ദില്ലി: ഇന്ത്യൻ റെയിൽവേ പത്ത് വർഷത്തെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്. 2017-18 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ പ്രവർത്തനം വളരെ മോശമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തിങ്കളാഴ്ച പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2017-18 കാലത്ത് 100 രൂപ നേടാൻ 98.44 രൂപ റെയിൽവേ ചിലവഴിച്ചെന്നാണ് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരിക്കുന്നത്. പത്ത് വർഷത്തെ ഏറ്റവും മോശം പ്രവർത്തന ഫലമാണിതെന്നും റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നു. എൻടിപിസിയുടെയും ഇന്ത്യൻ റെയിൽവേയുടെ നിർമ്മാണ കമ്പനിയുടെ അഡ്വാൻസും കൂടി ഇല്ലായിരുന്നുവെങ്കിൽ 1665.61 കോടിയുടെ മിച്ച വരുമാനത്തിന് പകരം 5676.29 കോടിയുടെ നഷ്ടത്തിൽ എത്തിയേനെയെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

പാസഞ്ചർ സേവനത്തിലും കോച്ചിംഗ് സേവനത്തിലും വന്ന നഷ്ടം നികത്താൻ ചരക്ക് ഗതാഗതത്തിലൂടെയുള്ള 95 ശതമാനം ലാഭം ചിലവഴിച്ചു. 2016-17 കാലത്ത് 4913 കോടിയുടെ മിച്ച വരുമാനമാണ് ഉണ്ടായിരുന്നത്. ഒറ്റ വർഷം കൊണ്ട് 66.10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.