അമ്പത് പൈസയും, ഡീസലിന് രണ്ട് രൂപ 47  പൈസയുമാണ് വർധിച്ചത്.

ഇന്ധന എക്സൈസ് തീരുവയിലും, റോഡ് സെസ് ഇനത്തിലും ഓരോ രൂപയുടെ വർധനയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെയാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടിയത്. അടിസ്ഥാന വിലയും കേന്ദ്ര തീരുവയും ചേർന്നുള്ള ആകെ വിലയ്ക്ക് മുകളിൽ സംസ്ഥാന വിൽപന നികുതി കൂടി ചുമത്തുന്നതോടെ കേരളത്തിൽ പെട്രോളിന് രണ്ട് രൂപ അമ്പത് പൈസയും ഡീസലിന് രണ്ട് രൂപ നാൽപ്പത്തിയേഴ് പൈസയും വർധിച്ചു. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.

കൊച്ചിയിൽ പെട്രോളിന് 74.80 രൂപയും, ഡീസലിന് 70.31രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 22 പൈസയും ഡീസലിന് 71 രൂപ 64 പൈസയുമായപ്പോൾ കോഴിക്കോട്ട് 75 രൂപ 9 പൈസയും ഡീസലിന് 70 രൂപ 31 പൈസയുമാണ് ഇന്നത്തെ വില.

നിലവിൽ പെട്രോളിന് മേൽ ലിറ്ററിന് 17രൂപ 98 പൈസയാണ് എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത്. (2 രൂപ് 98 പൈസ അടിസ്ഥാന എക്സൈസ് തീരുവയായും, 7 രൂപ അധിക എക്സൈസ് തീരുവയായും 8 രൂപ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ തീരുവയായും ഈടാകുന്നു).

ഡീസൽ ലിറ്ററിന് 13 രൂപ 83 പൈയാണ് എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത് ( 4 രൂപ 83 പൈസ അടിസ്ഥാന എക്സൈസ് തീരുവയായും, 1 രൂപ അധിക എക്സൈസ് തീരുവയായും ഇതിന് പുറമേ 8 രൂപ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ തീരുവയായും ഈടാകുന്നു).

രാജ്യത്ത് ചെന്നൈയിലാണ് എറ്റവും വലിയ വില വർധന നിലവിൽ വന്നിരിക്കുന്നത്. പെട്രോളിന് 2 രൂപ 57 പൈസയും ഡീസലിന് 2 രൂപ 52 പൈസയുമാണ് ചെന്നൈയിൽ വർധിച്ചത്.
 

Follow Us:
Download App:
  • android
  • ios